റിലയന്‍സും ബില്‍ഗേറ്റ്‌സും ഉള്‍പ്പെടെയുള്ളവര്‍ നിക്ഷേപം നടത്തുന്ന ബാറ്ററി കമ്പനി ഇതാ

റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്റെ (ആര്‍ഐഎല്‍) പൂര്‍ണ ഉടമസ്ഥതയിലുള്ള സബ്‌സിഡിയറിയായ റിലയന്‍സ് ന്യൂ എനര്‍ജി സോളാര്‍ ലിമിറ്റഡും (ആര്‍എന്‍ഇഎസ്എല്‍) ബില്‍ഗേറ്റ്‌സും അമേരിക്കന്‍ ബാറ്ററി നിര്‍മാണ സ്റ്റാര്‍ട്ടപ്പായ ആംബ്രി ഇന്‍കില്‍ നിക്ഷേപം നടത്തുന്നു. ബില്‍ ഗേറ്റ്‌സിനൊപ്പം സ്ട്രാറ്റജിക് ഇന്‍വെസ്റ്ററായ പോള്‍സണ്‍ ആന്‍ഡ് കമ്പനി ഉള്‍പ്പെടെ മറ്റ് ചില നിക്ഷേപകരും ചേര്‍ന്ന് 144 മില്യണ്‍ ഡോളറിന്റെ നിക്ഷേപം നടത്തുന്നതായാണ് പ്രഖ്യാപിച്ചിട്ടുള്ളത്.

യുഎസിലെ മാസച്ചുസെറ്റ്‌സ് ആസ്ഥാനമായുള്ള ഒരു ഊര്‍ജ സംഭരണ കമ്പനിയാണ് ആംബ്രി. '' നിക്ഷേപം കമ്പനിയെ അതിന്റെ ദീര്‍ഘകാല ഊര്‍ജസംഭരണ സംവിധാനങ്ങളുടെ ബിസിനസ്് വാണിജ്യവല്‍ക്കരിക്കാനും വളരാനും സഹായിക്കും. ആര്‍എന്‍ഇഎസ്എല്‍ 50 ദശലക്ഷം യുഎസ് ഡോളര്‍ ആംബ്രിയിലെ 42.3 ദശലക്ഷം ഓഹരികള്‍ സ്വന്തമാക്കാന്‍ നിക്ഷേപിക്കും.'' ആര്‍ഐഎല്‍ എക്‌സ്‌ചേഞ്ച് ഫയലിംഗില്‍ പറഞ്ഞു.
പേറ്റന്റ് നേടിയ സാങ്കേതികവിദ്യയെ അടിസ്ഥാനമാക്കി, 4-24 മണിക്കൂര്‍ വരെ നീണ്ടുനില്‍ക്കാന്‍ രൂപകല്‍പ്പന ചെയ്ത, ദീര്‍ഘകാല ഊര്‍ജ്ജ സംഭരണ സംവിധാനങ്ങളാണ് ആംബ്രിയുടെ പ്രത്യേകത. ഗ്രിഡ്-സ്‌കെയില്‍ സ്റ്റേഷനറി സ്റ്റോറേജ് ആപ്ലിക്കേഷനുകളില്‍ ഉപയോഗിക്കുന്ന ലിഥിയം അയണ്‍ ബാറ്ററികളുമായി ബന്ധപ്പെട്ട ചെലവ്, നീണ്ടുനില്‍ക്കുന്ന ഉപയോഗം, സുരക്ഷാ തടസ്സങ്ങള്‍ എന്നിവ മറികടക്കാന്‍ ഈ ബാറ്ററികള്‍ക്ക് കഴിയും.
ആംബ്രിയുമായി ചെര്‍ന്ന് റിലയന്‍സിന്റെ ആര്‍എന്‍ഇഎസ്എല്ലിന് ഇന്ത്യയില്‍ ബാറ്ററി നിര്‍മാണശാല രൂപീകരിക്കാനും പദ്ധതികളുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ വര്‍ഷം ജൂണില്‍ നടന്ന ഓഹരിയുടമകളുടെ മീറ്റില്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനി പുതിയ ഊര്‍ജ പദ്ധതികളെക്കുറിച്ചുള്ള സൂചനകളും നല്‍കിയിരുന്നു.


Related Articles
Next Story
Videos
Share it