സ്‌പേസ്എക്‌സ് പാപ്പരായേക്കാം; മുന്നറിയിപ്പ് നല്‍കി ഇലോണ്‍ മസ്‌ക്, പിന്നാലെ ഉപഗ്രഹ വിക്ഷേപണവും

ഇലോണ്‍ മസ്‌കിന്റെ ബഹികാരാകാശ കമ്പനി സ്‌പേസ്എക്‌സ് പുതിയ ഉപഗ്രഹങ്ങള്‍ വിജകരമായി വിക്ഷേപിച്ചു. സ്റ്റാര്‍ലിങ്ക് ഇന്റര്‍നെറ്റിന്റെ 48 എണ്ണം ഉള്‍പ്പടെ 50 ഉപഗ്രഹങ്ങളാണ് സ്‌പേസ്എക്‌സ് വിക്ഷേപിച്ചത്. ഫാല്‍ക്കണ്‍ 9 റോക്കറ്റുകളാണ് ഉപഗ്രഹങ്ങളുമായി കുതിച്ച് ഉയര്‍ന്നത്. വിക്ഷേപണം വിജയമായെങ്കിലും സ്‌പേസ്എക്‌സിന്റെ ഭാവിയെക്കുറിച്ച് മസ്‌ക് കടുത്ത ആശങ്കയിലാണെന്നാണ് സൂചന. ഇത് ശരിവെക്കുന്ന ഇ-മെയിലാണ് മസ്‌ക് കഴിഞ്ഞ ദിവസം സ്ഥാപനത്തിലെ ജീവനക്കാര്‍ക്ക് അയച്ചത്.

സ്‌പേസ്എക്‌സ് പുതുതായി വികസിപ്പിക്കുന്ന റാപ്റ്റര്‍ എഞ്ചിന്‍ വേഗത്തില്‍ പൂര്‍ത്തിയാക്കിയില്ലെങ്കില്‍ കമ്പനി കടബാധ്യതയിലേക്ക് പോകാമെന്നാണ് മസ്‌ക് ഇ-മെയിലിലൂടെ അറിയിച്ചത്. അതിനാല്‍ എല്ലാവരും അവധിദിനങ്ങളിലും ജോലി ചെയ്യണമെന്നും മസ്‌ക് ആവശ്യപ്പെട്ടു. താനും പൂര്‍ണ സമയം റാപ്റ്ററിനായി ചെലവഴിക്കുമെന്നും മസ്‌ക് വ്യക്തമാക്കിയിരുന്നു.
സ്‌പേസ് എക്‌സ് വികസിപ്പിക്കുന്ന സ്റ്റാര്‍ഷിപ്പിന്റെ ഏറ്റവും പ്രധാന ഘടകമാണ് റാപ്റ്റര്‍ എഞ്ചിന്‍. ബഹിരാകാശത്തേക്ക് മനുഷ്യരെയും, ഒപ്പം ചരക്കുകളും എത്തിക്കാന്‍ ലക്ഷ്യമിട്ടാണ് കമ്പനി സ്റ്റാര്‍ഷിപ്പ് നിര്‍മിക്കുന്നത്. കൂടാതെ സ്റ്റാര്‍ലിങ്ക് ഉപഗ്രഹം വി2 വിക്ഷേപിക്കുന്നതും റാപ്റ്റര്‍ എഞ്ചിനില്‍ പ്രവര്‍ത്തിക്കുന്ന റോക്കറ്റിലാണ്. നിലവിലെ ഫാല്‍ക്കണ്‍ റോക്കറ്റിന് സ്റ്റാര്‍ലിങ്ക് വി2 വഹിക്കാനുള്ള ശേഷിയില്ല.
നേരത്തെ മസ്‌ക് അറിയിച്ചിരുന്നത് അനുമതി ലഭിച്ചാല്‍ 2022 ജനുവരിയില്‍ സ്റ്റാര്‍ഷിപ്പ് ഭ്രമണപദത്തില്‍ എത്തിക്കുമെന്നായിരുന്നു. സ്റ്റാര്‍ഷിപ്പിനും സ്റ്റാര്‍ലിങ്ക് ഇന്റര്‍നെറ്റ് പ്രോജക്ടിനുമായി വന്‍തുകയാണ് മസ്‌ക് സമാഹരിച്ചിരിക്കുന്നത്. നിലവില്‍ 100 ബില്യണ്‍ ഡോളറാണ് സ്‌പേസ്എക്‌സിന്റെ മൂല്യം.


Related Articles
Next Story
Videos
Share it