വോഡഫോണ്‍ ഐഡിയ തീരുമാനം: നിക്ഷേപകര്‍ക്ക് ഗുണമോ ദോഷമോ?

വോഡഫോണ്‍ ഐഡിയ ഓഹരി വില ഇന്ന് 20 ശതമാനത്തോളമാണ് ഇടിഞ്ഞിരിക്കുന്നത്. സ്‌പെക്ട്രം ഫീസിലും റവന്യു വിഹിതത്തിലും സര്‍ക്കാരിന് നല്‍കാനുള്ള കുടിശിക ഓഹരിയാക്കി മാറ്റാന്‍ വോഡഫോണ്‍ ഐഡിയ തീരുമാനിച്ചതാണ് ഓഹരി വില കുത്തനെ ഇടിയാന്‍ കാരണമായത്.

കുടിശിക സര്‍ക്കാരിന്റെ ഓഹരിയാക്കുമ്പോള്‍ നിലവിലുള്ള ഓഹരിയുടമകളുടെ പങ്കാളിത്തത്തോട് കുത്തനെ താഴും. പ്രമോര്‍ട്ടര്‍മാര്‍ക്ക് നിലവില്‍ 72 ശതമാനമുണ്ടായിരുന്ന ഓഹരി വിഹിതം 43.6 ശതമാനമായി കുറയും. ഇതില്‍ വോഡഫോണ്‍ ഗ്രൂപ്പിന് 28.5 ശതമാനവും ആദിത്യബിര്‍ള ഗ്രൂപ്പിന് 17.8 ശതമാനവുമായിരിക്കും ഓഹരി പങ്കാളിത്തം.

ഗവണ്‍മെന്റിന് 35.8 ശതമാനം ഓഹരി ഉണ്ടാകും. തിങ്കളാഴ്ച വോഡഫോണ്‍ ഐഡിയ ഓഹരിയുടെ ക്ലോസിംഗ് വില 14.85 രൂപയായിരുന്നു. മുഖവിലയായ പത്തുരൂപയ്ക്കാണ് ഗവണ്‍മെന്റിന് ഓഹരി നല്‍കുക.

ഈ സംഭവവികാസങ്ങള്‍ കമ്പനിയ്ക്കും ഇടപാടുകാര്‍ക്കും ഗുണമാകുമെങ്കിലും നിക്ഷേപകരെ സംബന്ധിച്ചിടത്തോളം നല്ല വാര്‍ത്തയല്ല. അതുകൊണ്ടാണ് ഓഹരി വില ഇന്ന് 20 ശതമാനത്തിലേറെ ഇടിഞ്ഞത്.

പ്രമോര്‍ട്ടര്‍മാരുടെ ഓഹരി പങ്കാളിത്തം കുറയുകയും ഗവണ്‍മെന്റിന്റെ കൈയിലേക്ക് ഏറെ ഓഹരികള്‍ വരുകയും ചെയ്യുമ്പോള്‍ മാര്‍ക്കറ്റില്‍ ക്രയവിക്രയത്തിനെത്തുന്ന ഓഹരികളുടെ എണ്ണം കുറയാനാണിട. അതായത് സര്‍ക്കാരിന്റെ കൈവശമുള്ള ഓഹരികള്‍ ഏതാണ്ട് സുസ്ഥിരമായൊരു പങ്കാളിത്ത സ്വഭാവത്തോടെയുള്ളതാകും. വിപണിയിലെത്തുന്ന ഓഹരികളുടെ എണ്ണത്തില്‍ വരുന്ന കുറവ് കമ്പനിയുടെ വാല്വേഷനെയും സ്വാധീനിക്കും.

കുടിശിക അടയ്ക്കുന്നത് നാലുവര്‍ഷത്തേക്ക് നീട്ടിവെയ്ക്കുന്നതിന്റെ ഭാഗമായാണ് ഓഹരി മാറ്റം നടത്തിയിരിക്കുന്നത്. നാലുവര്‍ഷം കഴിയുമ്പോള്‍ കമ്പനിയുടെ കടം അതുപോലെ തന്നെ നിലനില്‍ക്കും. ഗവണ്‍മെന്റിന്റെ ഓഹരി പങ്കാളിത്തം കൂടി വന്നതോടെ കമ്പനിയുടെ നിലനില്‍പ്പിന് കാരണമാകുമെങ്കിലും ഓരോ ഉപയോക്താവില്‍ നിന്നുള്ള ശരാശരി വരുമാന വര്‍ധനയെ ആശ്രയിച്ചായിരിക്കും കമ്പനിയുടെ വളര്‍ച്ചയും. മാത്രമല്ല കമ്പനിയുടെ പ്രമോര്‍ട്ടര്‍മാരായ വോഡഫോണും ആദിത്യ ബിര്‍ള ഗ്രൂപ്പും എത്രമാത്രം ഫണ്ട് സമാഹരിക്കുന്നുവെന്നതും നിര്‍ണായകമാണ്.

ഭാരതി എയര്‍ടെല്‍ സര്‍ക്കാരിന് നല്‍കാനുള്ള കുടിശിക ഓഹരിയാക്കി കൈമാറ്റം ചെയ്യില്ലെന്ന് അടുത്തിടെ പ്രഖ്യാപിച്ചിരുന്നു.


Dhanam News Desk
Dhanam News Desk  

Related Articles

Next Story
Share it