Begin typing your search above and press return to search.
ഊബര്‍ ഡ്രൈവര്‍മാര്‍ തൊഴിലാളികള്‍ തന്നെയെന്ന് യു. കെ സുപ്രീം കോടതി
ഊബര്‍ ഡ്രൈവര്‍മാര്‍ തൊഴിലാളികളാണെന്ന് യു. കെ സുപ്രീംകോടതി. ഇതോടെ മിനിമം വേതനവും ശമ്പളത്തോടെയുള്ള അവധിദിനങ്ങളും ലഭിക്കുന്ന തൊഴിലാളികളായി ഊബര്‍ ഡ്രൈവര്‍മാര്‍. ദീര്‍ഘകാലത്തെ നിയമപോരാട്ടത്തിന് അവസാനമിട്ടു കൊണ്ടാണ് വെള്ളിയാഴ്ച യു.കെ സുപ്രീംകോടതി വിധി വന്നത്.
ബ്രിട്ടീഷ് നിയമപ്രകാരം ഊബര്‍ ഡ്രൈവര്‍മാര്‍ തൊഴിലാളികളാണെന്ന തൊഴില്‍ ട്രൈബ്യൂണല്‍ വിധിക്കെതിരെ ഊബര്‍ കമ്പനി സമര്‍പ്പിച്ച അപ്പീല്‍ സുപ്രീംകോടതിയില്‍ ഏഴ് ജഡ്ജിമാര്‍ ഏകകണ്‌ഠേന തള്ളുകയായിരുന്നു. ഡ്രൈവര്‍മാരായ യസീന്‍ അസ്ലം, ജയിംസ് ഫറാര്‍ എന്നിവരുടെ നിയമ പോരാട്ടമാണ് തൊഴിലാളികള്‍ക്കനുകൂലമായ ഇതിലേക്കെത്തിച്ചത്.
2016 ല്‍ ഇവര്‍ക്ക് ട്രൈബ്യൂണലില്‍ നിന്ന് അനുകൂല വിധി ലഭിക്കുകയും സുപ്രീംകോടതിയില്‍ എത്തുന്നതിന് മുമ്പ് രണ്ട് അപ്പീലുകളിലായി ഈ വിധി ശരി വെക്കപ്പെടുകയും ചെയ്തിരുന്നു. യു.കെ യില്‍ 65,000 ഡ്രൈവര്‍മാരുള്ള കമ്പനിയുടെ വാദം അസ്ലമും ഫറാറും സ്വതന്ത്ര കരാറുകാരാണ് എന്നായിരുന്നു. എന്നാല്‍ കോടതി വിധി മാനിക്കുന്നതായി ഊബര്‍ അറിയിച്ചു.
ഈ വിധി താല്‍ക്കാലിക തൊഴില്‍മേഖലയെ പുനഃക്രമീകരിക്കുകയും തൊഴിലാളികളോടുള്ള ചൂഷണം അവസാനിപ്പിക്കുകയും ചെയ്യുമെന്ന് ഫെറാര്‍ അഭിപ്രായപ്പെട്ടു. ഇന്‍ഷ്വറന്‍സ് അടക്കമുള്ള പുതിയ പരിരക്ഷകള്‍ ഉള്‍പ്പെടുത്തിക്കൊണ്ട് ബിസിനസ്സില്‍ തൊഴിലാളികള്‍ക്ക് അനുകൂലമായ സുപ്രധാന മാറ്റങ്ങള്‍ വരുത്തിയതായി കമ്പനിയുടെ വടക്കു കിഴക്കന്‍ യൂറോപ്പ് റീജിയണല്‍ ജനറല്‍ മാനേജര്‍ ജാമി ഹേവുഡ് അറിയിച്ചു.
യാത്രക്കാരനോടൊപ്പം യാത്ര ചെയ്യുമ്പോള്‍ മാത്രമാണ് ഡ്രൈവര്‍ ജോലി ചെയ്യുന്നതെന്നായിരുന്നു ഊബര്‍ന്റെ വാദം. ഈ വാദത്തെ തള്ളിക്കൊണ്ട്, ഡ്രൈവര്‍മാര്‍ ഊബര്‍ ആപ്ലിക്കേഷനില്‍ പ്രവേശിക്കുമ്പോള്‍ മുതല്‍ ജോലിയിലായിരിക്കുമെന്നും മിനിമം വേതനവും അവധിക്കാല വേതനവും കണക്കാക്കാന്‍ ഇതുപയോഗിക്കുമെന്നും കോടതി വ്യക്തമാക്കുന്നു. കേസില്‍ കക്ഷി ചേര്‍ന്ന ഡ്രൈവര്‍മാര്‍ക്ക് നഷ്ടമായ ശമ്പളം, നഷ്ടപരിഹാരമായി ലഭിക്കുന്നത് സംബന്ധിച്ച തീരുമാനങ്ങള്‍ തൊഴില്‍ ട്രൈബ്യൂണലിന്റെ പരിഗണനയിലാണ്.
Next Story
Videos