വിദേശ കാര്‍ നിര്‍മാതാക്കള്‍ക്ക് നികുതിയിളവ്: ടാറ്റയ്ക്കും മഹീന്ദ്രയ്ക്കും പ്രതിഷേധം

അമേരിക്കന്‍ കമ്പനിയായ ടെസ്‌ല ഉള്‍പ്പെടെയുള്ള ഇലക്ട്രിക് വാഹന നിര്‍മാതാക്കള്‍ക്ക് ഇറക്കുമതി തീരുവയില്‍ ഇളവ് നല്‍കാനുള്ള കേന്ദ്ര നീക്കത്തിനെതിരെ പ്രമുഖ ഇന്ത്യന്‍ വാഹന നിര്‍മാതാക്കളായ ടാറ്റ മോട്ടോഴ്‌സും മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയും രംഗത്ത്.

ഇറക്കുമതി തീരുവ കുറച്ചാല്‍ ഇന്ത്യയില്‍ ഫാക്ടറി തുടങ്ങാമെന്ന് ടെസ്‌ല നേരത്തെ തന്നെ സര്‍ക്കാരിനെ അറിയിച്ചിരുന്നു. വിദേശ നിര്‍മിത വാഹനങ്ങള്‍ കുറഞ്ഞ വിലയില്‍ ഇന്ത്യന്‍ വിപണിയില്‍ എത്തിക്കാനായാല്‍ കൂടുതലും പേരും അതിലേക്ക് ആകര്‍ഷിക്കപ്പെടാനുള്ള സാധ്യതയുണ്ട്. പ്രത്യേകിച്ച് മധ്യവര്‍ഗ ഉപയോക്താക്കള്‍.
ഈ സാഹചര്യത്തില്‍ ടാറ്റ മോട്ടോഴ്‌സ് പ്രധാനമന്ത്രിയുടെ ഓഫീസുമായും മറ്റ് ഡിപ്പാര്‍ട്ട്‌മെന്റുകളുമായും ഇറക്കുമതി തീരുവ കുറയ്ക്കുന്നതുമായി ബന്ധപ്പെട്ട് ചര്‍ച്ച നടത്തിയതായാണ് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട്.
കുറയ്ക്കരുതെന്നാവശ്യം

ആഭ്യന്തര വാഹന വിപണിയേയും കമ്പനിയുടെ നിക്ഷേപകരേയും സംരക്ഷിക്കേണ്ടതുണ്ടെന്നും നികുതി നിരക്കുകള്‍ കുറയ്ക്കരുതെന്നുമാണ് ടാറ്റയുടെ നിലപാട്‌. പ്രൈവറ്റ് ഇക്വിറ്റി സ്ഥാപനമായ ടി.പി.ഡിയും അബുദബി സ്റ്റേറ്റ് ഹോള്‍ഡിംഗ് കമ്പനി എ.ഡി.ക്യുവും 2021ല്‍ ടാറ്റ ഇലക്ട്രിക് വാഹന ബിസിനസിന് 9 ബില്യണ്‍ ഡോളര്‍ മൂല്യം കണക്കാക്കി 100 കോടി ഡോളര്‍ (ഏകദേശം 8,300 കോടി രൂപ) നിക്ഷേപം നടത്തിയിരുന്നു. വിദേശ നിര്‍മാതാക്കള്‍ ഇന്ത്യയിലേക്ക് എത്തുന്നത് ഭാവിയിലെ ഫണ്ട് സമാഹരണ ശ്രമങ്ങള്‍ക്ക് വിലങ്ങുതടിയാകുമെന്നാണ് ടാറ്റ കണക്കാക്കുന്നത്. രാജ്യത്തെ ഇലക്ട്രിക് വാഹന നിര്‍മാതാക്കളിലെ ലീഡറാണ് ടാറ്റ. ഈ വര്‍ഷം ഇതുവരെ രാജ്യത്ത് 72,000 ഇലക്ട്രിക് കാറുകള്‍ വിറ്റതില്‍ 74 ശതമാനവും ടാറ്റയുടേതാണ്.

ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ലെങ്കിലും മഹീന്ദ്രയും ഈ നീക്കത്തിൽ ആശങ്ക അറിയിച്ചതായാണ് സൂചന. മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര സംഗപ്പൂര്‍ ആസ്ഥാനമായ ടെമാസെക്കില്‍ നിന്നും ബ്രിട്ടീഷ് ഇന്റര്‍നാഷണല്‍ ഇന്‍വെസ്റ്റ്‌മെന്റില്‍ നിന്നും 40 കോടി ഡോളര്‍ (ഏകദേശം 3,300 കോടി രൂപ) നിക്ഷേപം നേടിയിട്ടുണ്ട്.

എല്ലാം ടെസ്‌ലയ്ക്കായി

നികുതി ഇളവ് നല്‍കാനാകില്ലെന്നും ഇന്ത്യയില്‍ നിര്‍മാണ യൂണിറ്റ് ആരംഭിച്ച് പ്രാദേശിക നിര്‍മാണത്തിന് നല്‍കുന്ന നികുതി ആനുകൂല്യം പ്രയോജനപ്പെടുത്താനുമായിരുന്നു നേരത്തെ സര്‍ക്കാര്‍ ടെസ്‌ലയോട് ആവശ്യപ്പെട്ടിരുന്നത്. ഇതേ തുടര്‍ന്ന് ഇന്ത്യയിലേക്കുള്ള വരവ് താത്കാലം വേണ്ടന്ന തീരുമാനത്തിലായിരുന്നു ടെസ്‌ല. പിന്നീട് ഈ വര്‍ഷമാദ്യം പ്രധാനമന്ത്രി നരേന്ദ്രമോദിയും ടെസ്‌ല സ്ഥാപകന്‍ ഇലോണ്‍ മസ്‌കുമായുള്ള കൂടികാഴ്ചയിലാണ് ഇന്ത്യയിലേക്ക് വരാനുള്ള താത്പര്യം വീണ്ടും അറിയിക്കുന്നത്.
ടെസ്‌ലയുടെ വരവ് ലക്ഷ്യമിട്ടാണ് ഇന്ത്യയില്‍ ഫാക്ടറി തുറക്കുമെന്ന് ഉറപ്പു നല്‍കുന്ന ഇലക്ട്രിക് വാഹന നിര്‍മാതാക്കള്‍ക്ക് ഇറക്കുമതി തീരുവ കുറയ്ക്കാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. 40,000 ഡോളറില്‍ താഴെ (ഏകദേശം 33.3 ലക്ഷം രൂപ) വില വരുന്ന ഫുള്ളി ബില്‍റ്റ് ഇലക്ട്രിക് വാഹനങ്ങള്‍ക്ക് ഇറക്കുമതി തീരുവ 15 ശതമാനമായും അതിനു മുകളിലുള്ളവയ്ക്ക് 70 ശതമാനമായും കുറയ്ക്കാനാണ് പദ്ധതി.
നിലവില്‍ പൂര്‍ണമായും വിദേശത്ത് നിര്‍മിച്ച് ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്ന വാഹനങ്ങള്‍ക്ക് 100 ശതമാനമാണ് തീരുവ. ഇത് മൂലം ഇന്ത്യന്‍ വിപണിയില്‍ വാഹനങ്ങള്‍ക്ക് വിദേശ വിപണിയിലേതിനേക്കാള്‍ ഇരട്ടിയിലധികം വില നല്‍കേണ്ടി വരുന്നു. ഇത് വില്‍പ്പനയെ ബാധിക്കുമെന്നതിനാല്‍ വിദേശ കമ്പനികള്‍ ഇറക്കുമതിക്ക് മുതിരുന്നില്ല. ഇതാണ് നികുതി പരിഷ്‌കരിക്കുന്നതിലേക്ക് കേന്ദ്ര സര്‍ക്കാരിനെ എത്തിക്കുന്നത്.

കുറഞ്ഞ നികുതിയില്‍ ഇന്ത്യയിലേക്ക് പ്രീമിയം ശ്രേണിയിലുള്ള വാഹനങ്ങള്‍ ഇറക്കുമതി ചെയ്യാനും 24,000 ഡോളര്‍ വില (ഏകദേശം 20 ലക്ഷം രൂപ) പ്രതീക്ഷിക്കുന്ന കാറുകള്‍ ഇന്ത്യയില്‍ നിര്‍മിക്കാനുമാണ് ടെസ്‌ല ലക്ഷ്യമിടുന്നത്. ടെസ്‌ലയുടെ വിദേശ വിപണിയിലുള്ള മിക്ക മോഡലുകളും 40,000 ഡോളറിനു മേല്‍ വിലയുള്ളതാണ്. 9.2 ലക്ഷം മുതല്‍ 20 ലക്ഷം രൂപ വരെയുള്ള ഇലക്ട്രിക് വാഹനങ്ങളാണ് ടാറ്റ പുറത്തിറക്കുന്നത്.

ലക്ഷ്യം ദ്രുത വളർച്ച

നിലവില്‍ രാജ്യത്തെ മൊത്ത വാഹന വിപണിയുടെ രണ്ട് ശതമാനം മാത്രമാണ് ഇലക്ട്രിക് വാഹനങ്ങള്‍. 2030ഓടെ ഇത് 30 ശതമാനമായി ഉയര്‍ത്താനാണ് സര്‍ക്കാരിന്റെ ലക്ഷ്യം.
ഈ സാഹചര്യത്തില്‍ പ്രാദേശിക നിര്‍മാതാക്കളെ അനുനയിപ്പിച്ച് മുന്നോട്ടു കൊണ്ടുപോകുന്നതിനൊപ്പം വിദേശ കമ്പനികള്‍ക്കും വിപണി പ്രവേശനം എളുപ്പമാക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്.

ഇന്ത്യ കൂടാതെ തായ്‌ലന്‍ഡ് ഉള്‍പ്പെടെയുള്ള രാജ്യങ്ങളും ടെസ്‌ലയില്‍ നിന്ന് നിക്ഷേപം ആകര്‍ഷിക്കാന്‍ ശ്രമം നടത്തുന്നുണ്ട്.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it