അത്യാധുനിക തേര്‍ഡ് ജനറേഷന്‍ സര്‍ജറി റോബോട്ട് ലൂര്‍ദ് ആശുപത്രിയില്‍

ഓര്‍ത്തോപീഡിക് ആന്റ് ജോയിന്റ് റീപ്ലേസ്മെന്റ് സര്‍ജറികള്‍ക്കായി പ്രത്യേകം രൂപകല്‍പന ചെയ്ത ഇന്ത്യയിലെ ആദ്യ തേര്‍ഡ് ജനറേഷന്‍ റോബോട്ട് ഇനി ലൂര്‍ദ് ആശുപത്രിയിലും. വരാപ്പുഴ അതിരൂപതാ ആര്‍ച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തിപറമ്പില്‍ പുതിയ സര്‍ജറി റോബോട്ടിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു.
ഈ അത്യാധുനിക റോബോട്ടിക് സിസ്റ്റം ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, അഡ്വാന്‍സ്ഡ് ഇമേജിംഗ്, അഡാപ്റ്റീവ് ലേണിംഗ് എന്നിവ സംയോജിപ്പിച്ചാണ് പ്രവര്‍ത്തിക്കുന്നത്. സെന്‍സറുകളും ആക്യുവേറ്ററുകളും കൊണ്ട് സജ്ജീകരിച്ചിരിക്കുന്ന റോബോട്ട് കൃത്യത വര്‍ധിപ്പിക്കുന്നതിനൊപ്പം ശസ്ത്രക്രിയാ നടപടിക്രമങ്ങള്‍ കാര്യക്ഷമമാക്കാനും സാധിക്കുമെന്ന് ലൂര്‍ദ് ഹോസ്പിറ്റലിലെ സീനിയര്‍ കണ്‍സള്‍ട്ടന്റും ഓര്‍ത്തോപീഡിക് വിഭാഗം മേധാവിയുമായ ഡോ. ജോണ്‍ ടി. ജോണ്‍ പറഞ്ഞു.
ബോണ്‍മാരോ തുറക്കാതെ ശസ്ത്രക്രിയ ചെയ്യുന്നതിനാല്‍ അപകടസാധ്യത കുറവായിരിക്കും. രോഗി വേഗത്തില്‍ സുഖം പ്രാപിക്കുന്നതിനും സങ്കീര്‍ണതകള്‍ കുറയ്ക്കുന്നതിനും റോബോട്ട് സര്‍ജറിയിലൂടെ സാധിക്കുമെന്ന് ഡോ. ജോണ്‍ ടി. ജോണ്‍ കൂട്ടിച്ചേര്‍ത്തു. ലൂര്‍ദ് ഹോസ്പിറ്റലില്‍ വിജയകരമായ 5,000 ജോയിന്റ് റീപ്ലേസ്മെന്റ് സര്‍ജറികള്‍ പൂര്‍ത്തിയാക്കിയ വേളയിലാണ് ഈ പുതിയ സാങ്കേതികവിദ്യ അവതരിപ്പിക്കുന്നതെന്ന് ലൂര്‍ദ് ഹോസ്പിറ്റല്‍ ഡയറക്ടര്‍ ഫാ. ജോര്‍ജ് സെക്വീര പറഞ്ഞു.
ടി.ജെ. വിനോദ് എം.എല്‍.എ, മെഡിക്കല്‍ സൂപ്രണ്ട് ഡോ. സന്തോഷ് ജോണ്‍ എബ്രഹാം, ഓര്‍ത്തോപീഡിക് വിഭാഗം മേധാവി ഡോ. ജോണ്‍ ടി. ജോണ്‍, ഡോ. എം.ജെ ജോയ്‌സ് വര്‍ഗീസ്, ഡോ. പോള്‍ പുത്തൂരാന്‍, കേരള ഓര്‍ത്തോപീഡിക് അസോസിയേഷന്‍ പ്രസിഡന്റ് ഡോ. അനീന്‍ എന്‍. കുട്ടി, കൊച്ചിന്‍ ഓര്‍ത്തോപീഡിക് സൊസൈറ്റി പ്രസിഡന്റ് ഡോ. ഡെന്നിസ് പി. ജോസ്, ഫാ. വിമല്‍ ഫ്രാന്‍സിസ് എന്നിവര്‍ പ്രസംഗിച്ചു.
Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it