Top

സുവര്‍ണ യുഗത്തിലേക്ക് റിലയന്‍സ് ഇന്‍ഡസ്ട്രീസ്; ഇനി കടരഹിത കമ്പനി

നിക്ഷേപകര്‍ക്കു നല്‍കിയ വാക്ക് മുന്‍കൂട്ടി നിറവേറ്റി കോര്‍പ്പറേറ്റ് ലോകത്ത് പുതു തരംഗം സൃഷ്ടിച്ച് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനി. ജിയോ പ്ലാറ്റ്ഫോമിലേക്ക് ലഭിച്ച നിക്ഷേപങ്ങളും അവകാശ ഓഹരി വില്‍പനയും കമ്പനിയെ അറ്റ കടരഹിതമാക്കി മാറ്റിയെന്ന്് അംബാനി അറിയിച്ചു.

2021 മാര്‍ച്ച് 31 ഓടെ നിശ്ചയിച്ച ലക്ഷ്യം അതിനും വളരെ മുമ്പുതന്നെ മുകേഷ് അംബാനി നിറവേറ്റി. റിലയന്‍സ് കടരഹിത കമ്പനിയാക്കി ഓഹരി ഉടമകളോടുള്ള വാഗ്ദാനം പാലിക്കാനായെന്ന് പ്രഖ്യാപിക്കുന്നതില്‍ ഞാന്‍ അതീവ സന്തുഷ്ടനാണ്്- അംബാനി പറഞ്ഞു.ലോകമാകെ കോവിഡ് വ്യാപനത്തിന്റെ പിടിയിലമര്‍ന്ന 58 ദിവസം കൊണ്ട് ഓഹരി വിറ്റ് റിലയന്‍സ് ഇന്‍ഡസ്ട്രീസ് സമാഹരിച്ച 1,68,818 കോടി രൂപയാണ് നിര്‍ണ്ണായക നേട്ടത്തിനിടയാക്കിയത്.

ജിയോയിലെ നിക്ഷേപകരില്‍ നിന്ന് 115,693.95 കോടി രൂപയും അവകാശ ഓഹരി വില്‍പനയില്‍ നിന്ന് 53,124.20 കോടി രൂപയും റിലന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് സമാഹരിച്ചു. പെട്രോ-റീട്ടെയില്‍ ഓഹരി വില്‍പ്പനയ്ക്കൊപ്പം മൊത്തം ഫണ്ട് ശേഖരണം 1.75 ലക്ഷം കോടിയിലധികമാണെന്ന് കമ്പനി പ്രസ്താവനയില്‍ പറഞ്ഞു. 2020 മാര്‍ച്ച് 31ലെ കണക്കുപ്രകാരം റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ കടം 1,61,035 കോടി രൂപയാണ്. ഇതുവരെയെത്തിയ നിക്ഷേപങ്ങളിലൂടെ ഈ കടം മറികടന്നു.

ജൂണ്‍ 18 ന് ലോകത്തെ ഏറ്റവും വലിയ പരമാധികാര സ്വത്ത് ഫണ്ടുകളിലൊന്നായ സൗദി അറേബ്യയുടെ പിഐഎഫ് 2.32 ശതമാനം ജിയോ പ്ലാറ്റ്ഫോമുകള്‍ക്കായി 11,367 കോടി രൂപ നിക്ഷേപിക്കുമെന്ന് അറിയിച്ചു. ഇത് മൂവി, ന്യൂസ്, മ്യൂസിക് ആപ്ലിക്കേഷനുകള്‍, ടെലികോം എന്റര്‍പ്രൈസ് ജിയോ ഇന്‍ഫോകോം എന്നിവയ്ക്ക് കൂടുതല്‍ കരുത്തേകും. ഫേസ്ബുക്കിനും പിഐഎഫിനും പുറമെ ജനറല്‍ അറ്റ്‌ലാന്റിക്, സില്‍വര്‍ ലേക്ക് (രണ്ടുതവണ), വിസ്റ്റ ഇക്വിറ്റി പാര്‍ട്ണര്‍മാര്‍, കെകെആര്‍, മുബാദല ഇന്‍വെസ്റ്റ്മെന്റ് കമ്പനി, അബുദാബി ഇന്‍വെസ്റ്റ്മെന്റ് അതോറിറ്റി, ടിപിജി, എല്‍ കാറ്റര്‍ട്ടണ്‍ എന്നിവയാണ് ജിയോയില്‍ നിക്ഷേപം നടത്തിയ കമ്പനികള്‍.

