പ്രീപെയ്ഡ് പ്ലാനുകള്‍ മെയ് 3 വരെ നീട്ടാന്‍ നിര്‍ദ്ദേശിച്ച് ട്രായ്

ടെലികോം ഓപ്പറേറ്റര്‍മാര്‍ പ്രീപെയ്ഡ് പ്ലാനുകളുടെ കാലാവധി തീര്‍ന്നാലും മെയ് 3 വരെ സേവനം നീട്ടി നല്‍കണമെന്ന് ടെലികോം റെഗുലേറ്ററി അതോറിറ്റി നിര്‍ദേശം നല്‍കിയതായി റിപ്പോര്‍ട്ട്്. കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ച 21 ദിവസം ഉപഭോക്താക്കള്‍ക്ക് പതിവു പോലെ ഡാറ്റ ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്ന് നേരത്തെ നല്‍കിയ നിര്‍ദ്ദേശത്തിന്റെ അനുബന്ധമായാണ് ലോക്ഡൗണ്‍ കാലാവധി നീട്ടിയ ശേഷം പുതിയ നിര്‍ദ്ദേശം ട്രായ് നല്‍കിയത്.

ലോക്ഡൗണ്‍ പ്രഖ്യാപനത്തോടെ ടെലികമ്യൂണിക്കേഷന്‍ സേവനങ്ങള്‍ അവശ്യ സര്‍വീസ് വിഭാഗത്തിലാണ്. അതുകൊണ്ട് എല്ലാ പ്രീപെയ്ഡ് ഉപഭോക്താക്കള്‍ക്കും കാലാവധി നീട്ടി നല്‍കണമെന്നാണ് ട്രായ് ആവശ്യപ്പെട്ടത്. ലോക്ക്ഡൗണിനെ തുടര്‍ന്ന് മിക്ക കമ്പനകളും 'വര്‍ക്ക് ഫ്രം ഹോം' ആശയത്തിലേക്ക് മാറിയ സാഹചര്യത്തില്‍ പ്രീപെയ്ഡ് കാര്‍ഡാണെന്നത് ജോലിക്കും അത്യാവശ്യ വിവരങ്ങള്‍ കൈമാറുന്നതിനും തടസമാകരുതെന്ന അഭിപ്രായവും ട്രായ് പ്രകടിപ്പിച്ചിരുന്നു.

തുടര്‍ന്ന് കഴിഞ്ഞ മാസം റിലയന്‍സ് ജിയോ, എയര്‍ടെല്‍, വോഡഫോണ്‍-ഐഡിയ എന്നിവ പ്രീപെയ്ഡ് പ്ലാനുകളുടെ സാധുത വര്‍ദ്ധിപ്പിച്ചു. സാധുത നീട്ടിയതിനു പുറമേ, 80 - 100 ദശലക്ഷം ഉപഭോക്താക്കള്‍ക്ക് സൗജന്യ ടോക്ക് ടൈമും പ്രഖ്യാപിച്ചു.അതേസമയം, ലോക്ഡൗണ്‍ കാലയളവില്‍ പ്രീപെയ്ഡ് വരിക്കാര്‍ക്ക് ബി.എസ്.എന്‍.എല്‍ നല്‍കിയ ആനുകൂല്യം ഭൂരിഭാഗം പേര്‍ക്കും ലഭിച്ചില്ലെന്ന പരാതിയുമുണ്ട്.

ഓപ്പറേറ്റര്‍മാര്‍ സ്ഥിതിഗതികള്‍ നിരീക്ഷിച്ച് ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനുള്ള ഉചിതമായ മാര്‍ഗ്ഗങ്ങള്‍ തീരുമാനിക്കും - സെല്ലുലാര്‍ ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ (സിഎഐഐ) ഡയറക്ടര്‍ ജനറല്‍ രാജന്‍ എസ് മാത്യൂസ് പറഞ്ഞു.നിര്‍ബന്ധിത സൗജന്യങ്ങള്‍ക്കുള്ള നഷ്ട പരിഹാരമായി ഓപ്പറേറ്റര്‍മാര്‍ക്ക് 51,500 കോടി രൂപയുടെ യൂണിവേഴ്‌സല്‍ സര്‍വീസ് ഒബ്ലിഗേഷന്‍ ഫണ്ട് (യുഎസ്ഒഎഫ്) വഴി മന്ത്രാലയം സബ്സിഡി നല്‍കണമെന്ന ആവശ്യവും അദ്ദേഹം ഉന്നയിച്ചു. പ്രീപെയ്ഡ് ഉപയോക്താക്കള്‍ക്ക് 600 കോടി രൂപയുടെ ആനുകൂല്യങ്ങള്‍ ഇതിനകം നല്‍കിയതായി രാജന്‍ എസ് മാത്യൂസ് അറിയിച്ചു.

ഇതിനിടെ, വരുമാനത്തകര്‍ച്ചയും കടബാദ്ധ്യതയും നികുതിഭാരവും മൂലം നട്ടംതിരിഞ്ഞ ടെലികോം കമ്പനികള്‍ക്ക് ലോക്ക് ഡൗണ്‍ കാലത്ത് മികച്ച വരുമാന നേട്ടമുണ്ടായതിന്റെ കണക്കും പുറത്തുവന്നു. ജനങ്ങള്‍ വീടുകളില്‍ തന്നെ കഴിയുന്നതോടെ, മൊബൈല്‍ ഡാറ്റ ഉപഭോഗം കുത്തനെ വര്‍ദ്ധിച്ചു. ഇതിന്റെ ചുവടുപിടിച്ച്, മാര്‍ച്ച് പാദത്തില്‍ മാത്രം വരുമാനം 15 ശതമാനത്തോളം വര്‍ദ്ധിച്ചു. ഒക്ടോബര്‍-ഡിസംബര്‍ പാദത്തില്‍ ഉപഭോക്താക്കളില്‍ നിന്ന് ടെലികോം കമ്പനികള്‍ക്ക് ലഭിച്ചിരുന്ന ശരാശരി വരുമാനം (എ.ആര്‍.പി.യു - ആവറേജ് റെവന്യൂ പെര്‍ യൂസര്‍) 124 രൂപയായിരുന്നെങ്കില്‍ ജനുവരി-മാര്‍ച്ച് പാദത്തില്‍ 140-145 രൂപയായി ഉയര്‍ന്നു.ഈ വര്‍ഷം ഡിസംബറോടെ, എ.ആര്‍.പി.യു 180 രൂപയായി വര്‍ദ്ധിക്കുമെന്നാണ് കമ്പനികളുടെ പ്രതീക്ഷ. നടപ്പുവര്‍ഷത്തെ വരുമാനത്തില്‍ 12 ശതമാനം വരെ വര്‍ദ്ധനയും പ്രതീക്ഷിക്കുന്നു.

മാര്‍ച്ചില്‍ മാത്രം ഡാറ്റ ഉപഭോഗം 15 - 30 ശതമാനം ഉയര്‍ന്നു. പ്രതിമാസം 25 ലക്ഷം പേരെ ടെലികോം കമ്പനികള്‍ പുതിയ വരിക്കാരായി ചേര്‍ക്കാറുള്ള സ്ഥാനത്ത് മാര്‍ച്ചില്‍ ചേര്‍ക്കാനായത് വെറും അഞ്ചു ലക്ഷം പേരെ മാത്രം. എന്നിട്ടും, ഡാറ്റ ഉപഭോഗത്തിലെ കുതിപ്പു മൂലം ഉപഭോക്താക്കളില്‍ നിന്നുള്ള ശരാശരി വരുമാനം കൂടി.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it