കീഴടങ്ങി ബിഎസ്എന്‍എല്‍; 20 വര്‍ഷത്തെ മേധാവിത്വം തകര്‍ത്ത് ഫിക്‌സഡ് ബ്രോഡ്ബാന്‍ഡിലും ഒന്നാമനായി ജിയോ

ഫിക്‌സഡ് ലൈന്‍ ബ്രോഡ്ബാന്‍ഡ് ഇന്റെര്‍നെറ്റ് സര്‍വീസില്‍ ബിഎസ്എന്‍എല്ലിനെ റിലയന്‍സ് പിന്തള്ളുമെന്ന് ഏറെക്കുറെ ഉറപ്പായിരുന്നു. ടെലികോം റെഗുലേറ്റര്‍ ട്രായി പുറത്തുവിട്ട ഏറ്റവും പുതിയ റിപ്പോര്‍ട്ട് അനുസരിച്ച് ആ നേട്ടത്തിലേക്ക് ജിയോ നവംബറില്‍ എത്തി. രാജ്യത്ത് ബ്രോഡ്ബാന്‍ഡ് സേവനം തുടങ്ങി 20 വര്‍ഷം തുടര്‍ന്ന മേധാവിത്വമാണ് ബിഎസ്എന്‍എല്ലിന് ഒടുവില്‍ നഷ്ടമായത്. ഫിക്‌സഡ് ലൈന്‍ബ്രോഡ്ബാന്‍ഡ് വരിക്കാരുടെ എണ്ണത്തില്‍ രണ്ടാം സ്ഥാനത്താണ് ഇപ്പോള്‍ ബിഎസ്എന്‍എല്‍.

2021 നവംബറിലെ കണക്ക് അനുസരിച്ച് 4.34 ദശലക്ഷം ഉപഭോക്താക്കളാണ് ജിയോയുടെ ഫിക്‌സഡ് ബ്രോഡ്ബാന്‍ഡിന് ഉള്ളത്. ബിഎസ്എന്‍എല്ലിന്റെ വരിക്കാരുടെ എണ്ണം 4.16 ദശലക്ഷമാണ്. കഴിഞ്ഞ ഒക്ടോബറില്‍ 4.72 ദശലക്ഷം ഉപഭോക്താക്കള്‍ ബിഎസ്എന്‍എല്ലിന് ഉണ്ടായിരുന്നു. 2019 സെപ്റ്റംബറില്‍ ഫിക്‌സഡ് ലൈന്‍ ബ്രോഡ്ബാന്‍ഡ് സേവനം ആരംഭിച്ച് രണ്ട് വര്‍ഷം കൊണ്ടാണ് ജിയോയുടെ നേട്ടം. ജിയോ സേവനം ആരംഭിക്കുമ്പോള്‍ 8.69 ദശലക്ഷം ഉപഭോക്താക്കളാണ് ബിഎസ്എന്‍എല്ലിന് ഉണ്ടായിരുന്നത്. 2019-21 കാലയളവില്‍ വരിക്കാരുടെ എണ്ണം 70 ശതമാനം ഉയര്‍ത്തിയ ഭാരതി എയര്‍ടെല്ലും ബിഎസ്എന്‍എല്ലിന്റെ തകര്‍ച്ചയ്ക്ക് കാരണമായി.
വ്യത്യസ്ത തരം ബ്രോഡ്ബാന്‍ഡ് കണക്ഷനുകളുടെ എണ്ണം കണക്കാക്കുമ്പോള്‍ 432.96 ദശലക്ഷം ഉപഭോക്താക്കള്‍ ജിയോയ്ക്ക് ഉണ്ട്. 210.10 ദശലക്ഷം വരിക്കാരുമായി എയര്‍ടെല്‍ രണ്ടാമതും 122.40 ദശലക്ഷം വരിക്കാരുമായി വോഡാഫോണ്‍ ഐഡിയ മൂന്നാമതുമാണ്. നാലാം സ്ഥാനത്തുള്ള ബിഎസ്എന്‍എല്ലിന് 23.62 ദശലക്ഷം വരിക്കാരാണ് ഉള്ളത്. രാജ്യത്തെ ബ്രോഡ്ബാന്‍ഡ് വരിക്കാരുടെ എണ്ണവും 798.95 നിന്ന് നവംബറില്‍ 801.6 ദശലക്ഷമായി ഉയര്‍ന്നു.


Related Articles
Next Story
Videos
Share it