മൊബൈല്‍ പാര്‍ട്‌സ് മുതല്‍ ബാറ്ററിവരെ; 90 ബില്യണ്‍ ഡോളറിന്റെ നിക്ഷേപവുമായി ടാറ്റ

ബിസിനസ് മേഖല വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി 90 ബില്യണ്‍ ഡോളറിന്റെ നിക്ഷേപം നടത്താന്‍ ടാറ്റ ഗ്രൂപ്പ് (Tata Group) ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്‌. മൊബൈല്‍ കംപോണന്റ് പ്ലാന്റ്, സെമികണ്ടക്ടറ്റേഴ്‌സ്, ഇലക്ട്രിക് വാഹനങ്ങള്‍, ബാറ്ററികള്‍, റിനീവബിള്‍ എനര്‍ജി, ഈ-കൊമേഴ്‌സ് എന്നീ മേഖലകളിലാവും നിക്ഷേപം. 2027 വരെയുള്ള കാലയളവിലായിരിക്കും ഈ തുക ടാറ്റ ഗ്രൂപ്പ് ചെലവഴിക്കുക.

മുകേഷ് അംബാനി പ്രഖ്യാപിച്ച 75 ബില്യണ്‍ ഡോളര്‍, അദാനിയുടെ 55 ബില്യണ്‍ ഡോളര്‍ നിക്ഷേപങ്ങളെ മറികടക്കുന്നതാണ് ടാറ്റ ഗ്രൂപ്പിന്റെ നീക്കം. ദി ഇക്കണോമിസ്റ്റിന്റെ റിപ്പോര്‍ട്ട് പ്രകാരം ടാറ്റ ആഗോളതലത്തില്‍ നിന്ന് മാറി ഇന്ത്യയിലെ നിക്ഷേപങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് ഗ്രൂപ്പ്. ടാറ്റയുടെ പുതിയ നിക്ഷേപങ്ങളില്‍ 77 ശതമാനവും ഇന്ത്യയിലാണ്. കമ്പനികള്‍ക്ക് ഇന്ത്യയിലെ വിതരണ ശൃംഖലയെ അടിസ്ഥാനമാക്കി ആഗോള തലത്തില്‍ നേട്ടങ്ങള്‍ ഉണ്ടാക്കാന്‍ സാധിക്കുമെന്ന് ടാറ്റ ഗ്രൂപ്പ് ചെയര്‍മാന്‍ എന്‍ ചന്ദ്രശേഖരന്‍ നേരത്തെ പറഞ്ഞിരുന്നു.

തമിഴ്‌നാട്ടിലെ പ്ലാന്റില്‍ ഐഫോണിന്റെ ചില ഭാഗങ്ങള്‍ ടാറ്റ നിര്‍മിക്കുന്നുണ്ട്. ഇതിന് പുറമെയാണ് ഐഫോണ്‍ പൂര്‍ണമായും നിര്‍മിക്കാന്‍ തായ്‌പേയ് കമ്പനി വിസ്‌ട്രോണുമായി (Wistron) ടാറ്റ പ്രാഥമിക ചര്‍ച്ചകള്‍ നടത്തിയയത്. ഐഫോണ്‍ നിര്‍മിക്കാന്‍ കരാറുള്ള വിസ്‌ട്രോണിന് ഇന്ത്യയില്‍ പ്ലാന്റുണ്ട്. വിസ്‌ട്രോണിന്റെ ഇന്ത്യന്‍ യൂണീറ്റിനെ ഏറ്റെടുക്കാനും ടാറ്റ ശ്രമിച്ചേക്കും.

കഴിഞ്ഞ ദിവസം ഒഡീഷയില്‍ 5000 കോടിയുടെ നിക്ഷേപം ടാറ്റ പ്രഖ്യാപിച്ചിരുന്നു. ഗ്രീന്‍ എനര്‍ജി മേഖലയില്‍ 75000 കോടി രൂപയുടെ നിക്ഷേപം ഉള്‍പ്പെടെ നിരവധി പ്രഖ്യാപനങ്ങള്‍ ടാറ്റ നടത്തിയിട്ടുണ്ട്. യൂറോപ്യന്‍ വിമാന നിര്‍മാണക്കമ്പനിയായ എയര്‍ബസുമായി (Airbus) ചേര്‍ന്ന് ടാറ്റ ആരംഭിക്കുന്ന ഡിഫന്‍സ് എയര്‍ക്രാഫ്റ്റ് മാനുഫാക്ടചറിംഗ് യൂണീറ്റ് മാഹാരാഷ്ട്രയില്‍ ആയിരിക്കുമെന്നാണ് റിപ്പോര്‍ട്ട്. 20,000 കോടി രൂപയുടെ ഈ പദ്ധതിക്കായി മാഹാരാഷ്ട്ര സര്‍ക്കാര്‍ സ്വാധീനം ചെലുത്തുന്നുണ്ടെന്നാണ് വിവരം.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it