ഫ്ലിപ്കാര്‍ട്ട്; ബെംഗളൂരുവിലെ ഒരു വീട്ടില്‍ നിന്ന് തുടങ്ങിയ ഇ-കൊമേഴ്‌സ് വിപ്ലവം
വര്‍ഷം 2007 ഒക്ടോബര്‍ ആന്ധ്രാ സ്വദേശിയും ബ്ലോഗറുമായ വിവി ചന്ദ്ര ഒരു ബുക്ക് അന്വേഷിച്ച് നടക്കുകയാണ്. മൈക്രോസോഫ്റ്റില്‍ എക്സിക്യൂട്ടീവ് ആ.യിരുന്ന ജോൺ വൂഡ് എഴുതിയ ലീവിംഗ് മൈക്രോസോഫ്റ്റ് ടു ചെയ്ഞ്ച് ദി വേള്‍ഡ് എന്ന പുസ്തകമായിരുന്നു അത്. എവിടെ തിരഞ്ഞിട്ടും സ്റ്റോക്കില്ല. അങ്ങനെയിരിക്കെ തന്റെ ബ്ലോഗില്‍ സച്ചിന്‍ ബന്‍സാല്‍ ചെയ്ത ഒരു കമന്റിലൂടെയാണ് ഫ്ലിപ്കാര്‍ട്ടിന്റെ ലിങ്ക് ചന്ദ്രയ്ക്ക് കിട്ടുന്നത്. താന്‍ തിരഞ്ഞു നടന്ന പുസ്തകം ഫ്ലിപ്കാര്‍ട്ടില്‍ ചന്ദ്ര കണ്ടെത്തി. ഇതുവരെ പേര് പോലും കേള്‍ക്കാത്ത ഒരു പ്ലാറ്റ് ഫോം. സംശയിച്ചെങ്കിലും 500 രൂപയുടെ ബുക്കല്ലെ ഒരു ഭാഗ്യപരീക്ഷണം നടത്താം എന്ന് കരുതി അയാള്‍ ഫ്ലിപ്കാര്‍ട്ടിലൂടെ ബുക്ക് ഓര്‍ഡര്‍ ചെയ്തു. ഫ്ലിപ്കാര്‍ട്ടിനെ സംബന്ധിച്ച് കേവലം ബുക്ക് ഓര്‍ഡര്‍ ചെയ്ത ഏതെങ്കിലും ഒരാളായിരുന്നില്ല ചന്ദ്ര. മറിച്ച് തങ്ങളുടെ ആദ്യത്തെ റിയല്‍ കസ്റ്റമര്‍ ആയിരുന്നു.
ഫ്ലിപ്കാർട്ടിന്റെ തുടക്കം
2005ല്‍ ഐഐടി ഡല്‍ഹിയില്‍ വെച്ചാണ് സച്ചിന്‍ ബന്‍സാലും ബിന്നി ബന്‍സാലും ആദ്യമായി കണ്ടുമുട്ടുന്നത്. പഠനശേഷം ബംഗളൂരുവില്‍ ജോലി ചെയ്യവെ ഇരുവരുടെയും സൗഹൃദം വളര്‍ന്നു. ബിന്നിയെ ആമസോണിലേക്ക് റെഫര്‍ ചെയ്യുന്നത് പോലും സച്ചിനാണ്. ആമസോണിലെ ജോലിക്കിടെയാണ് ഫ്ലിപ്കാര്‍ട്ട് എന്ന ആശയം ഇരുവരുടെയും ഉള്ളില്‍ വിരിയുന്നത്. അന്ന് രാജ്യത്തെ ആദ്യ ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമായ് ഇന്ത്യ പ്ലാസ ഉള്‍പ്പടെ കുറച്ചധികം പേര്‍ ഈ രംഗത്ത് ഉണ്ടായിരുന്നു. ഈ പ്ലാറ്റ്ഫോമുകളിലെയെല്ലാം ഉല്‍പ്പന്നങ്ങളും അവയുടെ വിലയും കംപെയര്‍ ചെയ്യുന്ന ഒരു വെബ്സൈറ്റ് ആയിരുന്നു ഇവരുടെ ലക്ഷ്യം. എന്നാല്‍ അന്നുണ്ടായിരുന്ന ഈ ഇ-കൊമേഴ്സ് വെബ്സൈറ്റുകള്‍ക്കൊന്നും നല്ല ഡിസൈനോ, ഗുണനിലവാരമുള്ള ഉല്‍പ്പന്നങ്ങളോ മികച്ച കസ്റ്റമര്‍ സര്‍വീസോ ഉണ്ടായിരുന്നില്ല. അങ്ങനെയാണ് ഒരു ഇ-കൊമേഴ്സ് വെബ്സൈറ്റ് തന്നെ ലോഞ്ച് ചെയ്യുന്നതിനെ പറ്റി ഇരുവരും ചിന്തിക്കുന്നത്.
