വെനസ്വേലന്‍ എണ്ണക്കച്ചവടത്തിന് അമേരിക്കന്‍ പാര; ഇന്ത്യക്ക് കനത്ത തിരിച്ചടി

ലാറ്റിനമേരിക്കന്‍ രാഷ്ട്രമായ വെനസ്വേലയില്‍ നിന്ന് മികച്ച ഡിസ്‌കൗണ്ടോടെ എണ്ണ (Crude Oil) വാങ്ങാനുള്ള ഇന്ത്യയുടെ നീക്കത്തിന് അമേരിക്കയില്‍ നിന്ന് വമ്പന്‍ പാര. വെനസ്വേലയ്ക്കുമേല്‍ ഏര്‍പ്പെടുത്തിയിരുന്ന ഉപരോധം പിന്‍വലിച്ച നടപടി റദ്ദാക്കാനും കടുത്ത നടപടികളോടെ വീണ്ടും ഉപരോധം ഏര്‍പ്പെടുത്താനുമുള്ള അമേരിക്കയിലെ ജോ ബൈഡന്‍ ഭരണകൂടത്തിന്റെ നീക്കമാണ് ഇന്ത്യയുടെ എണ്ണക്കമ്പനികള്‍ക്ക് തിരിച്ചടിയാകുന്നത്.
വെനസ്വേലയില്‍ പ്രസിഡന്റ് നിക്കോളാസ് മഡൂറോയുടെ ഭരണനയങ്ങള്‍ക്കെതിരെ പ്രതിഷേധിച്ച പ്രതിപക്ഷ നേതാക്കളെ അറസ്റ്റ് ചെയ്യാനും തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്ന് വിലക്കാനുമുള്ള നടപടികളാണ് അമേരിക്കയെ ചൊടിപ്പിച്ചത്.
പഴയ ചങ്ങാതിമാര്‍
2019ലാണ് വെനസ്വേലയ്ക്ക് എതിരെ അമേരിക്ക ഉപരോധം ഏര്‍പ്പെടുത്തിയത്. അതോടെ, വെനസ്വേലന്‍ എണ്ണയുടെ കയറ്റുമതിക്കും കടുത്ത നിയന്ത്രണങ്ങള്‍ വന്നു.
ഇതിന് മുമ്പ് 2017-19ല്‍ വെനസ്വേലയില്‍ നിന്ന് ഇന്ത്യ പ്രതിദിനം മൂന്നുലക്ഷം ബാരല്‍ വീതം ക്രൂഡോയില്‍ വാങ്ങിയിരുന്നു. ഇന്ത്യയുടെ അഞ്ചാമത്തെ വലിയ ക്രൂഡോയില്‍ വിതരണക്കാരുമായിരുന്നു വെനസ്വേല.
എന്താണ് തിരിച്ചടി?
നിലവില്‍ ബാരലിന് 83-87 ഡോളര്‍ നിലവാരത്തിലാണ് രാജ്യാന്തര ക്രൂഡോയില്‍ വില. ഇന്ത്യക്ക് ബാരലിന് 61 ഡോളര്‍ നിരക്കില്‍ ക്രൂഡോയില്‍ നല്‍കാന്‍ വെനസ്വേല തയ്യാറാണ്. അതായത്, സൗദി അറേബ്യന്‍ എണ്ണയേക്കാള്‍ 26 ഡോളറും റഷ്യന്‍ എണ്ണയേക്കാള്‍ 18 ഡോളറും കുറവാണ് വെനസ്വേലന്‍ എണ്ണയുടെ വില.
രാജ്യാന്തരവില കുതിച്ചുയര്‍ന്നതിനാലും പെട്രോള്‍, ഡീസല്‍ വിലയില്‍ ലിറ്ററിന് രണ്ടുരൂപ വീതം കുറച്ചതിനാലും പ്രതിസന്ധിയിലായ എണ്ണക്കമ്പനികള്‍ക്ക് വെനസ്വേലന്‍ എണ്ണ ഇറക്കുമതി വലിയ ആശ്വാസമാകുമായിരുന്നു. പെട്രോള്‍, ഡീസല്‍ വില കുറച്ചതുവഴി നടപ്പുവര്‍ഷത്തെ (2023-24) വാര്‍ഷിക വരുമാനത്തില്‍ ഏകദേശം 30,000 കോടി രൂപയുടെ കുറവ് പൊതുമേഖലാ എണ്ണവിതരണ കമ്പനികള്‍ നേരിട്ടേക്കുമെന്നാണ് വിലയിരുത്തല്‍.
വെനസ്വേലയില്‍ നിന്ന് റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍, എച്ച്.എം.ഇ.എല്‍ (എച്ച്.പി.സി.എല്‍-മിത്തല്‍ എനര്‍ജി ലിമിറ്റഡ്), നയാര എന്നിവ നേരത്തേ ക്രൂഡോയില്‍ ഇറക്കുമതി ചെയ്തിരുന്നു. ബി.പി.സി.എല്ലും വെനസ്വേലന്‍ എണ്ണവാങ്ങാന്‍ ശ്രമം നടത്തിയിരുന്നു.
Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it