കോവിഡ് പോയ ശേഷവും 'വര്‍ക്ക് ഫ്രം ഹോം' ശൈലി കൈവിടില്ല : ടിസിഎസ്
ലോക്ഡൗണ്‍ വന്നതോടെ നടപ്പാക്കിയ 'വര്‍ക്ക് ഫ്രം ഹോം' ശൈലി കോവിഡ് 19 പിന്മാറിയ ശേഷവും കൈവിടില്ലെന്ന് ഐ.ടി മേഖല. ഇന്ത്യയിലെ ഏറ്റവും വലിയ ഐടി കമ്പനിയായ ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസിന്റെ (ടിസിഎസ്) സിഇഒ രാജേഷ് ഗോപിത്‌നാഥനും ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ എന്‍ ഗണപതി സുബ്രഹ്മണ്യവും ഇക്കാര്യത്തില്‍ വ്യക്തമായ സൂചനകളാണ് നല്‍കുന്നത്.
'ഞങ്ങളുടെ നിലവിലെ ഓപ്പറേറ്റിംഗ് മോഡല്‍ 20 വര്‍ഷം പഴക്കമുള്ളതാണ്. ഇപ്പോഴത്തെ പ്രതിസന്ധിയിലൂടെ ഒരു പുതിയ മോഡലിലേക്കാണ് ടിസിഎസ് പ്രവേശിക്കുന്നത്'-രാജേഷ് ഗോപിത്‌നാഥന്‍ പറഞ്ഞു. ജീവനക്കാര്‍ 25% സമയം മാത്രം ഓഫീസില്‍ ഉണ്ടാവുകയും ബാക്കി സമയം വീടുകളില്‍ ഇരുന്ന് ജോലി ചെയ്യുകയുമെന്ന ശൈലി ക്രമേണ ഉണ്ടാകുമെന്ന് അദ്ദേഹം സൂചിപ്പിച്ചു.
ഡബ്ല്യുഎഫ്എച്ചിന്റെ (വര്‍ക്ക് ഫ്രം ഹോം) അടുത്ത ഘട്ടത്തിലുള്ള ഓപ്പറേറ്റിംഗ് മോഡലാണ് കമ്പനി സ്വപ്‌നം കാണുന്നതെന്ന് ഗണപതി സുബ്രഹ്മണ്യം അറിയിച്ചു.ജീവനക്കാരുടെ സാന്നിധ്യം ഓഫീസില്‍ കുറയ്ക്കുന്നതിലൂടെ ഉണ്ടാകുന്ന സാമ്പത്തിക ലാഭവും ടിസിഎസ് പരിഗണിച്ചു വരുന്നു. പുതിയ എസ്ബിഡബ്ല്യുഎസ് (സെക്യൂര്‍ ബോര്‍ഡര്‍ലെസ് വര്‍ക്ക് സ്പെയ്സ്- അതിര്‍ത്തി രഹിത സുരക്ഷിത ജോലിയിടം) മോഡല്‍ കമ്പനിയുടെ വേഗത വര്‍ദ്ധിപ്പിച്ചതായി ഗണപതി സുബ്രഹ്മണ്യം പറഞ്ഞു. വ്യക്തി യഥാര്‍ത്ഥത്തില്‍ സ്ഥലംമാറി എന്നതൊഴിച്ചാല്‍, ഗുണനിലവാരത്തിലോ കൃത്യതയിലോ മറ്റ് വ്യക്തമായ കുറവുകളൊന്നും കമ്പനിയുടെ ഇടപാടുകാര്‍ ചൂണ്ടിക്കാട്ടിയിട്ടില്ല.ഇക്കാരണത്താല്‍ എസ്ബിഡബ്ല്യുഎസ് മോഡലുമായി ടിസിഎസ് മുന്നോട്ടു പോകും.
കോവിഡ് 19 വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തെ 80 ശതമാനം ഐ.ടി. ജീവനക്കാരും ഇപ്പോള്‍ വീടുകളില്‍നിന്നാണ് ജോലിചെയ്യുന്നത്. വര്‍ക്ക് ഫ്രം ഹോം ശൈലി പൊതുവേ കമ്പനികളുടെ ഉത്പാദനത്തെ ബാധിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. ഈ സാഹചര്യത്തിലാണ് കൂടുതല്‍പ്പേരെ തുടര്‍ന്നും വീടുകളില്‍നിന്ന് ജോലിചെയ്യിപ്പിക്കുന്നത് കമ്പനികള്‍ പരിഗണിക്കുന്നത്.
ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline