Begin typing your search above and press return to search.
ടാറ്റയുടെ സൂപ്പര്‍ ആപ്പ് ആദ്യമെത്തും; 'ടാറ്റാന്യൂ' മാര്‍ച്ചില്‍
ഇന്ത്യന്‍ വിപണിയില്‍ ഇനി വരാനിരിക്കുന്നത് സൂപ്പര്‍ ആപ്പുകളുടെ കാലമാണ്. എല്ലാ സേവനങ്ങളും ഒരു കുടക്കീഴില്‍ എന്ന് പറയും പോലെ, എല്ലാ സേവനങ്ങളും ഒരു ആപ്ലിക്കേഷനില്‍ ലഭ്യമാക്കുന്നവയാണ് സൂപ്പര്‍ ആപ്പുകള്‍. ടാറ്റയും റിലയന്‍സും തുടങ്ങി ഒടുവില്‍ അദാനിവരെ സൂപ്പര്‍ ആപ്പുകള്‍ അവതരിപ്പിക്കാന്‍ തയ്യാറെടുക്കുകയാണ്. ഇവരില്‍ ടാറ്റ മാത്രമാണ് സൂപ്പര്‍ ആപ്പിൻ്റെ പേര് പ്രഖ്യാപിച്ചത്.
ടാറ്റന്യൂ ( tata neu) എന്ന് പേരിട്ടിരിക്കുന്ന സൂപ്പര്‍ ആപ്പ് 2022 മാര്‍ച്ചില്‍ ഔദ്യോഗികമായി അവതരിപ്പിക്കുമെന്നാണ് ഏറ്റവും ഒടുവില്‍ ലഭിക്കുന്ന വിവരം. ടാറ്റ ക്ലിക്ക്, 1 എംജി, ബിഗ് ബാസ്‌കറ്റ് തുടങ്ങി ഗ്രൂപ്പിന് കീഴിലുള്ള എല്ലാ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളും കൂടിച്ചേര്‍ന്നതാണ് ടാറ്റന്യൂ. നിലവില്‍ ടാറ്റയുടെ ഏഴുലക്ഷത്തിലധിതം വരുന്ന ജീവനക്കാര്‍ ടാറ്റന്യൂ ഉപയോഗിക്കുന്നുണ്ട്.
പോരായ്മകള്‍ കണ്ടെത്താന് ജീവനക്കാര്‍ക്ക് ആപ്പിൻ്റെ ബീറ്റ വേര്‍ഷന്‍ നല്‍കുകയായിരുന്നു. ന്യൂകോയിന്‍ എന്ന പേരില്‍ റിവാര്‍ഡ് കോയിനുകളും ടാറ്റ സൂപ്പര്‍ ആപ്പില്‍ ഉണ്ടാകും. ഓരോ തവണ സാധനങ്ങള്‍ വാങ്ങുമ്പോഴും ലഭിക്കുന്ന ന്യൂകോയിന്‍ ഉപയോഗിച്ച് വിലയില്‍ ഇളവുകള്‍ നേടാം.
2020ൻ്റെ തുടക്കത്തിലാണ് സൂപ്പര്‍ ആപ്പ് വികസിപ്പിക്കുന്നതിനുള്ള നടപടികള്‍ ടാറ്റ ആരംഭിച്ചത്. ആദ്യം ബെംഗളൂരുവിലും പിന്നീട് മറ്റ് നഗരങ്ങളിലും ആപ്പ് അവതരിപ്പിക്കുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. എന്നാല്‍ ഇപ്പോള്‍ രാജ്യം മുഴുവന്‍ ഒരൊറ്റ ദിവസം തന്നെ ആപ്പിൻ്റെ സേവനങ്ങള്‍ ആരംഭിക്കാനാണ് ടാറ്റ പദ്ധതിയിടുന്നത്. ആദ്യം എത്തുന്നത് ടാറ്റയാണെങ്കിലും സൂപ്പര്‍ ആപ്പിനായുള്ള ഏറ്റെടുക്കലുകളില്‍ മുന്‍പന്തിയില്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസ് തന്നെയാണ്.
നിലവില്‍ അജിയോ, ജിയോ മാര്‍ട്ട്, റിലയന്‍സ് ഡിജിറ്റല്‍ തുടങ്ങിയ ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകളാണ് റിലയന്‍സിന് കീഴിലുള്ളത്. സൂപ്പര്‍ ആപ്പിൻ്റെ ഭാഗമായി 5 സ്ഥാപനങ്ങളെയാണ് റിലയന്‍സ് ഏറ്റെടുത്തത്. ലോക്കല്‍ സേര്‍ച്ച് എഞ്ചിന്‍ ജസ്റ്റ് ഡയല്‍, ബ്രിട്ടീഷ് ഡെനിം ബ്രാന്റ് ലീ കൂപ്പറിന്റെ ഇന്ത്യയിലെ ഉത്പാദനം, എംഎം സ്‌റ്റൈല്‍, റിതിക, ഡോര്‍ സ്റ്റെപ്പ് റീറ്റെയില്‍ സോല്യൂഷന്‍സ് തുടങ്ങിയവയിലാണ് റിലയന്‍സ് നിക്ഷേപം നടത്തിയിരിക്കുന്നത്. ടാറ്റന്യൂ എത്തുന്നതോടെ 2022ല്‍ തന്നെ റിലയന്‍സും സൂപ്പര്‍ ആപ്പ് അവതരിപ്പിക്കുമെന്നാണ് കരുതുന്നത്.
Next Story
Videos