Begin typing your search above and press return to search.
അന്ന് മിന്നിത്തിളങ്ങി അദാനി ഗ്രൂപ്പ് ഓഹരികള്‍, ഇന്ന് അവയുടെ സ്ഥിതിയിതാണ്
അടുത്തിടെ ഏറെ വിവാദങ്ങളില്‍ അകപ്പെട്ട ഇന്ത്യയിലെ പ്രമുഖ ബിസിനസ് ഗ്രൂപ്പാണ് അദാനി. ഗ്രൂപ്പിന് കീഴിലെ ആറ് കമ്പനികളിലെ വിദേശ നിക്ഷേപവുമായി ബന്ധപ്പെട്ട സംശയങ്ങളാണ് അദാനി ഗ്രൂപ്പിനെ വിവാദങ്ങളിലേക്ക് വലിച്ചിഴച്ചത്. പിന്നാലെ ഓഹരി വിപണിയില്‍ മിന്നിത്തിളങ്ങിയിരുന്ന അദാനി കമ്പനികള്‍ക്കും ഈ വിവാദം തിരിച്ചടിയായി മാറുകയായിരുന്നു. 52 ആഴ്ചയിലെ ഏറ്റവും ഉയര്‍ന്ന നിലയില്‍നിന്ന് 16-52 ശതമാനം വരെയാണ് അദാനി കമ്പനികളുടെ ഓഹരികളില്‍ കുറവുണ്ടായിരിക്കുന്നത്. കമ്പനികളില്‍ അദാനി പവറിന്റെ ഓഹരി വിലയാണ് കുത്തനെ കുറഞ്ഞത്. 52 ആഴ്ചയിലെ ഉയര്‍ന്ന നിലയില്‍നിന്ന് 52 ശതമാനത്തോളം കുറവാണ് അദാനി പവറിന്റെ ഓഹരിയില്‍ രേഖപ്പെടുത്തിയത്. ജൂണ്‍ ഒമ്പതിന് 167 രൂപയുണ്ടായിരുന്ന ഒരു ഓഹരിയുടെ വില ഇന്ന് (18-08-2021, 12.00) 77 രൂപയിലാണ് നില്‍ക്കുന്നത്.
മറ്റുള്ളവയില്‍, അദാനി ടോട്ടല്‍ ഗ്യാസ് 42.5 ശതമാനവും അദാനി ട്രാന്‍സ്മിഷന്‍ 38.2 ശതമാനവും അദാനി ഗ്രീന്‍ എനര്‍ജി 32.9 ശതമാനവും അദാനി പോര്‍ട്ട്‌സും സെസ് 23.1 ശതമാനവും അദാനി എന്റര്‍പ്രൈസസും 16.1 ശതമാനവും കുറവ് രേഖപ്പെടുത്തി. 2021 മേയ്-ജൂണ്‍ മാസങ്ങളില്‍ അദാനി ഗ്രൂപ്പിന്റെ കീഴിലുള്ള എല്ലാ ഓഹരികളും 52 ആഴ്ചയിലെ ഏറ്റവും ഉയര്‍ന്ന നിരക്കിലെത്തിയിരുന്നു. പിന്നീട് അദാനി ഗ്രൂപ്പിലെ വിദേശ നിക്ഷേപ സ്ഥാപനങ്ങളുടെ നിക്ഷേപം മരവിപ്പിച്ചുവെന്ന വാര്‍ത്തകള്‍ പുറത്തുവന്നതിന് പിന്നാലെ ഓഹരി വില കുത്തനെ ഇടിയുകയായിരുന്നു.
അതേസമയം, വൈദ്യുതി ഉല്‍പ്പാദനം, തുറമുഖങ്ങള്‍, റിന്യൂവബ്ള്‍ എനര്‍ജി എന്നീ മേഖലയില്‍നിന്നുള്ള വളര്‍ച്ച 2022 സാമ്പത്തിക വര്‍ഷത്തില്‍ ഇരട്ട അക്കമാകുമെന്ന് പ്രതീക്ഷിക്കുന്നതായി ഗ്രൂപ്പ് പറഞ്ഞു.
കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി അദാനി ഗ്രൂപ്പ് ഓഹരികള്‍ക്ക് മികച്ച നേട്ടമുണ്ടായിരുന്നു. ഈ വര്‍ഷം ആദ്യത്തില്‍ 10000 ബില്യണ്‍ ഡോളര്‍ വിപണി മൂല്യം കടക്കുന്ന നാലാമത്തെ ബിസിനസ് ഗ്രൂപ്പായി അദാനി മാറുകയും ചെയ്തു. ടാറ്റ ഗ്രൂപ്പ്, എച്ച്ഡിഎഫ്‌സി ഗ്രൂപ്പ്, മുകേഷ് അംബാനിയുടെ നേതൃത്വത്തിലുള്ള റിലയന്‍സ് ഗ്രൂപ്പ് എന്നിവയാണ് 10000 ബില്യണ്‍ ഡോളര്‍ വിപണി മൂല്യം കടന്ന മറ്റ് കമ്പനികള്‍.
Next Story
Videos