സര്‍ക്കാര്‍ കനിഞ്ഞെങ്കിലും നിരക്കുയര്‍ത്തലില്‍ ഉറച്ച് ടെലികോം കമ്പനികള്‍

സാമ്പത്തികക്കുരുക്കഴിക്കാനെന്ന പേരില്‍ നിരക്കു വര്‍ദ്ധിപ്പിക്കാന്‍ തയ്യാറെടുക്കുന്ന മൊബൈല്‍ കമ്പനികള്‍ക്ക് സെപ്ക്ട്രം ലേലത്തുകയുടെ ബാധ്യത തീര്‍ക്കുന്നതില്‍ കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ച മോറട്ടോറിയം ഇരട്ടിമധുരം. ഡിസംബര്‍ ഒന്നോടെ ടെലികോം താരിഫുകള്‍ വര്‍ദ്ധിപ്പിക്കുമെന്ന കമ്പനികളുടെ തീരുമാനം പുതിയ ഇളവ് പ്രഖ്യാപിച്ചതിന്റെ വെളിച്ചത്തില്‍ മാറ്റണമെന്ന ആവശ്യം സാമൂഹിക മാധ്യമങ്ങളില്‍ ഉയര്‍ന്നു തുടങ്ങിയെങ്കിലും ഉപഭോക്താക്കള്‍ ഉയര്‍ന്ന നിരക്കുകള്‍ വൈകാതെ നല്‍കേണ്ടിവരുമെന്നാണ് സൂചന. ഇതിനായുള്ള ഗ്രീന്‍ സിഗ്നല്‍ ഉന്നത കേന്ദ്രങ്ങളില്‍ നിന്നു നേരത്തെ തന്നെ കമ്പനികള്‍ക്കു ലഭിച്ചിരുന്നു.

സെപ്ക്ട്രം ലേലത്തുക ഇനത്തില്‍ 94000 കോടി അടയ്ക്കാന്‍ സുപ്രീംകോടതി ഉത്തരവിട്ടതിനെ തുടര്‍ന്ന് സാമ്പത്തിക പ്രതിസന്ധി നേരിടുന്ന രാജ്യത്തെ മൊബൈല്‍ കമ്പനികള്‍ക്ക് കുടിശ്ശിക അടച്ചു തീര്‍ക്കാന്‍ രണ്ട് വര്‍ഷം സമയം നല്‍കാനാണ് കഴിഞ്ഞ ദിവസം ചേര്‍ന്ന കേന്ദ്ര മന്ത്രിസഭയോഗം തീരുമാനം എടുത്തത്. ഒക്ടോബര്‍ 24നാണ് ടെലികോം കമ്പനികളെ പ്രതിസന്ധിയിലാക്കിയ സുപ്രീം കോടതി വിധി വന്നത്. വോഡഫോണ്‍ ഐഡിയയ്ക്കും എയര്‍ടെലിനും 81,000 കോടി രൂപ കുടിശ്ശിക നേരിടേണ്ടിവന്നു. ഇത് ജനുവരി അവസാനത്തോടെ അടയ്ക്കണമെന്നതായിരുന്നു അവസ്ഥ.സെപ്റ്റംബര്‍ പാദത്തില്‍ വോഡഫോണ്‍ ഐഡിയയുടെ നഷ്ടം റെക്കോര്‍ഡ് 50,921.9 കോടി രൂപയായും എയര്‍ടെല്ലിന്റേത് 23,045 കോടി രൂപയായും ഉയര്‍ന്നു.പ്രതിസന്ധി തുറന്നുപറഞ്ഞ് കമ്പനികള്‍ എത്തിയതോടെ തുക അടയ്ക്കുന്നതില്‍ കേന്ദ്രം ഇളവ് നല്‍കുകയായിരുന്നു.

വരുമാനത്തില്‍ ഭീമമായ നഷ്ടം നേരിടുകയും സാമ്പത്തികമായ വെല്ലുവിളികള്‍ തുടരുകയും ചെയ്യുന്ന സാഹചര്യത്തില്‍ ഡിസംബര്‍ മുതല്‍ നിരക്കുകളില്‍ വര്‍ധനവുണ്ടാകുമെന്ന നിലപാടില്‍ കമ്പനികള്‍ ഉറച്ചുനില്‍ക്കുകയാണ്. അതേസമയം, എത്ര ശതമാനം വര്‍ധനവ് നിരക്കിലുണ്ടാവുമെന്ന് കമ്പനികള്‍ വിശദമാക്കിയിട്ടില്ല. നിലവിലെ ചാര്‍ജുകളില്‍ 15-30 ശതമാനം വര്‍ധനവുണ്ടാവുമെന്നാണ് വിദഗ്ധര്‍ വിലയിരുത്തുന്നത്. ടെലികോം മേഖലയില്‍ സാങ്കേതിക വികസനത്തിനായി വന്‍തുകയാണ് കണ്ടെത്തേണ്ടി വരുന്നതെന്ന് വൊഡാഫോണ്‍ ഐഡിയ, എയര്‍ടെല്‍ വക്താക്കള്‍ വിശദമാക്കിയിരുന്നു.റിലയന്‍സ് ജിയോയും നിരക്കുയര്‍ത്തുമെന്ന കാര്യം തീര്‍ച്ചയായിട്ടുണ്ട്.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it