ചികിത്സകള്‍ക്ക് കേന്ദ്രം ഏകീകൃത നിരക്ക് വേഗത്തില്‍ നിശ്ചയിക്കണം: സുപ്രീം കോടതി; ഹെല്‍ത്ത്‌കെയര്‍ ഓഹരികളില്‍ ഇടിവ്

സര്‍ക്കാര്‍-സ്വകാര്യ ആശുപത്രികളിലെ ചികിത്സകള്‍ക്ക് ഏകീകൃത നിരക്കുകള്‍ വേഗത്തില്‍ നിശ്ചയിക്കാന്‍ കേന്ദ്രത്തിന് സുപ്രീം കോടതിയുടെ നിര്‍ദ്ദേശം. നിലവില്‍ വിവിധ ആശുപത്രികള്‍ ചികിത്സയ്ക്ക് വ്യത്യസ്ത നിരക്കുകളാണ് ഈടാക്കുന്നത്. ഇത് രാജ്യത്ത് ക്യാഷ്‌ലെസ് ആരോഗ്യ ഇന്‍ഷുറന്‍സ് സംവിധാനത്തിന്റെ നടത്തിപ്പ് ബുദ്ധിമുട്ടിലാക്കുന്നു. ഒരു എന്‍.ജി.ഒ ഫയല്‍ ചെയ്ത പൊതു താത്പര്യ ഹര്‍ജിയിലാണ് സുപ്രീം കോടതിയുടെ നിര്‍ദ്ദേശം.

ഏകീകൃത നിരക്കിന്റെ കാര്യത്തില്‍ സ്വകാര്യ ആശുപത്രികള്‍ ആശങ്കയറിയിച്ചിട്ടുണ്ട്. നിരക്ക് ഏകീകരണം അപ്രായോഗികമാണെന്ന് സ്വകാര്യ ആശുപത്രികള്‍ പറയുന്നു. വ്യത്യസ്തമായ ചികിത്സാ സൗകര്യങ്ങളുള്ള ആശുപത്രികളുടെ നിരക്ക് ഏകീകരിച്ചാല്‍ സ്ഥാപനങ്ങള്‍ക്ക് മുന്നോട്ടു പോകാന്‍ കഴിയാത്ത സ്ഥിതിയുണ്ടാകുമെന്നാണ് അവരുടെ വാദം. ചികിത്സാനിരക്ക് നിശ്ചയിക്കാന്‍ ശാസ്ത്രീയപഠനം വേണമെന്ന് സ്വകാര്യ ആശുപത്രികള്‍ പറയുന്നു.

ഓഹരികള്‍ ഇടിവില്‍

സുപ്രീം കോടതിയുടെ പരാമര്‍ശത്തിനു ശേഷം കഴിഞ്ഞ ദിവസങ്ങളിലായി ഹെല്‍ത്ത്കെയര്‍ ഓഹരികള്‍ ഇടിവിലാണ്. ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത്കെയര്‍ ഓഹരി ഇന്ന് 2.04 ശതമാനം നഷ്ടത്തിലാണ്. ഫോര്‍ട്ടിസ് ഹെല്‍ത്ത്കെയര്‍ ഇന്ന് 1.07 ശതമാനം ഇടിവിലാണ്. ഇന്ദ്രപ്രസ്ഥ മെഡിക്കല്‍ കോര്‍പറേഷന്‍ ഓഹരി ഇന്ന് 1.59 ശതമാനം നഷ്ടത്തിലും.

അതേസമയം അപ്പോളോ ഹോസ്പിറ്റല്‍സ് എന്റര്‍പ്രൈസ് 0.049 ശതമാനത്തോളം നേട്ടത്തിലാണ്. ഇന്ന് ഗ്ലോബല്‍ ഹെല്‍ത്ത് ലിമിറ്റഡ് ഓഹരി 0.26 ശതമാനം നേട്ടത്തിലും. മാക്‌സ് ഹെല്‍ത്ത് കെയര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഹരി ഇന്ന് 3.44 ശതമാനം നേട്ടത്തിലും വ്യാപാരം അവസാനിപ്പിച്ചു.

പ്രശ്‌നങ്ങള്‍ നേരിടുന്നു

രാജ്യത്തെ ഏത് ആശുപത്രിയില്‍ നിന്നും ചികിത്സ സ്വീകരിക്കാന്‍ കഴിയുന്ന 'ക്യാഷ്ലെസ് എവരിവേര്‍' എന്ന പദ്ധതി അടുത്തിടെ ആരംഭിച്ച വ്യവസായം ഏകീകൃത നിരക്കിന്റെ അഭാവത്തില്‍ ഏറെ പ്രശ്‌നങ്ങള്‍ നേരിടുന്നുണ്ട്. രാജ്യത്ത് രജിസ്റ്റര്‍ ചെയ്ത 40,000ല്‍ അധികം ആശുപത്രികളുണ്ട്. ഈ സംവിധാനത്തില്‍ 30 കോടിയിലധികം വരുന്ന എല്ലാ ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസി ഉടമകള്‍ക്കും ക്യാഷ്ലെസ് സൗകര്യങ്ങള്‍ നല്‍കാന്‍ കഴിയും.

'ക്യാഷ്ലെസ് എവരിവേര്‍' എന്ന പദ്ധതി പ്രകാരം പോളിസി ഉടമകൾക്ക് ഏത് ഹോസ്പിറ്റൽ വേണമെങ്കിലും തിരഞ്ഞെടുത്ത് ചികിത്സ തേടാം. ഇൻഷ്വറൻസ് സേവനം പൂർണമായും കാഷ് ലെസ് ആയിരിക്കും. അതായത്, പണം മുടക്കുകയോ റീഇമ്പേഴ്സ്മെൻറിനായി കാത്തിരിക്കുകയോ വേണ്ടിവരുന്നില്ല. പണം ഇൻഷ്വറൻസ് കമ്പനി തന്നെ അടയ്ക്കും. ആ ഇൻഷ്വറൻസ് കമ്പനിയുടെ നെറ്റ് വർക്കിലുൾപ്പെടാത്ത (അതായത്, അവരുമായി കരാർ ഇല്ലാത്ത) ആശുപത്രി ആയാലും കാഷ് ലെസ് സേവനം ലഭിക്കും.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it