ബൈജൂസിന് 'പൂട്ടിടാന്‍' അമേരിക്കന്‍ വായ്പാദാതാക്കള്‍; ഓഹരി മരവിപ്പിക്കണമെന്ന് ആവശ്യം

സാമ്പത്തിക ഞെരുക്കത്തില്‍പ്പെട്ട് പതറുന്ന എഡ്‌ടെക് സ്ഥാപനമായ ബൈജൂസിനെതിരെ അമേരിക്കന്‍ വായ്പാദാതാക്കള്‍ നിയമനടപടി കടുപ്പിക്കുന്നു. ബൈജൂസിന്റെ പ്രൊമോട്ടര്‍മാര്‍ ഓഹരി പണയംവയ്ക്കുന്നതിനും വില്‍ക്കുന്നതും കൈമാറ്റം ചെയ്യുന്നതിനും വിലക്കേര്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് അവർ നാഷണല്‍ കമ്പനി ലോ ട്രൈബ്യൂണലിനെ (NCLT) സമീപിച്ചു.
അമേരിക്കയിലെ ബാങ്കിതര വായ്പാസേവന കമ്പനിയായ ഗ്ലാസ് ട്രസ്റ്റ് കമ്പനിയാണ് ട്രൈബ്യൂണലില്‍ പാപ്പർ (ഇന്‍സോള്‍വന്‍സി) ഹര്‍ജി നല്‍കിയത്. ബൈജൂസിന്റെ അമേരിക്കന്‍ ഉപസ്ഥാപനമായ ബൈജൂസ് ആല്‍ഫയ്ക്ക് വായ്പ അനുവദിച്ച 100ഓളം കമ്പനികളുടെ പ്രതിനിധിയാണ് ഗ്ലാസ് ട്രസ്റ്റ്.
നീക്കം ബൈജു രവീന്ദ്രന്റെ നടപടിയില്‍ പ്രതിഷേധിച്ച്
ബൈജൂസിന്റെ മാതൃസ്ഥാപനമായ തിങ്ക് ആന്‍ഡ് ലേണിന്റെ സ്ഥാപകനും മലയാളിയുമായ ബൈജു രവീന്ദ്രന്റെ നടപടികളിൽ പ്രതിഷേധിച്ചാണ് വായ്പാദാതാക്കള്‍ ട്രൈബ്യൂണലിനെ സമീപിച്ചത്.
അമേരിക്കന്‍ ഉപകമ്പനിക്ക് അനുവദിച്ച വായ്പ തിരിച്ചടയ്ക്കാന്‍ ബൈജൂസിന് കഴിഞ്ഞിട്ടില്ല. ഇതിനെതിരായ വായ്പാക്കമ്പനികളുടെ ഹര്‍ജി കോടതിയുടെ പരിഗണനയിലുമാണ്. ആല്‍ഫയ്‌ക്കെതിരെ പാപ്പരത്ത നടപടി ആവശ്യപ്പെട്ടുള്ള ഹര്‍ജിയാണ് അമേരിക്കയില്‍ നല്‍കിയത്.
എന്നാല്‍, ഈ സാഹചര്യത്തിലും ബൈജു രവീന്ദ്രന്‍ ബൈജൂസിന്റെ ഓഹരി വിറ്റ് പണസമാഹരണം നടത്തുന്നത് വായ്പാദാതാക്കളെ ചൊടിപ്പിക്കുകയായിരുന്നു.
നിലവില്‍ ബൈജു രവീന്ദ്രന്‍ ദുബൈയിലാണെന്നിരിക്കേ, വായ്പാത്തുക കണ്ടുകെട്ടുന്നത് പ്രയാസവുമാണ്. അതുകൊണ്ട്, ബൈജൂസ് ഇനിയും ഓഹരി വില്‍ക്കുന്നത് തടയണമെന്നാണ് കമ്പനികളുടെ ആവശ്യം. അടുത്തിടെ ബൈജു രവീന്ദ്രന്‍ ഓഹരി വിറ്റ് 350 കോടി രൂപ സമാഹരിച്ചിരുന്നു.
പ്രതിസന്ധികളുടെ കമ്പനി
തുടര്‍ച്ചയായ പ്രതിസന്ധികളിലൂടെ കടന്നുപോകുകയാണ് നിലവില്‍ ബൈജൂസ്. ജീവനക്കാര്‍ക്ക് ശമ്പളം കൊടുക്കാന്‍ പോലും പ്രയാസം. നിരവധി ജീവനക്കാരെ പിരിച്ചുവിടുകയും ചെയ്തു.
കമ്പനിയുടെ ഉപദേശക സമിതിയില്‍ നിന്ന് എസ്.ബി.ഐ മുന്‍ ചെയര്‍മാന്‍ രജനീഷ് കുമാര്‍, ഇന്‍ഫോസിസിന്റെ മുന്‍ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ മോഹന്‍ദാസ് പൈ എന്നിവര്‍ അടുത്തിടെ രാജിവച്ചിരുന്നു. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ സ്‌പോണ്‍സര്‍മാരായിരിക്കേ 158 കോടി രൂപയുടെ കുടിശിക വരുത്തിയതിന് ബി.സി.സി.ഐയും ബൈജൂസിനെതിരെ ട്രൈബ്യൂണലിനെ സമീപിച്ചിട്ടുണ്ട്.
അമേരിക്കയിലെ ഹെജ് (hedge) ഫണ്ടിൽ ബൈജൂസ് നിക്ഷേപിച്ച 4,500 കോടിയോളം രൂപ (53.3 കോടി ഡോളര്‍) കാണാതായ വിഷയത്തില്‍ ബൈജുവിന്റെ സഹാദരനും ബൈജൂസ് ഡയറക്ടറുമായ റിജു രവീന്ദ്രനെതിരെ അമേരിക്കയിലെ ബാങ്ക്‌റപ്റ്റ്‌സി കോടതിയും പിഴ ചുമത്തുന്നതടക്കമുള്ള കടുത്ത നടപടിയെടുക്കുമെന്ന് അടുത്തിടെ മുന്നറിയിപ്പ് നല്‍കിയിരുന്നു.

Related Articles

Next Story

Videos

Share it