സൊമാറ്റോയ്ക്ക് പിന്നാലെ പലചരക്കുകള്‍ വീട്ടു പടിക്കലെത്തിക്കാന്‍ സ്വിഗ്ഗിയും

രാജ്യത്ത് ലോക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നതിനാല്‍ പല ആളുകളും പലചരക്ക് സാധനങ്ങള്‍ ഓണ്‍ലൈനിലാണ് വാങ്ങുന്നത്. ഈ അവസരത്തില്‍ തങ്ങളുടെ ഉപയോക്താക്കള്‍ക്ക് പലചരക്ക് സാധനങ്ങള്‍ എത്തിച്ച് നല്‍കുകയാണ് ഫുഡ് ഡെലിവറി ആപ്പായ സ്വിഗ്ഗി. ഇന്ത്യയിലെ വിവിധ നഗരങ്ങളില്‍ സ്വിഗ്ഗി പലചരക്ക് സാധനങ്ങളും മറ്റ് അവശ്യവസ്തുക്കളും വിതരണം ചെയ്യാനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചുകഴിഞ്ഞു. പലചരക്ക് സാധനങ്ങള്‍ എത്തിച്ച് നല്‍കുന്ന സേവനങ്ങളായ ബിഗ് ബാസ്‌ക്കറ്റ്, ഗ്രോഫേഴ്സ് പോലുള്ള ആപ്ലിക്കേഷനുകള്‍ക്ക് ഉപയോക്താക്കളുടെ വര്‍ധിച്ച് വരുന്ന ആവശ്യങ്ങള്‍ക്കനുസരിച്ച് ഡെലിവറി നടത്താനാകുന്നില്ല. ഈ അവസരത്തിലാണ് ഉപയോക്താക്കള്‍ക്ക് അവശ്യ സാധനങ്ങള്‍ എത്തിച്ച് നല്‍കുന്ന സേവനവുമായി സ്വിഗി രംഗത്ത് എത്തിയിരിക്കുന്നത്.

നേരത്തെ സ്വിഗ്ഗിയുടെ പിക്ക് അപ്പ് ഡ്രോപ്പ് സേവനങ്ങള്‍ ബാംഗ്ലൂരില്‍ മാത്രമേ ലഭ്യമായിരുന്നുള്ളൂ. വിശാല്‍ മെഗാ മാര്‍ട്ട്, മാരികോ തുടങ്ങിയ വിവിധ ഓഫ്ലൈന്‍ റീട്ടെയിലര്‍മാരുമായി സ്വിഗ്ഗി കരാറുണ്ടാക്കിയിട്ടുണ്ട്. ഉപയോക്താക്കള്‍ക്ക് വെറും രണ്ട് മണിക്കൂറിനുള്ളില്‍ സാധനങ്ങള്‍ എത്തിച്ച് നല്‍കാന്‍ സാധിക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്.

തങ്ങളുടെ വിപുലമായ ഹൈപ്പര്‍ലോക്കല്‍ ഡെലിവറി സംവിധാനങ്ങളുപയോഗിച്ച് എല്ലാ ചെറു നഗരങ്ങളിലും പലചരക്ക് സാധനങ്ങളും അവശ്യവസ്തുക്കളും വിതരണം ചെയ്യുന്നതിനുള്ള സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്നാണ് കമ്പനി പറയുന്നത്.

ഈ സേവനം വിപുലമാക്കുന്നതിന് കമ്പനി വിവിധ ദേശീയ, പ്രാദേശിക (എഫ്എംസിജി) ബ്രാന്‍ഡുകളുമായി ചര്‍ച്ച നടത്തുന്നുണ്ട്. മാരികോയുമായുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നത് ഇതിനൊരു ഉദാഹരണമാണെന്ന് കമ്പനി അറിയിച്ചു. കുറച്ച് ദിവസങ്ങള്‍ക്ക് മുണ് സോമാറ്റോ കേരളത്തിലുള്‍പ്പെടെ രാജ്യത്തെ 80 നഗരങ്ങളില്‍ പലചരക്ക് വിതരണം ആരംഭിച്ചത്.

പ്രധാന സൂപ്പര്‍ മാര്‍ക്കറ്റുകളും സപ്ലൈകോയുമായി സഹകരിച്ച് സൊമാറ്റോ പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും സ്വിഗ്ഗിയുടെ കേരളത്തിലെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ഇനിയും കമ്പനി കൂടുതല്‍ വിവരങ്ങള്‍ പുറത്തു വിട്ടിട്ടില്ല.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it