റിലയന്‍സിന്റെ ലാഭം 5.9% കുറഞ്ഞു, വരുമാനം ₹2.31 ലക്ഷം കോടി
ശതകോടീശ്വരന്‍ മുകേഷ് അംബാനി നയിക്കുന്ന റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ലാഭം (Net profit) നടപ്പു സാമ്പത്തിക വര്‍ഷത്തിന്റെ (2023-24) ആദ്യ പാദമായ ഏപ്രില്‍-ജൂണില്‍ 5.9% കുറഞ്ഞ് 18,258 കോടി രൂപയായി. മുന്‍വര്‍ഷത്തെ സമാനപാദത്തില്‍ പാദത്തില്‍ 19,405 കോടി രൂപയായിരുന്നു ലാഭം. തൊട്ടു മുന്‍പാദത്തില്‍ (ജനുവരി-മാര്‍ച്ച്) റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ലാഭം 21,227 കോടി രൂപയായിരുന്നു.
വരുമാനം 2.31 ലക്ഷം കോടി രൂപ
അവലോകന കാലയളവില്‍ റിലയന്‍സിന്റെ പ്രവര്‍ത്തന വരുമാനം മുന്‍ വര്‍ഷത്തെ സമാനകാലയളവിലെ 2,42,529 കോടിയില്‍ നിന്ന് 4.6% ഇടിഞ്ഞ് 2,31,132 കോടി രൂപയായി. തൊട്ടു മുന്‍പാദത്തില്‍ ഇത് 2,38,957 കോടി രൂപയായിരുന്നു.
ഓയില്‍ ടു കെമിക്കല്‍ (O2C) ബിസിനസ് വരുമാനത്തിലുണ്ടായ കുറവാണ് വരുമാനത്തെ ബാധിച്ചത്. ആദ്യപാദത്തില്‍ ഇന്ധനവിലകള്‍ ഇടിഞ്ഞതിനെ തുടര്‍ന്ന് ഒ2സി വരുമാനം കുത്തനെ ഇടിഞ്ഞു.
നികുതി, പലിശ തുടങ്ങിയ ബാധ്യതകള്‍ക്ക് മുമ്പുള്ള ലാഭം (EBITDA) 5.1 % ഉയര്‍ന്ന് 41,982 കോടി രൂപയായി. കഴിഞ്ഞ സാമ്പത്തിക വര്‍ഷം സമാനപാദത്തിലിത് 39,935 കോടി രൂപയായിരുന്നു. തൊട്ടു മുന്‍പാദത്തില്‍ 41,252 കോടി രൂപയും. എന്നാല്‍ ഉയര്‍ന്ന സാമ്പത്തിക ചെലവുകളും (വായ്പാ പലിശ) ഡിപ്രീസിയേഷന്‍ ചെലവുകളും ലാഭത്തെ ബാധിച്ചു.
കണ്‍സ്യൂമര്‍ ഇലക്ട്രോണിക്‌സ്, ഫാഷന്‍ & ലൈഫ്‌സ്റ്റൈല്‍, ഗ്രോസറി, കണ്‍സ്യൂമര്‍ ബ്രാന്‍ഡ്, ജിയോമാര്‍ട്ട് തുടങ്ങിയ ബിസിനസുകളും വളര്‍ച്ച രേഖപ്പെടുത്തി. റിലയന്‍സ് റീറ്റെയിലിന്റെ ലാഭം 2,448 കോടി രൂപയാണ്.
ജിയോ പ്ലാറ്റ്‌ഫോംസ് (30,640 കോടി രൂപ), റിലയന്‍സ് റീറ്റെയ്ല്‍ (69,948 കോടി രൂപ), ഓയ്ല്‍ ടു കെമിക്കല്‍സ് 1,33,03 കോടി രൂപ, ഓയ്ല്‍ ആന്‍ഡ് ഗ്യാസ് (4,632 കോടി രൂപ), മീഡിയ ബിസിനസ് (3,790 കോടി രൂപ) എന്നിങ്ങനെയാണ് വിവിധ വിഭാഗങ്ങളുടെ വരുമാനം.
വിഭജനത്തിനു തൊട്ടു പിന്നാലെ
റിലയന്‍സ് ഇന്‍ഡസ്ട്രീസില്‍ നിന്ന് ധനകാര്യ കമ്പനിയായ ഫൈനാന്‍ഷ്യല്‍ സര്‍വീസസിനെ(JFS) വിഭജിച്ചതിനു തൊട്ടടുത്ത ദിവസമാണ് പ്രവര്‍ത്തനഫലങ്ങള്‍ പുറത്തുവന്നിരിക്കുന്നത്. ഇന്നലെ നടന്ന പ്രത്യേക വ്യാപാര സെഷനുശേഷം ജിയോ ഫൈനാന്‍ഷ്യല്‍ സര്‍വീസസിന്റെ ഓഹരിവില 261.85 നിശ്ചയിച്ചിരുന്നു. നിരീക്ഷകര്‍ പ്രതീക്ഷിച്ചിരുന്നതിനേക്കാള്‍ ഉയര്‍ന്ന വിലയാണ് ജെ.എഫ്.എല്ലിന് ലഭിച്ചത്.
റിലയന്‍സ് ജിയോയുടെ ലാഭം 12% ഉയര്‍ന്നു
റിലയന്‍സ് ഇന്‍ഡസ്ട്രീസിനു കീഴിലുള്ള ടെലികോം കമ്പനിയായ റിലയന്‍സ് ജിയോ ഇന്‍ഫോകോമിന്റെ ലാഭം 12.2% വര്‍ധനയോടെ 4,863 കോടി രൂപയായി. ഇക്കാലയളവില്‍ ജിയോയുടെ മൊത്ത വരുമാനം 21,995 കോടി രൂപയില്‍ നിന്ന് 24,127 കോടി രൂപയായി ഉയര്‍ന്നു.
നികുതി, പലിശ തുടങ്ങിയ ബാധ്യതകള്‍ക്ക് മുമ്പുള്ള ലാഭം (EBITDA) 12,210 കോടി രൂപയില്‍ നിന്ന് 0.55% വര്‍ധിച്ച് 12,278 കോടി രൂപയായി.
9 രൂപ ഡിവിഡന്റ്
2022-23 സാമ്പത്തിക വര്‍ഷത്തേക്ക് 9 രൂപ ഡിവിഡന്റും ബോര്‍ഡ് പ്രഖ്യാപിച്ചു. 2022 സാമ്പത്തിക വര്‍ഷത്തില്‍ 8 രൂപയും 2021 സാമ്പത്തിക വര്‍ഷത്തില്‍ 7 ശതമാനവുമായിരുന്നു ഡിവിഡന്റ് പ്രഖ്യാപിച്ചിരുന്നത്.
ഇന്ന് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഓഹരി വില 2.48 % ഇടിഞ്ഞ് 2,555 രൂപയായി. ബി.എസ്.ഇ സെന്‍സെക്‌സില്‍ ഇന്ന് ഏറ്റവും നഷ്ടം രേഖപ്പെടുത്തിയ കമ്പനികളിലൊന്നാണ് റിലയന്‍സ്.
പ്രവര്‍ത്തനഫല റിപ്പോര്‍ട്ടുകള്‍ പ്രതീക്ഷയ്‌ക്കൊപ്പമാകാത്തതുമൂലം ലണ്ടന്‍ ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്തിട്ടുള്ള റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഓഹരികള്‍ (LSE) 6% ഇടിവ് രേഖപ്പെടുത്തി.