എയര്‍ഇന്ത്യയ്ക്കായുള്ള ലേലത്തില്‍ ടാറ്റയ്ക്ക് തന്നെ വിജയം; ഔദ്യോഗിക പ്രഖ്യാപനം വന്നു

എയര്‍ഇന്ത്യ ഏറ്റെടുക്കലിനായുള്ള ബിഡ് ടാറ്റാ സൺസ് നേടിയതായി ഓദ്യോഗിക പ്രഖ്യാപനം. അഭ്യൂഹങ്ങള്‍ക്കൊടുവില്‍ വിവരം സര്‍ക്കാര്‍ തന്നെ പത്ര സമ്മേളനത്തിലൂടെ പുറത്ത് വിടുകയായിരുന്നു. ഡിപാം (ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് പബ്ലിക് അസറ്റ് മാനേജ്‌മെന്റ്) സെക്രട്ടറി തുഹിന്‍ കാന്ത പാണ്ഡെയാണ് പ്രഖ്യാപനം നടത്തിയത്.

എയര്‍ ഇന്ത്യയെ സ്വന്തമാക്കാനുള്ള ലേലത്തില്‍ ടാറ്റ സണ്‍സ് നേട്ടം കൈവരിച്ചതായി ഒക്ടോബര്‍ ഒന്നിനു തന്നെ ദേശീയ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ ഇക്കാര്യം ഉറപ്പായിട്ടില്ലെന്നും സര്‍ക്കാര്‍ തീരുമാനം പൊതുജനങ്ങളെ അറിയിക്കുമെന്ന വിശദീശകരണവുമായി ഡിപാം അന്നു തന്നെ രംഗത്തെത്തിയിരുന്നു.

18000 കോടിരൂപയാണ് ടാറ്റ ഇടപാടിനായി ചെലവഴിക്കുന്നത്. 15 ശതമാനം സര്‍ക്കാരിനും ബാക്കി കടങ്ങള്‍ നികത്താനുമായി ഉപയോഗിക്കുമെന്നാണ് റിപ്പോര്‍ട്ട്. ഈ കരാറില്‍ എയര്‍ ഇന്ത്യയുടെ 100% ഓഹരിയും കുറഞ്ഞ നിരക്കിലുള്ള വിമാനക്കമ്പനി വിഭാഗമായ എയര്‍ ഇന്ത്യ എക്‌സ്പ്രസും ഹോള്‍ഡ് ഹാന്‍ഡ്‌ലിംഗ് കമ്പനിയായ AISATS- ന്റെ 50% ഓഹരികളും ഉള്‍പ്പെടുന്നു.
തീരുമാനം പുറത്തുവന്ന് നിമിഷങ്ങള്‍ക്കകം രത്തന്‍ ടാറ്റയും ട്വീറ്റിലൂടെ ഇടപാട് സംബന്ധിച്ച് ഔദ്യോഗിക അറിയിപ്പ് പുറത്തുവിട്ടു. 'വെല്‍കം ബാക് എയര്‍ഇന്ത്യ' എന്നായിരുന്നു അദ്ദേഹത്തിന്റെ ട്വീറ്റ് തുടങ്ങുന്നത്.
ദേശീയ എയര്‍ലൈന്‍ ചരിത്രത്തില്‍ ടാറ്റയ്ക്ക് അതിനിര്‍ണായകമായ ചരിത്രമാണുള്ളത്. 1932ല്‍ ഇന്ത്യന്‍ ഏവിയേഷന്‍ ചരിത്രത്തിന് തന്നെ തുടക്കമിട്ടുകൊണ്ട് ജെആര്‍ഡി ടാറ്റ എയര്‍ലൈന്‍ കമ്പനി സ്ഥാപിക്കുകയും ആദ്യത്തെ ഫ്ളൈറ്റ് പറത്തുകയും ചെയ്തു.


Related Articles
Next Story
Videos
Share it