ബാറ്ററി സ്റ്റാര്‍ട്ടപ്പ് കമ്പനിയില്‍ നിക്ഷേപം നടത്തി വി ഗാര്‍ഡ്


മുന്‍നിര കണ്‍സ്യൂമര്‍ ഇലക്ട്രോണിക്‌സ് കമ്പനിയായ വിഗാര്‍ഡ് ഇന്‍ഡസ്ട്രീസ് വൈദ്യുത ബാറ്ററി സ്റ്റാര്‍ട്ടപ്പ് ഗിഗാഡൈന്‍ എനര്‍ജി ലാബ്‌സ് െ്രെപവറ്റ് ലിമിറ്റഡിന്റെ 18.77 ശതമാനം ഓഹരി സ്വന്തമാക്കുന്നു. 33.4 കോടി രൂപയോളം വരുന്ന ഈ നിക്ഷേപത്തിന് വി ഗാര്‍ഡ് ഡയറക്ടര്‍ ബോര്‍ഡ് അനുമതി നല്‍കി. മുംബൈ ആസ്ഥാനമായ ഗിഗാഡൈന്‍ ബദല്‍ ബാറ്ററി സാങ്കേതികവിദ്യ അടിസ്ഥാനമാക്കിയുള്ള നൂതന ഊര്‍ജ്ജ സംഭരണ ഉല്‍പ്പന്ന വികസനത്തിലാണ് ശ്രദ്ധകേന്ദ്രീകരിച്ചിരിക്കുന്നത്.

''മൗലികമായ ഗവേഷണങ്ങള്‍ നടക്കുന്ന ഡീപ് ടെക്ക് സ്റ്റാര്‍ട്ടപ്പ് രംഗത്തേക്കുള്ള വിഗാര്‍ഡിന്റെ കടന്നുവരവാണ് ഈ ഓഹരി നിക്ഷേപത്തിലൂടെ അടയാളപ്പെടുത്തുന്നത്. ഉപഭോക്താക്കളിലേക്ക് വിവേകപൂര്‍ണമായ ഉല്‍പ്പന്നങ്ങളും അനുഭവങ്ങളും എത്തിക്കുക എന്ന വിഗാര്‍ഡിന്റെ തത്വത്തെ ഉറപ്പിക്കുന്നതാണിത്. ഈ പങ്കാളിത്തം വി ഗാര്‍ഡിന് കൂടുതല്‍ കരുത്താര്‍ജ്ജിക്കാനും ഉല്‍പ്പന്ന ശ്രേണി വിപുലപ്പെടുത്താനും സഹായിക്കുന്നതോടൊപ്പം ഗിഗാഡൈന്‍ എനര്‍ജി ലാബിന് സാധ്യതകളെ വേഗത്തില്‍ തിരിച്ചറിയാനും സഹായിക്കും'' വി ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് മാനേജിങ് ഡയറക്ടര്‍ മിഥുന്‍ ചിറ്റിലപ്പിള്ളി പറഞ്ഞു.

ബദല്‍ ബാറ്ററി സാങ്കേതിക വിദ്യാ സ്റ്റാര്‍ട്ടപ്പായി വിശേഷിപ്പിക്കുന്ന ഗിഗാഡൈന്‍, ദീര്‍ഘ കാലാവധി ലഭിക്കുന്നതും ചലവു കുറഞ്ഞതും വേഗത്തില്‍ ചാര്‍ജ് ചെയ്യാവുന്നതും സുരക്ഷിതവുമായ ബാറ്ററികളാണ് വികസിപ്പിക്കുന്നത്. നിലവിലുള്ള സാങ്കേതിക വിദ്യയില്‍ പ്രവര്‍ത്തിക്കുന്ന ബാറ്ററികളെ അപേക്ഷിച്ച് പരിപാലന ചെലവ് കുറഞ്ഞതും മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നതുമാണ് ഗിഗാഡൈന്‍ വികസിപ്പിക്കുന്ന ബാറ്ററികള്‍.
നിര്‍മാണ ആവശ്യങ്ങള്‍ക്ക് ഗിഗാഡൈന്‍ ഉപയോഗിക്കുന്ന അസംസ്‌കൃത വസ്തുക്കളെല്ലാം പ്രാദേശികമായി ലഭ്യമായവയാണ്. ഇറക്കുമതിയെ ആശ്രയിക്കേണ്ടി വരുന്ന അപൂര്‍വ ധാതുക്കള്‍ ഉപയോഗിക്കുന്ന പുതിയ ബാറ്ററി സാങ്കേതിക വിദ്യയുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഗിഗാഡൈന്‍ സാങ്കേതിക വിദ്യയ്ക്ക് മേല്‍ക്കൈ ലഭിക്കുന്നു.

വളര്‍ന്നുവരുന്ന സാങ്കേതികവിദ്യകളില്‍ പങ്കാളികളാകാനും ഭാവി വളര്‍ച്ചയ്ക്കും ഉല്‍പ്പാദന ശേഷി മെച്ചപ്പെടുത്തുന്നതിനുമുള്ള വഴി ആയാണ് ഈ സ്റ്റാര്‍ട്ടപ്പ് പങ്കാളിത്തത്തെ വിഗാര്‍ഡ് കാണുന്നത്. അത്യാധുനിക സാങ്കേതികവിദ്യാ രംഗത്തേക്ക് കടന്നു വരാനും സ്ഥാപിത ബിസിനസ് രീതികളില്‍ ഡിസ്‌റപ്ഷന്‍ സൃഷ്ടിക്കാനുമുള്ള വിഗാര്‍ഡിന്റെ സന്നദ്ധതയെ ഇതു സൂചിപ്പിക്കുന്നു.
ഗിഗാഡൈന്‍ എനര്‍ജി ലാബ്‌സിലെ നിക്ഷേപം ഈ രംഗത്തേക്കുള്ള ആദ്യ പടിയാണ്. ഡിജിറ്റല്‍ യുപിഎസ്, ഊര്‍ജ സംഭരണം, മറ്റു ഉല്‍പ്പന്നങ്ങളിലെ ഉപയോഗം തുടങ്ങി ഗിഗാഡന്റെ എനര്‍ജി ലാബ്‌സിന്റെ ബദല്‍ ബാറ്ററി സാങ്കേതികവിദ്യയില്‍ വലിയ സാധ്യതകളാണ് വി ഗാര്‍ഡ് മുന്നില്‍ കാണുന്നത്.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it