6G സ്‌പെക്ട്രം വെറുതെ കൊടുക്കാനാവില്ല, എതിര്‍ത്ത് ടെലികോം കമ്പനികള്‍
ഈ ദശകത്തിന്റെ അവസാനത്തോടെ രാജ്യത്ത് 6ജി ടെക്‌നോളജി അവതരിപ്പിക്കാനുള്ള ശ്രമങ്ങള്‍ ആണ് കേന്ദ്രം നടത്തുന്നത്. ടെലികോം അതോറിറ്റിയുടെ (ട്രായി) ഇരുപത്തഞ്ചാം വാര്‍ഷിക ആഘോഷത്തിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദി ഇക്കാര്യം വ്യക്തമാക്കിയിരുന്നു. അതിന്റെ ഭാഗമായി 5ജി സേവനങ്ങള്‍ ആരംഭിക്കും മുമ്പ് തന്നെ കേന്ദ്രം ഒരു പ്രത്യേക സമിതിക്കും് രൂപം നല്‍കിയിരുന്നു. 6ജി ടെക്‌നോളജി വികസിപ്പിക്കുന്നതിനും പരീക്ഷണങ്ങള്‍ക്കുമായി 95 ഗിഗാഹെര്‍ട്‌സ്, 3 ടെറാഹെര്‍ട്‌സ് ബാന്‍ഡിലുള്ള സ്‌പെക്ട്രങ്ങള്‍ സൗജന്യ നിരക്കില്‍ കേന്ദ്രം അനുവദിച്ചേക്കും എന്നാണ് റിപ്പോര്‍ട്ട്.
എന്നാല്‍ സ്‌പെക്ട്രം സൗജന്യമായി നല്‍കുന്നതിനോട് ടെലികോം കമ്പനികള്‍ക്ക് യോജിപ്പില്ല എന്നാണ് വിരവം. ഇപ്പോഴത്തെ രീതിയില്‍ ലേലത്തിലൂടെ മാത്രം സെപക്ട്രം അനുവദിച്ചാല്‍ മതിയെന്ന നിലപാടാണ് കമ്പനികള്‍ക്ക്. വെറും നാല് കമ്പനികളായി ചുരുങ്ങിയ ഇന്ത്യന്‍ ടെലികോം സേവന മേഖലയില്‍ റിലയന്‍സ് ജിയോയും എയര്‍ടെല്ലുമാണ് പ്രധാന സേവന ദാതാക്കള്‍. നിലവില്‍ 5ജി സേവനങ്ങള്‍ നല്‍കുന്നതും ഈ കമ്പനികള്‍ മാത്രമാണ്. ഉയര്‍ന്ന തുകയ്ക്ക് കൂടുതല്‍ സ്‌പെക്ട്രം സ്വന്തമാക്കി 5ജിയുടെ കാര്യത്തില്‍ ചെയ്ത പോലെ 6ജിയിലും നേട്ടമുണ്ടാക്കാമെന്നാണ് സേവനദാതാക്കളുടെ വിലയിരുത്തല്‍.
രാജ്യത്തെ അക്കാദമിക് സ്ഥാപനങ്ങള്‍ക്ക് ഗവേഷണങ്ങളുടെ ഭാഗമായി പുതിയ സ്‌പെക്ട്രം അനുവദിച്ചേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. 5ജി ലേലത്തില്‍ പ്രവൈറ്റ് നെറ്റ്‌വര്‍ക്കുകള്‍ക്കായി സ്‌പെക്ട്രം വാങ്ങാന്‍ കമ്പനികളെ കേന്ദ്രം അനുവദിച്ചിരുന്നു. ടെലികോം കമ്പനികളുടെ എതിര്‍പ്പ് മറികടന്നായിരുന്നു ഈ നീക്കം. ഈ സാഹചര്യങ്ങള്‍ കൂടി പരിഗണിച്ചാണ് ലേലത്തിലൂടെ മാത്രമേ സ്‌പെക്ട്രം നല്‍കാവു എന്ന നിലപാട് കമ്പനികള്‍ എടുത്തത്. 5ജിക്കായി ഒരുക്കിയ അടിസ്ഥാന സൗകര്യങ്ങള്‍ ഉപയോഗിച്ച് 6ജി സേവനങ്ങളും നല്‍കാമെന്നാണ് വിലയിരുത്തല്‍. അതുകൊണ്ട് തന്നെ കമ്പനികള്‍ 6ജി പരീക്ഷണങ്ങള്‍ക്കായി ഒരുക്കം തുടങ്ങിയിട്ടുണ്ട്.
അതേ സമയം ലോകത്ത് ഇതുവരെ ഒരു രാജ്യത്തും 6ജി സേവനങ്ങള്‍ ആരംഭിച്ചിട്ടില്ല. ചൈനയിലിടക്കം 6ജിയുമായി ബന്ധപ്പെട്ട പരീക്ഷണങ്ങള്‍ നടകുന്നതായാണ് റിപ്പോര്‍ട്ടുകളുണ്ട്. 2022 ഒക്ടോബര്‍ ഒന്നിനാണ് ഇന്ത്യയില്‍ 5ജി സേവനങ്ങള്‍ തുടങ്ങിയത്. ദക്ഷിണ കൊറിയയില്‍ ലോകത്തെ ആദ്യ 5ജി നെറ്റ്‌വര്‍ക്ക് എത്തി മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇന്ത്യയില്‍ 5ജി സേവനം ആരംഭിക്കാനായത്.