മാളുകളെ കൈവിട്ട് ഒറ്റപ്പെട്ട കടകളിലേക്കു ശ്രദ്ധയൂന്നി പ്രമുഖ ബ്രാന്‍ഡുകള്‍
ലോക്ഡൗണ്‍ വന്നതോടെ ഇന്ത്യന്‍ ചില്ലറ വില്‍പ്പന മേഖലയുടെ രൂപ ഭാവങ്ങള്‍ മാറ്റിമറിച്ച് പ്രമുഖ ബ്രാന്‍ഡുകള്‍ ശ്രദ്ധയൂന്നുന്നത് ചെറുകിട വ്യാപാര ശാലകളിലേക്ക്. മാളുകളുടെ പുഷ്‌കല കാലം ഇനിയെന്ന് തിരിച്ചുവരുമെന്നതിലുള്ള അനിശ്ചിതത്വത്തിലാണ് ബിസിനസ് മോഡലിലെ ഈ മാറ്റത്തിനു കളമൊരുങ്ങിയിട്ടുള്ളത്.
മാളുകള്‍ നേരിടുന്ന അതേ ഭീഷണി തന്നെ റെസ്റ്റോറന്റുകള്‍ക്കുമുള്ളതായാണ് വിദഗ്ധരുടെ വിലയിരുത്തല്‍. 'തട്ടുകട സ്റ്റൈലി'ന് സ്വീകാര്യത കൂടുമെന്ന് അവര്‍ ചൂണ്ടിക്കാട്ടുന്നു.ലോക്ഡൗണിനു ശേഷമുള്ള കാലത്ത് റെസ്റ്റോറന്റുകളിലെ ബിസിനസ്സ് പഴയതിന്റെ 30-40 ശതമാനം മാത്രമായിരിക്കുമെന്ന് വിദഗ്ധര്‍ പറയുന്നു.
ജനപ്രിയ ഡൈനിംഗ്, ക്യുഎസ്ആര്‍ ശൃംഖലകളുടെ ഭാഗമായ മക്‌ഡൊണാള്‍ഡ്‌സ്, സ്‌പെഷ്യാലിറ്റി റെസ്റ്റോറന്റ്‌സ്, ഡിഗസ്റ്റിബസ്, ലൈറ്റ് ബൈറ്റ് ഫുഡ്‌സ് എന്നിവയാണ് പുതിയ പ്രവണതയെ പുണര്‍ന്ന ആദ്യത്തെ പ്രധാന കമ്പനികള്‍ എന്ന് ദി ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ പ്രവര്‍ത്തനത്തിന് തടസ്സമില്ലാത്തതാണ് മാറി ചിന്തിക്കാന്‍ ബ്രാന്‍ഡുകളെ പ്രേരിപ്പിക്കുന്നത്. വാടകയും പരിപാലന ചെലവും കുറവാണെന്നതും കമ്പനികള്‍ക്ക് ഗുണകരമായി.
തിരക്കേറിയ നഗരങ്ങളിലാണ് പ്രധാന മാളുകളെല്ലാം പ്രവര്‍ത്തിക്കുന്നത്. അതുകൊണ്ടുതന്നെ കോവിഡിനു സമൂഹ വ്യാപനമുണ്ടാകാതിരിക്കാനുള്ള മുന്‍കരുതലെന്ന നിലയിലാണ് സര്‍ക്കാരുകള്‍ മാളുകള്‍ തുറക്കാന്‍ ഇനിയും അനുമതി നല്‍കാത്തത്. റെസ്റ്റോറന്റുകളുടെ കാര്യവും അങ്ങനെ തന്നെ.റെസ്റ്റോറന്റുകളുടെ ഹോം ഡെലിവറികളേ അനുവദിച്ചിട്ടുള്ളൂ.
2000 ന്റെ തുടക്കത്തിലാണ് മാള്‍ വിപ്ലവം രാജ്യത്ത് ആരംഭിക്കുന്നത്.രാജ്യത്തെ എട്ട് പ്രമുഖ നഗരങ്ങളിലായി 126 മാളുകളാണുള്ളത്. പ്രമുഖ ബ്രാന്‍ഡുകളുടെ ഷോപ്പുകളോടൊപ്പം വിനോദത്തിനുള്ള സൗകര്യങ്ങള്‍ കൂടിവന്നതോടെ മാളുകള്‍ ജനപ്രിയ ഷോപ്പിങ് കേന്ദ്രങ്ങളായി. ഇപ്പോഴാകട്ടെ ജനപ്രിയ ബ്രാന്‍ഡുകള്‍ മാളുകളില്‍ നിന്ന് തെരുവിലേക്ക് തിരിയുന്നത് അപ്രതീക്ഷിത പ്രവണതയായി.
വടക്ക്, കിഴക്കന്‍ ഇന്ത്യയിലുടനീളം 155 മക്‌ഡൊണാള്‍ഡ് റെസ്റ്റോറന്റുകള്‍ നടത്തുന്ന കൊണാട്ട് പ്ലാസ റെസ്റ്റോറന്റ്‌സ് (സിപിആര്‍എല്‍) ഡ്രൈവ്-ത്രൂ ഔട്ട്ലെറ്റുകള്‍ തുറക്കാനുള്ള സ്ഥലം നോക്കുകയാണിപ്പോള്‍.ഇത്തരം 17 റെസ്റ്റോറന്റുകള്‍ തുടങ്ങിയതായി സിപിആര്‍എല്‍ ചെയര്‍മാന്‍ സഞ്ജീവ് അഗര്‍വാള്‍ അറിയിച്ചു. വിവിധ ബാഹ്യ ഘടകങ്ങളാല്‍ ഹൈ-സ്ട്രീറ്റ് സ്റ്റോറുകള്‍ക്ക് മാളുകളിലേതിനേക്കാള്‍ പ്രവര്‍ത്തനച്ചെലവ് കുറവായിരിക്കുമെന്ന് സ്‌പെഷ്യാലിറ്റി റെസ്റ്റോറന്റസ് മാനേജിംഗ് ഡയറക്ടര്‍ അഞ്ജന്‍ ചാറ്റര്‍ജി പറഞ്ഞു.
ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline