എയര്‍ ഇന്ത്യ വീണ്ടും ടാറ്റാ ഗ്രൂപ്പിലേക്കോ?

ഏറ്റെടുക്കാനുള്ള മോഹം പ്രകടമാക്കി ടാറ്റാ സണ്‍സ് ചെയര്‍മാന്‍ എന്‍. ചന്ദ്രശേഖരന്‍

Air India flight
Photo courtesy: facebook.com/Airindia

സാമ്പത്തിക പ്രതിസന്ധിയിലുഴലുന്ന പൊതുമേഖലാ വിമാനകമ്പനിയായ എയര്‍ ഇന്ത്യയെ ഏറ്റെടുക്കാന്‍ ടാറ്റാ ഗ്രൂപ്പിനു താല്‍പ്പര്യമുള്ളതായി ടാറ്റാ സണ്‍സ് ചെയര്‍മാന്‍ എന്‍. ചന്ദ്രശേഖരന്‍ സൂചന നല്‍കി. ഓഹരി ഇടപാടുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പഠിക്കാന്‍ കമ്പനി ഒരു സംഘത്തെ നിയോഗിക്കുമെന്ന് ഒരു മാധ്യമത്തോട് ആദ്ദേഹം വെളിപ്പെടുത്തി.

എയര്‍ ഇന്ത്യയെ പൂര്‍ണമായും സ്വന്തമാക്കാനുള്ള അവസരം ടാറ്റാ ഗ്രൂപ്പ് ഉപയോഗപ്പെടുത്തിയേക്കുമെന്നാണ് റിപ്പോര്‍ട്ട്. അതേസമയം, നഷ്ടത്തിലേക്ക് കൂപ്പുകുത്തിയ  എയര്‍ ഇന്ത്യയെ ഏറ്റെടുക്കണമെന്ന നിര്‍ദ്ദേശവുമായി ബന്ധപ്പെട്ട് കമ്പനിക്കകത്ത് തന്നെ വ്യത്യസ്ത അഭിപ്രായങ്ങള്‍ ഉണ്ടെന്നാണ് വിവരം. നിലവില്‍ ടാറ്റാ ഗ്രൂപ്പിനു  കീഴില്‍ പ്രവര്‍ത്തിക്കുന്ന വിസ്താരയും എയര്‍ ഏഷ്യയും നഷ്ടത്തിലെത്തിനില്‍ക്കുന്ന സാഹചര്യത്തില്‍ എയര്‍ ഇന്ത്യയും കൂടി ഏറ്റെടുത്താല്‍ വലിയ തിരിച്ചടികള്‍ നേരിട്ടേക്കുമെന്ന അഭിപ്രായം ശക്തമാണ്.

കഴിഞ്ഞ വര്‍ഷം എയര്‍ ഇന്ത്യയുടെ 76 ശതമാനം ഓഹരികള്‍ വിറ്റഴിക്കാനുള്ള ശ്രമം പാളിയിരുന്നു. ഇതേത്തുടര്‍ന്നാണ് 100 ശതമാനം സ്വകാര്യവത്ക്കരണം നടപ്പിാക്കാനുള്ള നീക്കം കേന്ദ്ര സര്‍ക്കാര്‍ ആരംഭിച്ചത്. എയര്‍ ഇന്ത്യയുടെ ആകെ കടം 58,352 കോടി രൂപയായി ഉയര്‍ന്നുകഴിഞ്ഞു. ജീവനക്കാരുടെ ശമ്പളം മുടങ്ങുമെന്ന അഭ്യൂഹം പല തവണയുണ്ടായി. കടബാധ്യത തീര്‍ക്കാന്‍ കമ്പനിയുടെ ആസ്തികള്‍ വിറ്റഴിക്കാനുള്ള നീക്കവും നടക്കുന്നുണ്ട്. കാര്യക്ഷമതയുടെ തലത്തിലും കമ്പനിയുടെ പ്രകടനം മോശമാണ്. സര്‍വീസ് റദ്ദാക്കല്‍ (2.6%), എയര്‍ലൈന്‍ ലോഡ് ഫാക്റ്റര്‍ (80.9%) എന്നിവയിലും രാജ്യത്തെ മറ്റ് വിമാനകമ്പനികള്‍ക്ക് ഏറെ പിന്നിലാണ് എയര്‍ ഇന്ത്യ.

ഈ വര്‍ഷം തന്നെ എയര്‍ ഇന്ത്യയുടെ ഓഹരികള്‍ വിറ്റഴിക്കാന്‍ പറ്റുമെന്നാണ് കേന്ദ്രസര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്. വ്യോമയാന രംഗത്തെ വിദേശ നിക്ഷേപത്തിന്റെ പരിധി ഈ വര്‍ഷം വര്‍ധിപ്പിക്കാക്കാനും സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. ഇത് വ്യോമയാന മേഖലയുടെ വളര്‍ച്ചയ്ക്ക് ഗുണം ചെയ്യുമെന്നാണ് സര്‍ക്കാര്‍ വിലയിരുത്തുന്നത്. നിലവില്‍ വിദേശ കമ്പനികള്‍ക്ക് ഇന്ത്യന്‍ വ്യോമയാന മേഖലയില്‍ പരമാവധി 49 ശതമാനം നിക്ഷേപത്തിനേ അനുമതിയുള്ളൂ. ഈ പരിധിയാണ് സര്‍ക്കാര്‍ ഉയര്‍ത്താന്‍ ഇപ്പോള്‍ ആലോചിച്ചിക്കുന്നത്. കഴിഞ്ഞവര്‍ഷം 74 ശതമാനം ഓഹരി വിറ്റഴിക്കാനുള്ള സര്‍ക്കാര്‍ തീരുമാനം നിക്ഷേപകരെ പിന്നോട്ടടുപ്പിച്ചത് മൂലമാണ് 100 ശതമാനം ഓഹരികള്‍ വിറ്റഴിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ആലോചിച്ചിട്ടുള്ളത്.

ജെആര്‍ഡി ടാറ്റയുടെ നേതൃത്വത്തിലാണ് 1932 ല്‍ എയര്‍ ഇന്ത്യയുടെ ആദിമ രൂപമായ ടാറ്റ എയര്‍ലൈന്‍സ് സ്ഥാപിച്ചത്. 1953 ല്‍ ടാറ്റ എയര്‍ലൈന്‍സ്  ദേശസാല്‍ക്കരിക്കപ്പെട്ടപ്പോഴാണ് ടാറ്റ ഗ്രൂപ്പിന് കമ്പനിയുടെ നിയന്ത്രണം നഷ്ടമായത്.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

LEAVE A REPLY

Please enter your comment!
Please enter your name here