തിരിച്ചുവരവ് ഗംഭീരം; ആമസോണിനെയും നെറ്റ്ഫ്ലിക്‌സിനെയും പിന്തള്ളി സോണിലിവ്
സബ്‌സ്‌ക്രൈബേഴ്‌സിന്റെ എണ്ണത്തില്‍ ആമസോണിനെയും (Amazon) നെറ്റ്ഫ്ലിക്‌സിനെയും (Netflix) പിന്തള്ളി സോണിലിവ് (SonyLiv). 18.2 മില്യണ്‍ വരിക്കാരുമായി ഡിസ്‌നി+ ഹോട്ട്‌സ്റ്റാറിന് പിന്നിലാണ് ഇപ്പോള്‍ സോണിലിവ്. യഥാക്രമം 14 മില്യണ്‍, 5.9 മില്യണ്‍ എന്നിങ്ങനെ വരിക്കാരുമായി ആമസോണും നെറ്റ്ഫ്ലിക്‌സുമാണ് പിന്നാലെ. ഒന്നാം സ്ഥാനത്തുള്ള ഹോട്ട്‌സ്റ്റാറിന് 42.7 മില്യണ്‍ വരിക്കാരാണ് ഉള്ളത്.
സോണി പിക്‌ച്ചേഴ്‌സിനെയും സോണി ലിവിനെയും സംബന്ധിച്ച് 2021-22 സാമ്പത്തിക വര്‍ഷം നേട്ടങ്ങളുടേതായിരുന്നു. ഡിജിറ്റല്‍ ബിസിനസില്‍ നിന്നുള്ള വരുമാനം മാത്രം 65 ശതമാനം ആണ് ഉയര്‍ന്നത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 1,200 കോടി രൂപയായിരുന്നു സോണിലിവിന്റെ വരുമാനം. ഹോട്ട്‌സ്റ്റാര്‍ എത്തുന്നതിനും രണ്ടുകൊല്ലം മുമ്പ് 2013ല്‍ ആണ് രാജ്യത്തെ ആദ്യ പ്രമുഖ ഒടിടി പ്ലാ്റ്റ്‌ഫോം എന്ന നിലയില്‍ ഇന്ത്യയില്‍ അവതരിപ്പിക്കപ്പെട്ട സോണിലിവ് തുടക്കകാലത്ത് വലിയ ശ്രദ്ധ നേടിയിരുന്നില്ല.
സോണിയുടെ ചാനലുകളിലുള്ള പ്രോഗ്രാമുകളും സ്‌പോര്‍ട്‌സുമായിരുന്നു പ്രധാന കണ്ടന്റുകള്‍. പ്രവര്‍ത്തനം തുടങ്ങി 7 വര്‍ഷങ്ങള്‍ക്ക് ശേഷവും (2019-20) വെറും 0.7 മില്യണ്‍ വരിക്കാരും 300 കോടിയുടെ വരുമാനവും മാത്രമുള്ള വമ്പന്‍ പരാജയമായിരുന്നു സോണി ലിവ്. ഈ സമയം കൊണ്ട് ഹോട്ട്‌സ്റ്റാറും ആമസോണും നെറ്റ്ഫ്ലിക്‌സുമൊക്കെ ഇന്ത്യയില്‍ പ്രേക്ഷകരെ കണ്ടെത്തിക്കഴിഞ്ഞിരുന്നു. ഈ സാഹചര്യത്തിലാണ് 2020 ജൂണില്‍ കമ്പനി സോണിലിവ് റീലോഞ്ച് ചെയ്യുന്നത്.
ഒക്ടോബറിലാണ് ബ്ലോക്ക്ബസ്റ്റര്‍ സീരീസ് സ്‌കാം 1992 സോണി റിലീസ് ചെയ്യുന്നത്. ഇന്ത്യന്‍ പശ്ചാത്തലത്തിലുള്ള സീരീസുകള്‍ ലക്ഷ്യമിട്ട സോണി ഗുലക്, ഇരു ദ്രുവം, ജെഎല്‍50, മഹാറാണി, റോക്കറ്റ് ബോയ്‌സ് തുടങ്ങിയവയിലൂടെ പ്രേക്ഷകരെ പ്ലാറ്റ്‌ഫോമിലേക്കെത്തിച്ചു. ഒരു വര്‍ഷത്തേക്ക് 999 രൂപ എന്ന പായ്‌ക്കേജും ഇന്ത്യക്കാര്‍ക്ക് വലിയ പ്രശ്‌നമായി തോന്നിയില്ല.
ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ രാജ്യത്തിന് വെളിയിലുള്ള മാച്ചുകള്‍ സംപ്രേഷണം ചെയ്യുന്നതും സോണിലിവിന് ഗുണം ചെയ്തു. ഒരു വര്‍ഷത്തിനുള്ളില്‍ 30 മില്യണ്‍ വരിക്കാരെയാണ് സോണിലിവ് ലക്ഷ്യമിടുന്നത്. നിലവില്‍ ഇംഗ്ലീഷ് , മറാത്തി, ഹിന്ദി, തമിഴ്, തെലുങ്ക്, തമലയാളം, കന്നട, ബംഗാളി എന്നീ ഭാഷകളില്‍ സോണി ലിവ് ലഭ്യമാണ്.
അതേ സമയം വരുമാനത്തില്‍ (2020-21) ഇന്ത്യയില്‍ ഒന്നാമത് നെറ്റ്ഫ്‌ലിക്‌സ് ആണ്. ഹോട്ട്‌സ്റ്റാര്‍, ആമസോണ്‍ പ്രൈം വീഡിയോ, സോണി ലിവ് എന്നിങ്ങനെയാണ് മറ്റുള്ളവയുടെ സ്ഥാനം. സൗജന്യ സേവനങ്ങള്‍ നല്‍കുന്ന യൂട്യൂബും, എംഎക്‌സ് പ്ലയറുമാണ് രാജ്യത്ത് ഏറ്റവും അധികം ആളുകള്‍ ഉപയോഗിക്കുന്ന വീഡിയോ കണ്ടന്റ് പ്ലാറ്റ്‌ഫോമുകള്‍.