4 ലക്ഷം രൂപ മുതല്‍മുടക്കില്‍ ബെംഗളൂരുവിലെ ഒരു വീട്ടില്‍ 2007ല്‍ ആണ് സച്ചിനും ബിന്നിയും ചേര്‍ന്ന് ഫ്ലിപ്കാര്‍ട്ട് ആരംഭിക്കുന്നത്. 400ല്‍ അധികം കാറ്റഗറികളുള്ള ഒരു ഓണ്‍ലൈന്‍ ബുക്ക് സ്റ്റോറായിരുന്നു ഫ്ലിപ്കാര്‍ട്ട്. പ്ലാറ്റ്ഫോം തുടങ്ങി നാല് മാസങ്ങള്‍ക്ക് ശേഷമാണ് ഫ്ലിപ്കാര്‍ട്ടിന് ചന്ദ്രയുടെ ഓര്‍ഡര്‍ ലഭിക്കുന്നത്. അതുവരെ സുഹൃത്തുക്കളും ബന്ധുക്കളുമായി ഇരുവര്‍ക്കും അറിയാവുന്ന ആളുകള്‍ മാത്രമായിരുന്നു ഫ്ലിപ്കാര്‍ട്ടിലൂടെ ബുക്കുകള്‍ ഓര്‍ഡര്‍ ചെയ്തിരുന്നത്. രാജ്യത്തെ ആദ്യ ഇ-കൊമേഴ്സ് വെബ്സൈറ്റോ, ഓണ്‍ലൈന്‍ ബുക്ക് സ്റ്റോറോ ഒന്നും ആയിരുന്നില്ല ഫ്ലിപ്കാര്‍ട്ട്. പക്ഷെ ഇന്ത്യ മുഴുവന്‍ അറിയപ്പെടുന്ന ഇത്തരത്തിലുള്ള ആദ്യ വെബ്സൈറ്റായി ഫ്ലിപ്കാര്‍ട്ട് എങ്ങനെയാണ് മാറിയത്. അതിന്റെ ഉത്തരം തങ്ങളുടെ ആദ്യ കസ്റ്റമര്‍ ചന്ദ്രയെ ഫ്ലിപ്കാര്‍ട്ട് എങ്ങനെയാണ് കൈകാര്യം് ചെയ്തത് എന്നതില്‍ നിന്ന് തന്നെ മനസിലാക്കാം.
ചന്ദ്ര ഓര്‍ഡര്‍ ചെയ്ത ബുക്ക് കണ്ടെത്താന്‍ ആദ്യം സച്ചിനും ബിന്നിക്കും കഴിഞ്ഞില്ല. ഒടുവില്‍ കാലതാമസം ചൂണ്ടിക്കാട്ടി ചന്ദ്രയ്ക്ക് അവര്‍ ഒരു മെയില്‍ അയച്ചു. ഒടുവില്‍ ബുക്ക് കിട്ടിയപ്പോള്‍ 10 ശതമാനം ഡിസ്‌കൗണ്ടോടെ നല്‍കുകയും ചെയ്തു. ചന്ദ്രയെ സംബന്ധിച്ച് ഇങ്ങനെ ഒരു അനുഭവം ഇത് ആദ്യമായിരുന്നു. 3 മാസത്തിനിടെ 20 ഷിപ്മെന്റ്കള്‍ മാത്രം ലഭിച്ച കമ്പനി 6 മാസം കൊണ്ട് ലാഭത്തിലായി. 2008 മാര്‍ച്ചില്‍ ഫ്ലിപ്കാര്‍ട്ടിന്റെ ആദ്യ ഓഫീസ് തുറന്നു. പ്രവര്‍ത്തനം ആരംഭിച്ച് ഒരു വര്‍ഷം കഴിയുമ്പോഴേക്കും 6 ജീവനക്കാരും ഫ്ലിപ്കാര്‍ട്ടില്‍ എത്തി. 2009 മാര്‍ച്ചാകുമ്പോഴേക്കും 4 കോടി രൂപയുടെ ബുക്കുകള്‍ ഫ്ലിപ്കാര്‍ട്ട് വിറ്റുകഴിഞ്ഞിരുന്നു.