രാജ്യത്തിന്റെ കോര്‍പ്പറേറ്റ് ചരിത്രത്തിലാദ്യമായാണ് വിദേശ നിക്ഷേപക സ്ഥാപനങ്ങളില്‍നിന്നുള്‍പ്പടെ ചുരുങ്ങിയ കാലയളവില്‍ ഒരു കമ്പനി ഇത്രയും നിക്ഷേപം സമാഹരിക്കുന്നത്. 2020 ഏപ്രില്‍ 22നാണ് അംബാനി നിക്ഷേപമാകര്‍ഷിക്കാനുള്ള നീക്കമാരംഭിച്ചത്. ആഗോള കമ്പനികള്‍ തന്നെ ഒന്നിനു പിന്നാലെ മറ്റൊന്നെന്ന ക്രമത്തില്‍ തുടര്‍ച്ചയായി നിക്ഷേപകരായെത്തി.

ടെലികോം ഡിജിറ്റല്‍ മേഖലയെ വേര്‍തിരിച്ച് പുതിയ കമ്പനിയാക്കിയത് ഏറെ ഫലപ്രദമായെന്നു തെളിഞ്ഞു. ടെലികോം, ബ്രോഡ്ബാന്‍ഡ് ബിസിനസുകള്‍ ഉള്‍പ്പെടുന്ന വിവിധ ആപ്പുകള്‍, നിര്‍മിത ബുദ്ധി, ക്ലൗഡ് സംരംഭം തുടങ്ങിയവ ജിയോ പ്ലാറ്റ്ഫോമിനെ അതുല്യമാക്കി. സമാന്തരമായി രാജ്യത്തൊട്ടാകെയുള്ള ചെറുകിട കച്ചവടക്കാരെ ഉള്‍പ്പെടുത്തിയുള്ള സംരംഭത്തിന്് ജിയോമാര്‍ട്ട് തുടക്കമിട്ടു.ജിയോമാര്‍ട്ട് മുംബൈയില്‍ തുടങ്ങി രാജ്യമൊട്ടാകെ ദിവസങ്ങള്‍ക്കുള്ളിലാണ് പ്രവര്‍ത്തനം വ്യാപിപ്പിച്ചത്.

രാജ്യത്തെതന്നെ ഏറ്റവുംവലിയ സ്വകാര്യ സ്ഥാപനമായ റിലയന്‍സിന്റെ 2020 മാര്‍ച്ച് 31ന് അവസാനിച്ച സാമ്പത്തികവര്‍ഷത്തെ അറ്റാദായം 39,880 കോടി രൂപയാണ്. വരുമാനത്തിന്റെയും അറ്റാദായത്തിന്റെയും അടിസ്ഥാനത്തില്‍ ഫോര്‍ച്യൂണ്‍ ഗ്ലോബല്‍ 500 കമ്പനികളുടെ പട്ടികയില്‍ 106-ാം സ്ഥാനമുണ്ടിപ്പോള്‍ റിലയന്‍സിന്. ഫോബ്സ് പട്ടികയില്‍ ആഗോളതലത്തില്‍ 71-ാമതാണു സ്ഥാനം; ഇന്ത്യയില്‍ ഒന്നാമതും.

' ഓഹരിയുടമകളുടെയും മറ്റെല്ലാ പങ്കാളികളുടെയും പ്രതീക്ഷകളെ മറികടന്ന് റിലയന്‍സ് അതിവേഗം ലക്ഷ്യം നേടി. അതിനാല്‍, കടബാധ്യതയില്ലാത്ത കമ്പനിയായി മാറിയതിന്റെ അഭിമാനകരമായ അവസരത്തില്‍, റിലയന്‍സ് അതിന്റെ സുവര്‍ണ്ണ ദശകത്തില്‍ കൂടുതല്‍ അഭിലഷണീയമായ വളര്‍ച്ചാ ലക്ഷ്യങ്ങള്‍ സ്ഥാപിക്കുമെന്നും അവ കൈവരിക്കുമെന്നും ഞങ്ങളുടെ സ്ഥാപകനായ ധീരുഭായ് അംബാനിയുടെ കാഴ്ചപ്പാടിന്റെ പൂര്‍ത്തീകരണത്തിനായി ഞാന്‍ ഉറപ്പ് നല്‍കുന്നു. ഇന്ത്യയുടെ അഭിവൃദ്ധിക്കും സമഗ്രവികസനത്തിനുമുള്ള ഞങ്ങളുടെ സംഭാവന ഇനിയും വര്‍ദ്ധിപ്പിക്കും '- മുകേഷ് അംബാനി പറഞ്ഞു. കഴിഞ്ഞ ഏതാനും ആഴ്ചകളായി, ജിയോയുമായി പങ്കാളിത്തത്തില്‍ ഏര്‍പ്പെടാനുള്ള ആഗോള ധനകാര്യ നിക്ഷേപക സമൂഹത്തിന്റെ അസാധാരണമായ താത്പര്യം അതിശയിപ്പിക്കുന്ന തരത്തിലായിരുന്നുവെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it