ഇന്‍ഫോസിസിന്റെ ഷിബുലാല്‍ സ്ഥാപിച്ച കമ്പനി കേരളത്തില്‍ പുതിയ ഹോട്ടലുകള്‍ ആരംഭിക്കുന്നു
ഇന്‍ഫോസിസ് സഹ സ്ഥാപകനായ എസ്.ഡി ഷിബുലാല്‍ സ്ഥാപിച്ച താമര ലേഷര്‍ എക്‌സ്പീരിയന്‍സസ് (Tamara Leisure Experiences Ltd) കേരളത്തില്‍ ബിസിനസ് വ്യാപിപ്പിക്കുന്നു. എസ്.ഡി ഷിബുലാലിന്റെ മകള്‍ ശ്രുതി ഷിബുലാല്‍ നേതൃത്വം നല്‍കുന്ന കമ്പനി നേരത്തെ തന്നെ തിരുവനന്തപുരത്ത് 'ഒ ബൈ താമര' എന്ന ആഡംബര ഹോട്ടല്‍ ആരംഭിച്ചിരുന്നു.
ബംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന താമര ലേഷര്‍ രണ്ടു സംരംഭങ്ങള്‍ കേരളത്തില്‍ ആരംഭിക്കുന്നതായാണ് പുതിയ റിപ്പോര്‍ട്ടുകള്‍. 2019 ഡിസംബറില്‍ തിരുവനന്തപുരത്ത് ആരംഭിച്ച 'ഒ ബൈ താമര' ആഡംബര ഹോട്ടലില്‍ 152 മുറികളാണ് ഉള്ളത്.
ഗുരുവായൂരില്‍ നിര്‍മാണം ആരംഭിച്ച ലൈലാക്' ഹോട്ടലില്‍ 35 മുറികളാണ് സജീകരിക്കുന്നത്. 300 പേര്‍ക്ക് ഇരിക്കാവുന്ന ഓഡിറ്റോറിയം ഉള്‍പ്പെടുന്നതാണ് മികച്ച രൂപകല്‍പ്പനയോടെ ഒരുക്കിയിട്ടുള്ള ഈ പുതിയ ഹോട്ടല്‍. അവധിക്കാലം ആസ്വദിക്കാനും ബിസിനസ് ആവശ്യങ്ങള്‍ക്ക് താമസിക്കാനും കഴിയുന്ന തരത്തിലാണ് കണ്ണൂര്‍ ലൈലാക് ഹോട്ടല്‍ ഒരുങ്ങുക.
എസ്.ഡി ഷിബുലാലിന്റെ മക്കളായ ശ്രേയസ് ഷിബുലാല്‍, ശ്രുതി ഷിബുലാല്‍ (സി.ഇ.ഒ) എന്നിവര്‍ക്ക് പുറമെ താമര ലേഷര്‍ എക്സ്പീരിയന്‍സസിന്റെ നേതൃ നിരയില്‍ പ്രശസ്ത ആര്‍ക്കിടെക്റ്റ് എന്‍ മഹേഷുമുണ്ട്. ഹോട്ടല്‍ ഡയറക്റ്ററാണ് എന്‍. മഹേഷ്.
12 പുതിയ ഹോട്ടല്‍ സംരംഭങ്ങള്‍ ആരംഭിക്കാനുള്ള ശ്രമത്തിലാണ് കമ്പനി. അതില്‍ രണ്ടണ്ണം തമിഴ്നാട്ടിലാണ്. കോയമ്പത്തൂരില്‍ ആരംഭിച്ച ഒ ബൈ താമര ഹോട്ടല്‍ പഴയ ഹോട്ടല്‍ ഏറ്റെടുത്ത് നവീകരിച്ചതാണ്. മൊത്തം വിസ്തീര്‍ണം 15,000 ചതുരശ്ര അടി. കര്‍ണാടകത്തില്‍ ബാംഗ്ലൂരുവിലും കൂര്‍ഗിലും ആഡംബര ഹോട്ടലുകളുണ്ട്. ഇന്ത്യക്ക് പുറത്ത് ജര്‍മനിയിലും ഹോട്ടലുകള്‍ നടത്തുന്നുണ്ട്.