2009ല്‍ തന്നെയാണ് 1 മില്യണ്‍ ഡോളറിന്റെ ആദ്യ നിക്ഷേപം ഫ്ലിപ്കാര്‍ട്ടിന് ലഭിക്കുന്നത്. രാജ്യത്തെ നമ്പര്‍വണ്‍ ഓണ്‍ലൈന്‍ ബുക്ക് സ്റ്റോറായി മാറിയ ഫ്ലിപ്കാര്‍ട്ട് പതിയെ മറ്റ് ഉല്‍പ്പന്നങ്ങളും പ്ലാറ്റ്ഫോമില്‍ അവതരിപ്പിച്ചു. അങ്ങനെ മൊബൈല്‍ ഫോണുകള്‍ ഫ്ലിപ്കാര്‍ട്ടില്‍ എത്തി. എന്നാല്‍ സച്ചിനും ബിന്നിയും വിചാരിച്ചതുപോലെ മൊബൈല്‍ ഫോണുകള്‍ക്ക് വലിയ വില്‍പ്പന ഉണ്ടായിരുന്നില്ല. 100ഉം 500ഉം രൂപ വിലയുള്ള ബുക്കുകള്‍ പോലെ ആയിരുന്നില്ല ഉയര്‍ന്ന വിലയുള്ള മൊബൈല്‍ ഫോണുകളെ ആളുകള്‍ കണ്ടിരുന്നത്. വില കൂടിയ ഉല്‍പ്പന്നങ്ങള്‍ ഓര്‍ഡര്‍ ചെയ്യുന്ന തരത്തില്‍ ആളുകളുടെ വിശ്വാസം നേടിയെടുക്കുക ഒരു വെല്ലുവിളി ആയിരുന്നു. ക്യാഷ് ഓണ്‍ ഡെലിവറി, റീഫണ്ട് പോളിസി റിട്ടേണ്‍ പോളിസി തുടങ്ങിയവയിലൂടെ ഈ പ്രശ്നം അവര്‍ മറികടന്നു.
2011 ആകുമ്പോഴേക്കും മൊബൈല്‍, ക്യാമറ, ലാപ്ടോപ്പ്, വീഡിയോ ഗെയിം കണ്‍സോളുകള്‍, സിഡി, ഡിവിഡികള്‍ തുടങ്ങിയവെയല്ലാം വില്‍ക്കുന്ന പ്ലാറ്റ്ഫോമായി ഫ്ലിപ്കാര്‍ട്ട് മാറി. 2012ല്‍ 150 മില്യണ്‍ ഡോളര്‍ സമാഹരിച്ചതോടെ ഫ്ലിപ്കാര്‍ട്ടിന്റെ മൂല്യം 1 ബില്യണ്‍ കടന്നു. രാജ്യത്തെ രണ്ടാമത്തെ യുണീകോണ്‍ സ്റ്റാര്‍ട്ടപ്പ് ആയി ആണ് ഫ്ലിപ്കാര്‍ട്ടിനെ വിലയിരുത്തുന്നത്. പക്ഷെ അന്ന് യുണീകോണ്‍ എന്ന പേര് ഉപയോഗിച്ചിരുന്നില്ല. ഇന്‍മൊബി ആണ് ഇന്ത്യയിലെ ആദ്യ യൂണികോണ്‍ കമ്പനി.
ഇതിനിടെ 2013ല്‍ ആമസോണ്‍ ഇന്ത്യന്‍ വിപണിയില്‍ പ്രവേശിച്ചു. അതോടെ മത്സരം ശക്തമായി. പക്ഷെ എന്തിനും തയ്യാറായി ഫ്ലിപ്കാര്‍ട്ട് നില ഉറപ്പിച്ചു. 2014ല്‍ മാത്രം വിവിധ ഘട്ടങ്ങളിലായി 2 ബില്യണോളം ഡോളര്‍ സമാഹരിച്ച കമ്പനി ഏറ്റെടുക്കലുകളിലൂടെ തങ്ങളുടെ ആധിപത്യം ഉറപ്പിക്കുകയായിരുന്നു.
വിജയ വഴിയിലെ പരാജയങ്ങള്‍
ഫ്ലിപ്കാര്‍ട്ടിന്റെ ഏറ്റെടുക്കലുകളെക്കുറിച്ച് പറയും മുമ്പ് ഒരു കാര്യം..സച്ചിന്റെയും ബിന്നിയുടെയും ഫ്ലിപ്കാര്‍ട്ട് യാത്ര വിജയങ്ങളുടേത് മാത്രമായിരുന്നില്ല. 2016ല്‍ ഫോണ്‍പേ ഏറ്റെടുക്കുന്നത് തന്നെ വലിയൊരു പരാജയത്തില്‍ നിന്നുള്ള പാഠങ്ങള്‍ ഉള്‍ക്കൊണ്ടായിരുന്നു. 2011ല്‍ ആണ് ഫ്ലിപ്കാര്‍ട്ട് ആദ്യമായി മറ്റൊരു കമ്പനിയെ ഏറ്റെടുക്കുന്നത്. മൈം 360 എന്ന ഒരു മ്യൂസിക് സ്ട്രീമിംഗ് പ്ലാറ്റ്ഫോമിനെ ഏറ്റെടുത്ത് ഫ്ലൈറ്റ് എന്ന പേരില്‍ മുഖം മാറ്റി അവതരിപ്പിക്കുകയായിരുന്നു ഫ്ലിപ്കാര്‍ട്ട്. എന്നാല്‍ ഒരു മ്യൂസിക് സ്ട്രീമിംഗ് പ്ലാറ്റ്ഫോം ഉപയോഗിക്കാന്‍ തക്ക രീതിയിലേക്ക് അന്ന് ഇന്ത്യക്കാര്‍ വളര്‍ന്നിരുന്നില്ല. ചെലവേറിയതും വേഗം കുറഞ്ഞതുമായ ഇന്റര്‍നെറ്റ് ഉപയോഗിച്ചിരുന്ന ഇന്ത്യക്കാര്‍ പാട്ടുകള്‍ ഡൗണ്‍ലോഡ് ചെയ്ത് കേള്‍ക്കാനാണ് താല്‍പ്പര്യപ്പെട്ടത്. ഒരു വര്‍ഷത്തിനപ്പുറം ഫ്ലൈറ്റിന് ആയുസുണ്ടായിരുന്നില്ല. പേസിപ്പി എന്ന പേരില്‍ തുടങ്ങിയ ഓണ്‍ലൈന്‍ പേയ്മെന്റ് സംവിധാനമായിരുന്നു മറ്റൊന്ന്. അതും ഒരു വര്‍ഷം കൊണ്ട് പൂട്ടി. മറ്റൊന്നായിരുന്നു 60 മിനിട്ട് കൊണ്ട് ഗ്രോസറി ഡെലിവറി എന്ന ലക്ഷ്യവുമായി അവതരിപ്പിച്ച ഫ്ലിപ്കാര്‍ട്ട് നിയര്‍ബൈ ഹൈപ്പര്‍ ലോക്കല്‍ ഡെലിവറി ആപ്പ്.
ഈ പരാജയങ്ങള്‍ക്കിടെയാണ് 2014ല്‍ 2000 കോടി രൂപയ്ക്ക് മിന്ത്രയെയും 2016ല്‍ ജബോങ്കിനെയും ഏറ്റെടുത്ത് കൊണ്ട് ഫാഷന്‍ മേഖലയില്‍ ഫ്ലിപ്കാര്‍ട്ട് ചുവടുറപ്പിച്ചത്. 2017ല്‍ ഇബെ.ഇന്നിനെയും ഫ്ലിപ്കാര്‍ട്ട് സ്വന്തമാക്കി. ഒടുവില്‍ ഫ്ലിപ്ക്കാര്‍ട്ടിനെ തന്നെ ഏറ്റെടുക്കാന്‍ മറ്റൊരു കമ്പനി എത്തി. വാള്‍മാര്‍ട്ട്. 20 മാസങ്ങളോളം നീണ്ട ചര്‍ച്ചകള്‍ക്കൊടുവില്‍ 16000 കോടി രൂപയ്ക്കാണ് 2018ല്‍ ഫ്ലിപ്കാര്‍ട്ടിനെ വാള്‍മാര്‍ട്ട് എറ്റെടുക്കുന്നത്. തുടര്‍ന്ന് സച്ചിനും 6 മാസങ്ങള്‍ക്ക് ശേഷം ബിന്നിയും ഫ്ലിപ്കാര്‍ട്ടില്‍ നിന്ന് പടിയിറങ്ങി.
2007ല്‍ ഫ്ലിപ്കാര്‍ട്ട് ആരംഭിക്കുമ്പോള്‍ ഇന്ത്യയില്‍ ഇന്റെര്‍നെറ്റ് ഉപയോഗിക്കുന്നവരുടെ എണ്ണം ആകെ ജനസംഖ്യയുടെ 5 ശതമാനത്തിലും താഴെ ആയിരുന്നു. ഇന്ന് ജനസംഖ്യയുടെ പകുതിയോളം പേരും ഇന്റര്‍നെറ്റ് ഉപയോഗിക്കുന്ന രാജ്യമായി ഇന്ത്യ മാറി. 350 മില്യണിലധികം ഉപഭോക്താക്കളുമായി രാജ്യത്തെ ഏറ്റവും വലിയ ഇ-കൊമേഴ്സ് സ്ഥാപനമായി തുടരുകയാണ് ഫ്ലിപ്കാര്‍ട്ട്.
പോഡ്കാസ്റ്റ് കേൾക്കാൻ ആയി : EP08- 'ഫ്ലിപ്കാര്‍ട്ട്' പിറന്ന കഥ