അദാനി-ഹിന്‍ഡന്‍ബെര്‍ഗ് കേസ്: നിര്‍ണായക സുപ്രീംകോടതി വിധി ഇന്ന്

അദാനി-ഹിന്‍ഡന്‍ബര്‍ഗ് കേസുമായി ബന്ധപ്പെട്ട ഹര്‍ജികളില്‍ സുപ്രീംകോടതി ഇന്ന് വിധി പറയും. ചീഫ് ജസ്റ്റിസ് ഡി. വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് രാവിലെ പത്തരയ്ക്കാണ് വിധി പറയുക. ഓഹരി വിപണിയുമായി ബന്ധപ്പെട്ട് അദാനി ഗ്രൂപ്പ് കൃത്രിമത്വം കാണിച്ചെന്ന ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിലെ ആരോപണങ്ങളില്‍ കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജികളിലാണ് ഇന്ന് സുപ്രീം കോടതി വിധി പറയുക.

അദാനിക്കേറ്റ പ്രഹരം

അമേരിക്കന്‍ നിക്ഷേപ-ഗവേഷണസ്ഥാപനമായ ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ചിന്റെ ആരോപണ ശരങ്ങള്‍ അദാനി ഗ്രൂപ്പ് ഓഹരികളിന്മേല്‍ ഏല്‍പ്പിച്ച ആഘാതം ചെയര്‍മാന്‍ ഗൗതം അദാനിയുടെ ആസ്തിയിലും വന്‍ തകര്‍ച്ചയ്ക്ക് കളമൊരുക്കി. അദാനി ഗ്രൂപ്പ് കൃത്രിമമായി ഓഹരിവില പെരുപ്പിച്ച് കാട്ടിയെന്നും ആ ഓഹരികള്‍ ഈടുവച്ച് വായ്പ എടുത്തെന്നും കടലാസ് കമ്പനികളിലേക്ക് പണം തിരിമറി നടത്തിയെന്നും ഉള്‍പ്പെടെയുള്ള ഗുരുതര ആരോപണങ്ങളാണ് 2023 ജനുവരിയില്‍ ഹിന്‍ഡന്‍ബര്‍ഗ് ഉന്നയിച്ചത്.

12,000 കോടി ഡോളര്‍ വിപണിമൂല്യമുള്ള ഗ്രൂപ്പ് 10,000 കോടിയിലേറെ നേടിയത് ഇത്തരത്തിലാണെന്നും 2 വര്‍ഷത്തെ അന്വേഷണത്തിലൂടെ തയാറാക്കിയെന്ന് അവകാശപ്പെടുന്ന ഹിന്‍ഡന്‍ബര്‍ഗിന്റെ റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. തൊട്ടുപിന്നാലെ അദാനി ഗ്രൂപ്പ് ഓഹരികളുടെ വില തകര്‍ന്നടിഞ്ഞു. 2023 ജനുവരി 27ന് മാത്രം ഗൗതം അദാനിയുടെ ആസ്തിയില്‍ നിന്ന് 2,080 കോടി ഡോളര്‍ (1.70 ലക്ഷം കോടി രൂപ) കൊഴിഞ്ഞിരുന്നു.

പിന്നീട് ദിവസങ്ങള്‍ക്കുള്ളില്‍ അദാനി ഗ്രൂപ്പിന് 14,000 കോടി ഡോളറിലധികം നഷ്ടപ്പെടുകയും 20,000 കോടി രൂപയുടെ ഓഹരി വില്‍പ്പന റദ്ദാക്കേണ്ടി വരികയും ചെയ്തു. തുടര്‍ന്ന് ഗ്രൂപ്പിനെതിരെ അന്വേഷണം ആരംഭിക്കുകയായിരുന്നു. ഇതോടെ അദാനി ഗ്രൂപ്പ് കമ്പനികളുടെ ഓഹരികളില്‍ ഇടിവ് നേരിട്ട് തുടങ്ങി.

തെളിവുകളില്ലെന്ന് നീരീക്ഷിച്ചിരുന്നു

അദാനി ഗ്രൂപ്പിനെതിരെ അന്വേഷണം തുടര്‍ന്നു. ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ അദാനി ഗ്രൂപ്പിന്റെ സെക്യൂരിറ്റീസ് നിയമ ലംഘനങ്ങളെക്കുറിച്ച് അന്വേഷിക്കാന്‍ സുപ്രീം കോടതി മാര്‍ച്ചില്‍ സെക്യൂരിറ്റീസ് ആന്‍ഡ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യയോട് (സെബി) നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍, വിഷയത്തില്‍ അന്വേഷണം പൂര്‍ത്തിയാക്കുന്നതിലെ കാലതാമസം സംബന്ധിച്ച് സെബിക്കെതിരെ വിമര്‍ശനമുണ്ടായിരുന്നു.

പിന്നീട് ഈ വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ ഓഹരി നിക്ഷേപക രംഗത്തെ സുരക്ഷ ഉറപ്പാക്കാനുള്ള നടപടികള്‍ക്കായി സുപ്രീം കോടതി മുന്‍ ജഡ്ജി എ.എം.സാപ്രെ അധ്യക്ഷനായ ആറംഗ സമിതിയും സുപ്രീം കോടതി രൂപീകരിച്ചിരുന്നു. കേസില്‍ അന്തിമവാദം കേള്‍ക്കുന്നതിനിടെ അദാനിക്കെതിരായ ഹിന്‍ഡന്‍ബെര്‍ഗ് റിപ്പോര്‍ട്ടില്‍ സെബിയുടെയും വിദഗ്ധസമിതിയുടെയും അന്വേഷണങ്ങളില്‍ സംശയിക്കാനുള്ള തെളിവുകളില്ലെന്ന് സുപ്രീംകോടതി നീരീക്ഷിച്ചിരുന്നു.

പ്രതാപം തിരിച്ചുപിടിച്ച് അദാനി

ആരോപണങ്ങളും കേസുമെല്ലാമായി മുന്നോട്ട് പോകുമ്പോഴും അദാനി ഗ്രൂപ്പ് പഴയ പ്രതാപം തിരിച്ചുപിടിക്കാന്‍ അതീവ ശ്രമങ്ങള്‍ നടത്തി. വായ്പകള്‍ തിരിച്ചടച്ചും, റോഡ് ഷോകള്‍ നടത്തിയും ഏറ്റെടുക്കലുകളുടെ എണ്ണം വര്‍ധിപ്പിച്ചും അദാനി ഗ്രൂപ്പ് പിടിച്ചു നില്‍ക്കാന്‍ ശ്രമിച്ചു. മെല്ലെ ഗ്രൂപ്പിന്റെ ഓഹരികള്‍ ഉയരാന്‍ തുടങ്ങി. ചില അദാനി ഓഹരികള്‍ പൂര്‍ണമായി വീണ്ടെടുക്കാനായിട്ടില്ലെങ്കിലും മിക്കവയും കാര്യമായ നേട്ടം പ്രകടിപ്പിക്കാന്‍ തുടങ്ങി.

വിധി നിര്‍ണായകം, ആശങ്കില്‍ ഓഹരിയുടമകള്‍

കേസിലെ കോടതി വിധി കേന്ദ്രത്തിനും അദാനി ഗ്രൂപ്പിനും നിര്‍ണായകമാണ്. മാത്രമല്ല ഓഹരിയുടമകളും വിധിയെ ഉറ്റുനോക്കുകയാണ്. അനുകൂലമായ ഫലമുണ്ടാകുമെന്ന പ്രതീക്ഷയില്‍ അദാനി എനര്‍ജി സൊല്യൂഷന്‍സിന്റെ ഓഹരികള്‍ 7.51 ശതമാനം ഉയര്‍ന്ന് 1,724 രൂപയിലെത്തി. അദാനി ടോട്ടല്‍ ഗ്യാസ് ഓഹരികള്‍ 10 ശതമാനം ഉയര്‍ന്ന് 1,100.95 രൂപയിലെത്തി.

ഗ്രൂപ്പ് അദാനി എന്റര്‍പ്രൈസസ് ഓഹരി 7.38 ശതമാനം ഉയര്‍ന്ന് 3,149.60 രൂപയിലെത്തി.അദാനി പവര്‍ ഓഹരികള്‍ 5 ശതമാനം അപ്പര്‍ സര്‍ക്യൂട്ട് പരിധി 544.65 രൂപയിലെത്തി. അദാനി ഗ്രീന്‍ എനര്‍ജി 8.23 ശതമാനം ഉയര്‍ന്ന് 1,733.00 രൂപയിലെത്തി. അദാനി പോര്‍ട്ട്‌സ് 4.59 ശതമാനം വര്‍ധിച്ച് 1,127.95 രൂപയിലും ഇന്ന് വ്യാപരം നടത്തുകയാണ്.

Related Articles
Next Story
Videos
Share it