Begin typing your search above and press return to search.
വിഴിഞ്ഞം തുറമുഖം ഒന്നാം ഘട്ടം അടുത്ത മേയില്‍ ഉദ്ഘാടനം
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് ആദ്യ കപ്പല്‍ ചൈനയില്‍ നിന്നും സെപ്റ്റംബറിലെത്തിച്ചേരുമെന്ന് മന്ത്രി അഹമ്മദ് ദേവര്‍ കോവില്‍ പറഞ്ഞു. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തൃപ്തികരമായ രീതിയില്‍ മുന്നോട്ട് പോവുകയാണ്. 54 ലക്ഷം ടണ്‍ പാറ സംഭരിക്കുകയും 49 ലക്ഷം ടണ്‍ നിക്ഷേപിക്കുകയും ചെയ്തു. നിലവില്‍ ആവശ്യമായ 26 ലക്ഷം ടണ്‍ പാറക്കാവശ്യമായ നടപടികള്‍ സര്‍ക്കാര്‍ സ്വീകരിച്ചിട്ടുണ്ട്. തമിഴ്‌നാട് സര്‍ക്കാറുമായി ചര്‍ച്ചകള്‍ നടത്തിയും സംസ്ഥാനത്തെ അനുവദനീയമായ ക്വാറികള്‍ ഉപയോഗിച്ചും പാറ ലഭ്യതയിലെ പ്രതിസന്ധി പരിഹരിക്കും.
2024 മേയ് മാസത്തോടെ പദ്ധതിയുടെ ഒന്നാം ഘട്ടം കമ്മീഷന്‍ ചെയ്യും. പവര്‍ സ്റ്റേഷന്‍, ഗേറ്റ് കോംപ്ലക്‌സ് എന്നിവയുടെ നിര്‍മാണം പൂര്‍ത്തിയായി. ആദ്യ കപ്പല്‍ എത്തുന്നതിനു മുന്‍പായി വിഴിഞ്ഞം ഇന്റര്‍നാഷണല്‍ സീ പോര്‍ട്ട് ലിമിറ്റഡ് സി.ഇ.ഒയും എം.ഡിയും ചൈന സന്ദര്‍ശിക്കും. 2024 മെയ് മാസത്തോടെ എല്ലാ പ്രവൃത്തികളും പൂര്‍ത്തിയാക്കി തുറമുഖം വാണിജ്യാടിസ്ഥാനത്തില്‍ പ്രവര്‍ത്തനം ആരംഭിക്കും.
അന്താരാഷ്ട്ര ഷിപ്പിംഗ് സമ്മേളനം
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ വ്യവസായ സാധ്യതകളെ മാരിടൈം ലോകത്തിന് പരിചയപ്പെടുത്തുന്നതിനായി അന്താരാഷ്ട്ര ഷിപ്പിംഗ് സമ്മേളനം ഒക്ടോബര്‍ ആദ്യവാരം തിരുവനന്തപുരത്ത് സംഘടിപ്പിക്കും. തുറമുഖ വകുപ്പിന്റെ നേതൃത്വത്തിലാണ് കോണ്‍ക്ലേവ് സംഘടിപ്പിക്കുക.
തമിഴ്‌നാട് സര്‍ക്കാര്‍ കൊണ്ടുവന്ന ഗതാഗത പരിഷ്‌കാരത്താല്‍ പാറയുടെ ലഭ്യതയില്‍ സംഭവിക്കുന്ന കുറവ് പരിഹരിക്കുവാന്‍ ബദല്‍ മാര്‍ഗങ്ങള്‍ക്ക് യോഗം രൂപം നല്‍കി. കേന്ദ്രസര്‍ക്കാരിന്റെ തെറ്റായ നയങ്ങള്‍ കാരണം സംസ്ഥാനത്തിന് സാമ്പത്തിക പ്രയാസം ഉണ്ടെങ്കിലും കേരളത്തിന്റെ സ്വപ്‌ന പദ്ധതി എന്ന നിലയില്‍ വിഴിഞ്ഞം പദ്ധതിക്ക് ആവശ്യമായ പണം സര്‍ക്കാര്‍ കണ്ടെത്തും. മുഖ്യമന്ത്രി ഈ വിഷയത്തില്‍ ബന്ധപ്പെട്ടവര്‍ക്ക് കൃത്യമായ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
Next Story
Videos