എ.ഐയില്‍ അതിവേഗം ബഹുദൂരം റിലയന്‍സ്; ലോകത്തെ ഏറ്റവും മികച്ച 10 കമ്പനികളിലൊന്നാകുമെന്ന് അംബാനി
ലോകത്തിലെ ഏറ്റവും മികച്ച 10 കമ്പനികളില്‍ ഒന്നായി റിലയന്‍സ് മാറുമെന്ന് മുകേഷ് അംബാനി. ഓയില്‍ ആന്‍ഡ് ഊര്‍ജ ബിസിനസ് മുതല്‍ ജിയോയും വസ്ത്ര ബ്രാന്‍ഡുകളും വരെ സ്വന്തമായുള്ള കമ്പനിക്ക് എ.ഐ ഉപയോഗത്തിലൂടെ ആഗോള സ്ഥാനം ഉറപ്പിക്കാനാകുമെന്ന് അദ്ദേഹം പറഞ്ഞു. പിതാവ് ധീരുഭായ് അംബാനിയുടെ ജന്മദിനമായ ഡിംസംബര്‍ 28ന് നടത്താറുള്ള റിലയന്‍സ് ഫാമിലി ഡേയില്‍ സംസാരിക്കുകയായിരുന്നു മുകേഷ് അംബാനി.
'രാജ്യത്തെ മാത്രമല്ല ആഗോള തലത്തിലെ ബിസിനസ് ആവാസ വ്യവസ്ഥ അതിവേഗം മാറുകയാണ്. നിരന്തരമായ നവീകരണത്തിലൂടെയും പുനര്‍നിര്‍മാണത്തിലൂടെയും വിപണിയെ മാറ്റിമറിക്കുന്നതില്‍ റിലയന്‍സ് മുന്നിലാണ്', അദ്ദേഹം പറഞ്ഞു. മുംബൈയിലെ ഒരു ചെറിയ ടെക്‌സ്‌റ്റൈല്‍ നിര്‍മാണ യൂണിറ്റില്‍ തുടങ്ങി പെട്രോകെമിക്കല്‍സിലേക്കും പിന്നീട് രാജ്യത്തെ ഏറ്റവും വലിയ എണ്ണ ശുദ്ധീകരണ ശാലയിലേക്കും ബിസിനസ് വ്യാപിപ്പിക്കാന്‍ റിലയന്‍സിന് കഴിഞ്ഞു.
2005ലാണ് റിലയന്‍സ് റീട്ടെയില്‍ മേഖലയിലേക്ക് പ്രവേശിക്കുന്നത്. ഇപ്പോള്‍ രാജ്യത്തെ റീറ്റെയ്ല്‍, ഹൈപ്പര്‍മാര്‍ക്കറ്റ് ചെയിനുകള്‍, ഓണ്‍ലൈന്‍ റീട്ടെയില്‍ സ്‌റ്റോറുകള്‍ എന്നിവയുടെ ഏറ്റവും വലിയ ഓപ്പറേറ്ററാകാന്‍ ഗ്രൂപ്പിന്കഴിഞ്ഞു. 2016ല്‍ ടെലികോം മേഖലയില്‍ ജിയോ വിപ്ലവമെത്തി. അതിവേഗം ഇന്ത്യയിലെ ഏറ്റവും വലിയ ടെലികോം ഓപ്പറേറ്റര്‍ സ്ഥാനത്താണ് ജിയോ നില്‍ക്കുന്നത്. ഇപ്പോള്‍ ലോകത്തിലെ തന്നെ മൂന്നാമത്തെ വലിയ ഓപ്പറേറ്ററാണ് ജിയോ.
റിലയന്‍സ് ഫാമിലി ഡേയുമായി ബന്ധപ്പെട്ട് എല്ലാ വര്‍ഷവും ജീവനക്കാരെ പ്രചിദിപ്പിക്കുന്ന പ്രസംഗവുമായി അംബാനി എത്തുന്നതാണ്. ഇക്കൊല്ലവും എ.ഐയുടെ സഹായത്തോടെ ചുറു ചുറുക്കോടെ റിലയന്‍സിന്റെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കാന്‍ മുകേഷ് അംബാനി ടീമുകളോട് ആവശ്യപ്പെട്ടു. ടീമുകളുടെയും ശരാശരി പ്രായം 30കളിലാക്കി നിലനിര്‍ത്തി റിലയന്‍സിനെ എക്കാലവും ചെറുപ്പമായി നിലനിര്‍ത്തുമെന്നും അംബാനി പറഞ്ഞു.
ലോകത്തിലെ മൂന്നാമത്തെ വലിയ സമ്പദ്വ്യവസ്ഥയായി ഇന്ത്യ മാറുമ്പോള്‍ വൻ അവസരമാണ് റിലയന്‍സിനെ കാത്തിരിക്കുന്നതെന്ന് അദ്ദേഹം വിശദമാക്കി. വരുമാനം, ലാഭം, വിപണി മൂലധനം എന്നിവയാല്‍ ഇന്ത്യയിലെ ഏറ്റവും വലിയ കമ്പനിയാണ് റിലയന്‍സ്. വരും വര്‍ഷങ്ങളില്‍, ഇതുവരെ ആരും സൃഷ്ടിക്കാത്ത ഉല്‍പ്പന്നങ്ങളും സേവനങ്ങളും വികസിപ്പിക്കാന്‍ കമ്പനിക്ക് കഴിയുമെന്നും അതിനായി പരിശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു.