കോവിഡില്‍ തകര്‍ന്ന് ടൂറിസം മേഖല; കേരളത്തിന്റെ വരുമാനനഷ്ടം കാല്‍ലക്ഷം കോടിയിലേറെ

ഉയരങ്ങളുടെ കൊടുമുടി കയറിക്കൊണ്ടിരുന്ന കേരള ടൂറിസത്തെ കോവിഡ് 19 ചുഴറ്റിയെറിഞ്ഞത് തകര്‍ച്ചയുടെ അഗാധഗര്‍ത്തത്തിലേക്ക്. 2019 സാമ്പത്തിക വര്‍ഷം കേരളത്തിന് 45,010.69 കോടി രൂപയുടെ വരുമാനം നേടിത്തന്ന കേരള ടൂറിസം മേഖലയില്‍ കോവിഡ് മഹാമാരി മൂലമുണ്ടായ നഷ്ടം 25,000 കോടിയാണെന്നാണ് സര്‍ക്കാര്‍ കണക്ക്. എന്നാല്‍ യഥാര്‍ഥ നഷ്ടം ഇതിലും എത്രയോ അധികമാണെന്ന് ടൂറിസം സംഘടനകള്‍ പറയുന്നു.

സംസ്ഥാനത്തിന് ഇത്രയധികം റവന്യു നേടിത്തരുന്ന ടൂറിസം മേഖല കോവിഡ് മഹാമാരിയെത്തുടര്‍ന്ന് ചരിത്രത്തിലെ ഏറ്റവും വലിയ തകര്‍ച്ചയെ നേരിട്ടപ്പോള്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ കാണിച്ച അവഗണന പതനത്തിന്റെ ആഘാതം വര്‍ധിപ്പിച്ചതായി കോണ്‍ഫെഡറേഷന്‍ ഓഫ് കേരള ടൂറിസം ഇന്‍ഡസ്ട്രി പ്രസിഡണ്ട ഇ എം നജീബ് പറയുന്നു. തകര്‍ന്നു കിടക്കുന്ന ടൂറിസം മേഖലയിലെ സ്ഥാപനങ്ങള്‍ക്ക് വായ്പ നല്‍കാന്‍ ഇപ്പോള്‍ ബാങ്കുകള്‍ പോലും തയ്യാറല്ല. പിടിച്ചു നില്‍ക്കാന്‍ കഴിയാതെ 25 ശതമാനത്തിലധികം സ്ഥാപനങ്ങള്‍ എന്നെന്നേക്കുമായി അടച്ചുപൂട്ടി. ടൂറിസം മേഖലയിലെ മിക്കവാറും എല്ലാ സ്ഥാപനങ്ങളും ഒരു വര്‍ഷത്തിലധികമായി പ്രവര്‍ത്തന രഹിതമായി കിടക്കുന്നു.

ഡിസംബര്‍-ജനുവരി മാസത്തില്‍ ആഭ്യന്തര ടൂറിസ്റ്റുകള്‍ ചെറിയ തോതില്‍ എത്തിത്തുടങ്ങിയത് പ്രതീക്ഷ പകര്‍ന്നെങ്കിലും വിദേശ ടൂറിസ്റ്റുകള്‍ക്ക് മുന്നില്‍ ഇന്ത്യയുടെ വാതിലുകള്‍ അടഞ്ഞു തന്നെ കിടക്കുകയാണ്. മറ്റെല്ലാ മേഖലകളും തുറന്നു കൊടുത്തിട്ടും ടൂറിസം മേഖലയെ സര്‍ക്കാര്‍ പരിഗണിച്ചു പോലുമില്ല. കോവിഡിന്റെ രണ്ടാമൂഴമെത്തിയതോടെ ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള ആഭ്യന്തര ടൂറിസ്റ്റുകളുടെ വരവ് പൂര്‍ണമായും നിലച്ചു. ടൂറിസം മേഖലയില്‍ വീണ്ടും ശ്മശാന മൂകതയാണ്. എത്രകാലം വരുമാന നഷ്ടം സഹിച്ച് പിടിച്ചു നില്‍ക്കാന്‍ കഴിയുമെന്ന ചോദ്യം ടൂറിസം സംരംഭകരുടെ തലക്ക് മുകളില്‍ എപ്പോള്‍ വേണമെങ്കിലും താഴേക്ക് വീഴാവുന്ന വാള്‍ പോലെ തൂങ്ങി നില്‍ക്കുന്നു. കൂടുതല്‍ സ്ഥാപനങ്ങള്‍ ടൂറിസം മേഖല ഉപേക്ഷിച്ച് പോകാന്‍ ഒരുങ്ങുകയാണ്.

ടൂറിസം മേഖലയില്‍ ഇന്ത്യയിലെമ്പാടും 30 ശതമാനം സ്ഥാപനങ്ങള്‍ പൂട്ടിയിട്ടുണ്ടെന്നാണ് ഔദ്യോഗിക കണക്ക് എങ്കിലും ഇത് 60 ശതമാനത്തിന് മുകളിലാണെന്ന് ഇ എം നജീബ് പറയുന്നു. 2019ല്‍ ടൂറിസം മേഖല രാജ്യത്തിന് നല്‍കിയ വിദേശ നാണ്യം 2,10,000 കോടിയാണ്. എന്നിട്ടും ടൂറിസം മേഖലക്കായി കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്തു നിന്നും കാര്യമായ സഹായമൊന്നും ലഭിച്ചില്ല. ടൂറിസം മേഖലക്കുള്ള കേന്ദ്രത്തിന്റെ ഇന്‍സന്റീവ് സ്‌കീമായ എസ് ഇ ഐ എസ് സഹായത്തിനായുള്ള അഭ്യര്‍ഥനക്കും ഫലമുണ്ടായില്ല. കേരള ട്രാവല്‍ മാര്‍ട്ട് സൊസൈറ്റി ഹൈക്കോടതിയെ സമീപിച്ചതിനെ തുര്‍ന്ന് കഴിഞ്ഞ ആഴ്ച അനുകൂല ഉത്തരവ് ലഭിച്ചെങ്കിലും സര്‍ക്കാരിന്റെ ഭാഗത്തു നിന്ന് ഒരു ചലനവും ഇതുവരെയില്ല.

കേരള സര്‍ക്കാര്‍ ടൂറിസം വ്യവസായ മേഖലക്കായി പ്രഖ്യാപിച്ച സോഫ്റ്റ്ലോണിന്റെ ആനുകൂല്യം ലഭിച്ചത് ഏതാനും ചിലര്‍ക്ക് മാത്രമാണ്. ടൂറിസം സ്ഥാപനങ്ങള്‍ക്ക് വായ്പ നല്‍കിയാല്‍ തിരിച്ചടവ് മുടങ്ങാനുള്ള സാധ്യത മുന്നില്‍ കണ്ട് ബാങ്കുകള്‍ നിസ്സകരിക്കുകയാണ്. ധനകാര്യസ്ഥാപനങ്ങളില്‍ നിന്ന് വായ്പയെടുത്തവര്‍ക്ക് തിരിച്ചടവ് തുടര്‍ച്ചയായി മുടങ്ങിയതോടെ ജപ്തി നോട്ടീസ് ലഭിച്ചു തുടങ്ങിയിരിക്കുന്നു. വൈദ്യുതി ബോര്‍ഡ് ഒരു പരിഗണനയും നല്‍കാതെ വൈദ്യുതി ചാര്‍ജ് അടക്കാത്ത സ്ഥാപനങ്ങളുടെ ഫ്യൂസ് ഊരിക്കൊണ്ടു പോയി. ടൂറിസ്റ്റുകള്‍ ഇല്ലാതായതായതോടെ വരുമാനം നിലച്ച ടൂറിസം സ്ഥാപനങ്ങളില്‍ ജോലി ചെയ്തിരുന്ന പതിനായിരക്കണക്കിനാളുകള്‍ പിരിച്ചുവിടപ്പെട്ടു. ഇത്തരത്തിലുള്ള തകര്‍ച്ചയിലേക്ക് കൂപ്പുകുത്തിക്കൊണ്ടിരിക്കുമ്പോള്‍ സര്‍ക്കാര്‍ സഹായഹസ്തം നീട്ടിയില്ലെന്നത് ഈ രംഗത്തുള്ളവരില്‍ കടുത്ത നിരാശയും അമര്‍ഷവും സൃഷ്ടിച്ചിട്ടുണ്ട്. കലാകാരന്‍മാര്‍ക്കും ഹൗസ്ബോട്ടുകള്‍ക്കും ഗൈഡുകള്‍ക്കും മറ്റും കുറച്ച് ഗ്രാന്റ് നല്‍കിയതു മാത്രമാണ് സര്‍ക്കാരിന്റെ ഭാഗത്തു നിന്നുണ്ടായ ഇടപെടല്‍.

ദൈവത്തിന്റെ സ്വന്തം നാടായ കേരളം ടൂറിസ്റ്റുകളുടെ പറുദീസയായിരുന്നു എന്നതിനാല്‍ കോവിഡ് സൃഷ്ടിച്ച ആഘാതം ഏറ്റവും കനത്ത തോതില്‍ ബാധിച്ച സംസ്ഥാനം കേരളമാണ്. കോവിഡ് പൊട്ടിപ്പുറപ്പെട്ട വര്‍ഷം കേരളത്തിലേക്ക് ടൂറിസ്റ്റുകളുടെ ഏറ്റവും വലിയ ഒഴുക്കാണ് ഉണ്ടായത്. ടൂറിസം മേഖലയില്‍ കഴിഞ്ഞ 25 വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന റവന്യു വരുമാനം 2019ല്‍ കേരളത്തിന് ലഭിച്ചു. 1.96 കോടി ആഭ്യന്തര ടൂറിസ്റ്റുകളാണ് കേരളത്തിലേക്ക് ഒഴുകിയെത്തിയത്. മുന്‍ വര്‍ഷത്തേക്കാള്‍ 17.2 ശതമാനം അധികം. വിദേശ ടൂറിസ്റ്റുകളുടെ വരവില്‍ 8.52 ശതമാനത്തിന്റെ വര്‍ധനവുണ്ടായി. 11.89 ലക്ഷം വിദേശ ടൂറിസ്റ്റുകളാണ് എത്തിയത്. ടൂറിസം മേഖലക്ക് ലഭിച്ച ആകെ വരുമാനത്തില്‍ മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 24.14 ശതമാനം അധികമായിരുന്നു. ടൂറിസം മേഖല നേടിയ വിദേശനാണ്യം ചരിത്രത്തിലാദ്യമായി പതിനായിരം കടന്നു. ഈ ട്രെന്‍ഡ് പൂര്‍വാധികം ശക്തമായി തുടരാനുള്ള സാധ്യത കണക്കിലെടുത്ത് ടൂറിസം മേഖലയില്‍ പുതിയ നിരവധി സംരംഭങ്ങള്‍ക്ക് തുടക്കം കുറിക്കപ്പെടുകയും ചെയ്തിരുന്നു. ഈ പ്രതീക്ഷകള്‍ക്ക് മേലാണ് കോവിഡ് 19 മഹാമാരിപോലെ പതിച്ചത്. അപ്രതീക്ഷിത പതനത്തില്‍ നിന്ന് കരകയറാനുള്ള പിടിവള്ളികളായി കേന്ദ്ര - സംസ്ഥാന സര്‍ക്കാരുകളില്‍ നിന്ന് ഉണ്ടായ പ്രഖ്യാപനങ്ങള്‍ ജലരേഖകളായതോടെ ഇനിയെന്ത് എന്ന ചോദ്യത്തിന് മുന്നില്‍ ഉത്തരമില്ലാതെ നില്‍ക്കുകയാണ് ടൂറിസം വ്യവസായ മേഖല.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it