റിലയന്‍സ്- അരാംകോ സഖ്യം എന്തുകൊണ്ട് ഉപേക്ഷിച്ചു

സൗദി അറേബ്യയിലെ എണ്ണക്കുത്തകയായ അരാംകോയുമായുളള സഖ്യനീക്കം റിലയന്‍സ് ഇന്‍ഡസ്ട്രീസ് അവസാനിപ്പിച്ചു. ഭാവിയില്‍ ഇരുവരും സഹകരിക്കാനുള്ള ഉണ്ടാക്കാനുള്ള സാധ്യത ശേഷിപ്പിച്ചു കൊണ്ടാണ് പിരിയല്‍. 2019 സെപ്റ്റംബറിലാണ് ഇരു കമ്പനികളും തമ്മില്‍ സഹകരിക്കാന്‍ ധാരണയിലെത്തിയത്.

ക്രൂഡ് ഓയിലും അതിന്റെ സംസ്‌കരണവും പെട്രോകെമിക്കലുകളും ഉള്‍പ്പെട്ട ഒടുസി (O2C) ബിസിനസ് വേര്‍പെടുത്തി അതില്‍ അരാംകോയ്ക്ക് 20 ശതമാനം ഓഹരി നല്‍കാനായിരുന്നു റിലയന്‍സിന്റെ പദ്ധതി. 1500 കോടി ഡോളര്‍ ഇതിനായി അരാംകോ നല്‍കാന്‍ ഉദ്ദേശിച്ചിരുന്നു. അതാണു വേണ്ടെന്നു വച്ചത്. ഒടുസി വേര്‍പെടുത്താന്‍ കമ്പനി നിയമ ബോര്‍ഡിനു നല്‍കിയ അപേക്ഷ റിലയന്‍സ് പിന്‍വലിച്ചു. കഴിഞ്ഞ ഒക്ടോബറില്‍ അരാംകോ ചെയര്‍മാന്‍ യാസിര്‍ അല്‍- റുമയ്യാനെ റിലയന്‍സ് ബോര്‍ഡില്‍ സ്വതന്ത്ര ഡയറക്ടറായി നിയമിച്ചിരുന്നു.
റിലയന്‍സ് സൗരോര്‍ജമടക്കം പുനരുപയോഗക്ഷമമായ ഊര്‍ജ സ്രോതസുകളിലേക്കു നീങ്ങുന്ന സാഹചര്യത്തിലാണ് ഈ പിന്മാറ്റം. കൊവിഡിനെ തുടര്‍ന്ന് അരാംകോ നടത്താനിരുന്ന നിക്ഷേപം മുടങ്ങിയിരുന്നു. ക്രൂഡ് ഓയില്‍ വിലയില്‍ കൊവിഡ് കാലത്ത് ഉണ്ടായ ഇടിവ് ഓഹരികള്‍ വാങ്ങാനുള്ള അരാംകോയുടെ ശേഷിയെ ബാധിച്ചെന്ന് വിലയിരുത്തുന്നവരും ഉണ്ട്.
കൂടാതെ ഇരുകമ്പനികളും കാര്‍ബണ്‍ നിര്‍ഗമനം കുറയ്ക്കാനുള്ള പദ്ധതികളുമായി മുന്നോട്ടു പോവുകയാണ്. 2030 ഓടെ നെറ്റ് കാര്‍ബണ്‍ സീറോ ആക്കുകയാണ് റിലയന്‍സിന്റെ ലക്ഷ്യം. 2050 ഓടെ ഈ നേട്ടത്തിലേക്ക് എത്താനുള്ള തയ്യാറെടുപ്പിലാണ് അരാംകോ. ഇരു സ്ഥാപനങ്ങളും ഹരിത ഊര്‍ജ്ജ മേഖലയിലേക്കുള്ള മാറ്റത്തിന് തയ്യാറെടുക്കുകയാണ്.
ഓഹരിവില എങ്ങോട്ട്?
സഖ്യത്തില്‍ നിന്നുള്ള പിന്മാറ്റം റിലയന്‍സ് ഓഹരിവില ഇടിയാന്‍ കാരണമായി. നിലവില്‍ ( 11.10 am) 3.37 ശതമാനം ഇടിഞ്ഞ് 2390 രുപയിലാണ് വ്യാപാരം. സഖ്യം ഉപേക്ഷിക്കുന്നത് റിലയന്‍സിന്റെ വികസന പരിപാടികള്‍ക്കു ക്ഷീണമാകുമെന്ന പ്രതികരണമാണ് ആദ്യം ഉണ്ടാവുക. എന്തോ കുഴപ്പം ഉണ്ടെന്ന ചിന്തയും വരും. പക്ഷേ അതില്‍ അത്ര കാര്യമില്ലെന്നാണു പരിചയസമ്പന്നരായ നിരീക്ഷകര്‍ പറയുന്നത്.
പുതിയ ഊര്‍ജ സങ്കേതങ്ങളിലേക്ക്
ഓയില്‍ ടു കെമിക്കല്‍ ബിസിനസ് വേറേ കമ്പനിയാക്കി അതില്‍ 1500 കോടി ഡോളര്‍ നിക്ഷേപം വരാനായി 20 ശതമാനം ഓഹരി വില്‍ക്കേണ്ട ആവശ്യം 2019-ല്‍ ആണു കണക്കാക്കിയത്.അതിനു ശേഷം ജിയോ പ്ലാറ്റ്‌ഫോംസിലും റീട്ടെയിലിലും ഓഹരി വിറ്റും റിലയന്‍സ് അവകാശ ഓഹരി വിറ്റും 3600 കോടി ഡോളര്‍ സമാഹരിച്ചു. കമ്പനി അറ്റ കടബാധ്യത ഇല്ലാത്തതുമായി. ജിയോയും റീട്ടെയിലും താമസിയാതെ ലിസ്റ്റ് ചെയ്യുന്നുമുണ്ട്. ആ നിലയ്ക്ക് അരാംകാേയുടെ പണം ഇപ്പോള്‍ വേണ്ട.
റിലയന്‍സ് സൗരോര്‍ജം, ഫ്യൂവല്‍ സെല്‍ തുടങ്ങിയവ ഉപയോഗിച്ചുള്ള കാര്‍ബണ്‍ മുക്ത ഊര്‍ജ മേഖലയിലേക്കു കടക്കുകയാണ്. ഈ മേഖലയില്‍ 1000 കോടി ഡോളറിന്റെ നിക്ഷേപത്തിനു ക്രമീകരണമായി. 10 ഗിഗാവാട്ട് ശേഷിയുള്ള ഒരു ഫോട്ടോ വോള്‍ട്ടായിക് മൊഡ്യൂള്‍ ഫാക്ടറിയുടെ നിര്‍മാണം ജാംനഗറില്‍ തുടങ്ങിക്കഴിഞ്ഞു. വമ്പന്‍ സ്റ്റോറേജ് ബാറ്ററികളുടെ നിര്‍മാണത്തിനു വേണ്ട സാങ്കേതിക വിദ്യ റിലയന്‍സ് വാങ്ങി. ഹൈഡ്രജന്‍ നിര്‍മാണത്തിനുള്ള ഇലക്ട്രോളൈസര്‍ യൂണിറ്റും ഹൈഡ്രജന്‍ ഇന്ധനമായുള്ള ഫ്യൂവല്‍ സെല്‍ ഫാക്ടറിയും നിലവില്‍ വരും. ഇങ്ങനെ കാര്‍ബണ്‍ മുക്ത ഊര്‍ജ മേഖലയില്‍ കടക്കുമ്പോള്‍ ഒ ടു സി യില്‍ വലിയ നിക്ഷേപം യുക്തിസഹമല്ല. ഏതാനും ദശകത്തിനപ്പുറം ഒ ടു സി ബിസിനസ് ചുരുങ്ങുമെന്നും റിലയന്‍സിനറിയാം.
പിരിയല്‍ നേട്ടം തന്നെ
അരാംകോയും പെട്രോളിയത്തിനപ്പുറമുള്ള ജീവിതത്തെപ്പറ്റി ചിന്തിച്ചു തുടങ്ങിയിട്ടുണ്ട്. കാര്‍ബണ്‍ മുക്ത ഇന്ധനങ്ങളിലേക്ക് അവരും കടക്കുമ്പോള്‍ വീണ്ടും റിലയന്‍സുമായി സഖ്യം ഉണ്ടാക്കാനുള്ള സാധ്യത ശേഷിപ്പിച്ചു കൊണ്ടാണ് ഇപ്പാേഴത്തെ സഖ്യം അവസാനിപ്പിക്കുന്നതായ പ്രസ്താവന റിലയന്‍സ് പുറത്തിറക്കിയത്. ചുരുക്കം ഇതാണ്: മുഖ്യ ബിസിനസിന്റെ 20 ശതമാനം വില്‍ക്കേണ്ട എന്നതാണു പുതിയ സാഹചര്യം. റിലയന്‍സ് അതു മുതലാക്കുന്നു. മുഖ്യബിസിനസ് ഉപകമ്പനിയാക്കിയിട്ട് റിലയന്‍സ് ഒരു ഹോള്‍ഡിംഗ് കമ്പനിയായി മാറുമ്പോള്‍ വിപണിയില്‍ വരാവുന്ന ഡിസ്‌കൗണ്ട് മാറുകയും ചെയ്യും. അതായതു റിലയന്‍സ് ഓഹരി ഇടിയേണ്ട കാര്യമില്ല. ഇന്നല്ലെങ്കില്‍ നാളെ വിപണി അതു മനസിലാക്കും.


Related Articles
Next Story
Videos
Share it