'മിന്നല്‍' പരിശോധനയുമായി സെബി, നിരീക്ഷണത്തില്‍ മുന്‍നിര മ്യൂച്വല്‍ഫണ്ടുകള്‍

സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി) മ്യൂച്വല്‍ഫണ്ട് എക്‌സിക്യൂട്ടീവുകളുടെ മൊബൈല്‍ ഫോണും ഐപാഡും ലാപ് ടോപ്പും അടക്കമുള്ള ഡിജിറ്റല്‍ ഉപകരണങ്ങള്‍ മുന്നറിയിപ്പൊന്നുമില്ലാതെ പരിശോധനയ്ക്ക് വിധേയമാക്കുന്നുതായി റിപ്പോര്‍ട്ട്.

കഴിഞ്ഞ 12 മാസത്തിനുള്ളില്‍ അഞ്ച് മുന്‍നിര മ്യൂച്വല്‍ഫണ്ട് ഹൗസുകളെ ഇത്തരത്തില്‍ പരിശോധനയ്ക്ക് വിധേയമാക്കിയതായി മണികണ്‍ട്രോള്‍ റിപ്പോര്‍ട്ട് ചെയ്തു. ടോപ് എക്‌സിക്യൂട്ടീവുകളുടെ മൊബൈല്‍ ഫോണുകള്‍ ആക്‌സസ് ചെയ്താണ് പ്രധാനമായും പരിശോധന. നിയമലംഘനങ്ങളും ക്രമക്കേടുകളും നടന്നിട്ടുണ്ടോയെന്നാണ് സെബി അന്വേഷിക്കുന്നത്.
എന്നാല്‍ ജൂണ്‍ 28ന് ക്വാണ്ട് മ്യൂച്വല്‍ഫണ്ടില്‍ നടത്തിയ തിരച്ചിലില്‍ നിന്ന് വ്യത്യസ്തമാണ് ഈ അന്വേഷണങ്ങളെന്നാണ് അറിയുന്നത്. 'തീമാറ്റിക് ഓപ്പറേഷന്‍സ്' എന്നാണ് സെബി ഇതിനെ വിശേഷിപ്പിച്ചിരിക്കുന്നത്.
സംശയകരമായ ഇടപാടുകളും സന്ദേശങ്ങളും
വിവിധ മ്യൂച്വല്‍ഫണ്ടുകളുമായി ബന്ധപ്പെട്ട ബ്ലോക്ക് ഡീലുകള്‍, കണ്‍കറന്റ് ട്രേഡുകള്‍, ബ്രോക്കറുമായുള്ള ആശയവിനിമിയങ്ങള്‍ തുടങ്ങിയ വിവരങ്ങള്‍ ശേഖരിച്ച് പരിശോധിക്കുകയാണ് ഉദ്ദേശ്യം. കൂടുതല്‍ പരിശോധനയ്ക്ക് വിധേയമാക്കേണ്ട നിയമലംഘനങ്ങളോ ക്രമക്കേടുകളോ ഉണ്ടോയെന്നാണ് സെബി നോക്കുന്നത്. എന്നാല്‍ പരിശോധനയെ കുറിച്ചുള്ള വാര്‍ത്തകള്‍ പരന്നതോടെ പലരും ഫോണ്‍ റീസെറ്റ് ചെയ്യുന്നതായി ആരോപണങ്ങളുണ്ട്. പ്രത്യേകിച്ച് ഒന്നും മറയ്ക്കാനില്ലാത്തവരെ സംബന്ധിച്ച് പേഴ്‌സണല്‍ ഉപകരണങ്ങളിലേക്ക് കടന്നു കയറ്റം നടത്തുന്ന ശല്യമാകുന്നുണ്ടെന്നാണ് മ്യൂച്വല്‍ഫണ്ട് എക്‌സിക്യൂട്ടീവുകള്‍ പറയുന്നത്.
പ്രത്യേക സംവിധാനം വേണം
തട്ടിപ്പുകളും വിപണി ചൂഷണവും കണ്ടെത്താനും നിയന്ത്രിക്കാനുമായി സ്റ്റോക്ക് ബ്രോക്കര്‍മാര്‍ സ്വന്തം നിലയ്ക്ക് സംവിധാനങ്ങള്‍ ഒരുക്കണമെന്ന് കഴിഞ്ഞ ജൂലെ നാലിന് സെബി ആവശ്യപ്പെട്ടിരുന്നു. സ്റ്റോക്ക് ബ്രോക്കര്‍മാരുടെ വലിപ്പത്തിനനുസരിച്ച് മതിയായ സമയമെടുത്ത് ഇത് നടപ്പിലാക്കാനാണ് സെബി ആവശ്യപ്പെട്ടത്. മാര്‍ച്ച് 22ന് സ്റ്റോക്ക് ബ്രോക്കര്‍മാര്‍ക്കായി പ്രത്യേക മാര്‍ഗനിര്‍ദേശം സെബി പുറത്തുവിട്ടിരുന്നു. അതിന്റെ തുടര്‍ച്ചയായാണ് പുതിയ സര്‍ക്കുലര്‍ ഇറക്കിയത്.
Related Articles
Next Story
Videos
Share it