ലൈസന്‍സ് ലഭിക്കാതെ ഓര്‍ഡറുകള്‍ സ്വീകരിച്ചു, മസ്‌കിന്റെ കമ്പനിക്കെതിരെ കേന്ദ്രം

ഇന്ത്യയില്‍ പ്രവര്‍ത്തിക്കാന്‍ ലൈസന്‍സ് ലഭിക്കും മുമ്പ് മുന്‍കൂര്‍ ഓര്‍ഡറുകള്‍ സ്വീകരിച്ച് പണം കൈപ്പറ്റിയ സ്റ്റാര്‍ലിങ്ക് സാറ്റലൈറ്റ് കമ്പനിക്കെതിരെ കേന്ദ്രം. ഓര്‍ഡറുകള്‍ക്ക് നല്‍കിയ പണം ഉപഭോക്താക്കള്‍ക്ക് തിരിച്ചുനല്‍കാന്‍ കേന്ദ്രം കമ്പനിയോട് ആവശ്യപ്പെട്ടു. തുക മടക്കി നല്‍കുന്നത് സംബന്ധിച്ച്, ഓര്‍ഡറുകള്‍ നല്‍കിയവര്‍ക്ക് കമ്പനി സന്ദേശം അയച്ചിട്ടുണ്ട്. 5000ല്‍ അധികം പ്രീ ഓഡറുകളായിരുന്നു കമ്പനിക്ക് ലഭിച്ചത്. ലൈസന്‍സ് ലഭിക്കാത്ത സ്ഥാപനത്തിന് ഓര്‍ഡറുകള്‍ നല്‍കുന്നതിനെതിരെ കേന്ദ്രം നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു.

ശതകോടീശ്വരനായ ഇലോണ്‍ മസ്‌കിന്റെ സ്പേസ് എക്സിനു കീഴിലുള്ള സാറ്റലൈറ്റ് ഇന്റര്‍നെറ്റ് ഡിവിഷനാണ് സ്റ്റാര്‍ ലിങ്ക്. കഴിഞ്ഞ വര്‍ഷം നവംബറിലാണ് ഇന്ത്യയില്‍ സേവനങ്ങള്‍ നല്‍കുമെന്നും കമ്പനി രജിസ്റ്റര്‍ ചെയ്തതായും സ്റ്റാര്‍ലിങ്ക് അറിയിച്ചത്. ജനുവരി അവസാനത്തോടെ ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്നതിനുള്ള ലൈസന്‍സ് സ്റ്റാര്‍ലിങ്കിന് ലഭിച്ചേക്കും. ലോകമെമ്പാടും ഇന്റര്‍നെറ്റ് സേവനം ലഭ്യമാക്കാന്‍ സ്പേസ്എക്സ് 1800 ഉപഗ്രഹങ്ങള്‍ വിന്യസിച്ചിട്ടുണ്ട്. ഇതുവഴി വിദൂര ഗ്രാമങ്ങളിലേക്ക് പോലും എളുപ്പത്തില്‍ അതിവേഗ ഇന്റര്‍നെറ്റ് സേവനം ലഭ്യമാക്കാന്‍ സ്റ്റാര്‍ലിങ്കിന് കഴിയും.
ആമസോണ്‍ ഡോട്ട് കോമിന്റെ കൈപ്പര്‍, ബ്രിട്ടീഷ് ഗവണ്‍മെന്റിന്റെയും ഇന്ത്യയിലെ ഭാരതി എന്റര്‍പ്രൈസസിന്റെയും ഉടമസ്ഥതയിലുള്ള വണ്‍വെബ് എന്നിവയുമായാണ് സ്റ്റാര്‍ലിങ്ക് ഇന്ത്യന്‍ വിപണിയില്‍ മത്സരിക്കേണ്ടത്. ഇന്ത്യയില്‍ സേവനം നല്‍കാനുള്ള അനുമതി ലഭിച്ചാല്‍ ഡല്‍ഹിയിലെയും സമീപത്തെ ഗ്രാമപ്രദേശങ്ങളിലെയും സ്‌കൂളുകള്‍ക്ക് 100 ഉപകരണങ്ങള്‍ സൗജന്യമായി നല്‍കാനാണ് സ്റ്റാര്‍ലിങ്കിന്റെ പദ്ധതി. ഇതിനു പിന്നാലെ 12 ഗ്രാമീണ ജില്ലകള്‍ ലക്ഷ്യം വെക്കും. ഡിസംബര്‍ 2022 ഓടെ രണ്ടു ലക്ഷം ഡിവൈസുകള്‍ ഇന്ത്യയില്‍ വില്‍ക്കുകയാണ് കമ്പനിയുടെ ലക്ഷ്യം.


Related Articles
Next Story
Videos
Share it