Begin typing your search above and press return to search.
ഭക്ഷ്യ-ഭക്ഷ്യോല്‍പ്പന്ന മേഖലയില്‍ സംരംഭം തുടങ്ങാന്‍ ഈ സര്‍ട്ടിഫിക്കറ്റുകള്‍ നിര്‍ബന്ധം
എംഎസ്എംഇ മേഖലയില്‍ ലോക്ഡൗണ്‍ കാലത്ത് ഏറ്റവുമധികം സംരംഭകര്‍ സൃഷ്ടിക്കപ്പെട്ടത് ഭക്ഷ്യ സംസ്‌കരണ മേഖലയിലെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. കൂടുതലും പേര്‍ ബേക്കിംഗും അച്ചാര്‍ നിര്‍മാണവുമുതല്‍ വീടുകളില്‍ തുടങ്ങുന്ന സംരംഭങ്ങളില്‍ വ്യാപൃതരായതായും കാണാം. കുറഞ്ഞ മുതല്‍ മുടക്ക്, നല്ല വിപണി, കുറഞ്ഞ സാങ്കേതിക/പരിസ്ഥിതി പ്രശ്‌നങ്ങള്‍, മികച്ച ലാഭവിഹിതം, കുറഞ്ഞ ക്രെഡിറ്റ് കച്ചവട സാധ്യത, വിദേശ വിപണിയില്‍ പോലും ശോഭിക്കാന്‍ അവസരം, കുടുംബ ബിസിനസിനുള്ള സൗകര്യം അങ്ങനെ നിരവധി നേട്ടങ്ങളുണ്ട് ഭക്ഷ്യസംസ്‌കരണ മേഖലയിലെ സംരംഭങ്ങള്‍ക്ക്. എന്നാല്‍ ഏതൊക്കെ നിയമവശങ്ങള്‍ ഇതിനെ ബാധിക്കും എന്നും ഏതൊക്കെ രേഖകള്‍ വേണമെന്നും പലര്‍ക്കും വ്യക്തതയില്ല. ചെറുകിട ഭക്ഷ്യസംസ്‌കരണ സംരംഭങ്ങള്‍ക്ക് ആവശ്യമായ നിയമ
പരിരക്ഷ വിശദമാക്കാം.
എഫ്.എസ്.എസ്.എ.ഐ.
രാജ്യത്ത് വ്യാപകമായ നിയമങ്ങളില്‍ ഒരു പ്രധാന നിയമമാണ് ഭക്ഷ്യസുരക്ഷാ നിലവാര നിയമം 2006. ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ്.എസ്.എസ്.എ.ഐ.) വഴിയാണ് ഈ നിയമം നടപ്പാക്കുന്നത്. 2011 ഓഗസ്റ്റ് അഞ്ച് മുതല്‍ ഇതിന് പ്രാബല്യമുണ്ട്. ഭക്ഷ്യയോഗ്യമായി വില്‍ക്കുന്ന ഏതൊരു ഭക്ഷ്യ ഉല്‍പ്പന്നത്തിന്റെയും ഉല്‍പ്പാദനം, സൂക്ഷിക്കല്‍, വിപണനം, വിതരണം, കയറ്റി ഇറക്ക്, ഗതാഗതം തുടങ്ങി ഏതൊരു പ്രവൃത്തിയില്‍ ഏര്‍പ്പെട്ടിരിക്കുന്ന വ്യക്തികളും സ്ഥാപനങ്ങളും ലൈസന്‍സ്/രജിസ്ട്രേഷന്‍ നിര്‍ബന്ധമായും എടുത്തിരിക്കേണ്ടതാണ്. വീട്ടില്‍ ഉണ്ടാക്കി വില്‍ക്കുന്നവരും ഇത് എടുത്തിരിക്കണം.
100 രൂപയാണ് വാര്‍ഷിക ഫീസ്. ഓണ്‍ലൈനായും അപേക്ഷിക്കണം. അഞ്ച് വര്‍ഷത്തേക്ക് ഒരുമിച്ച് എടുക്കാം. ഫോം 'എ' യില്‍ അപേക്ഷ സമര്‍പ്പിക്കണം. ഫുഡ് സേഫ്റ്റി ഓഫീസര്‍ (ഫുഡ് ഇന്‍സ്‌പെക്ടര്‍) ആണ് അനുമതി നല്‍കുന്നത്. 100 രൂപ ഫീസ് അടച്ച് ആധാര്‍ കാര്‍ഡും ഫോട്ടോയും നല്‍കി തൊട്ടടുത്ത അക്ഷയകേന്ദ്രത്തില്‍ നിന്ന് എടുക്കാവുന്ന ലളിതമായ ഒന്നാണ് ഈ രജിസ്ട്രേഷന്‍.
വാര്‍ഷിക വിറ്റുവരവ് 12 ലക്ഷം രൂപയില്‍ താഴെ വരുന്ന സ്ഥാപനങ്ങള്‍, പ്രതിദിനം 100 കിലോഗ്രാമില്‍ താഴെ ഖര ഭക്ഷ്യസാധനങ്ങള്‍ ഉല്‍പ്പാദിപ്പിക്കുന്നവര്‍, പ്രതിദിനം 100 ലിറ്ററില്‍ താഴെ ദ്രാവക ഭക്ഷ്യം ഉല്‍പ്പാദിപ്പിക്കുന്നവര്‍ (പാലിന്റെ കാര്യത്തില്‍ 500 ലിറ്റര്‍)
പ്രതിദിനം രണ്ട് വലിയ മൃഗങ്ങള്‍, 10 ചെറിയ മൃഗങ്ങള്‍, 50 പക്ഷികള്‍ എന്നിവയെ കൊന്നു വില്‍ക്കുന്നവര്‍ എന്നിവര്‍ക്കെല്ലാം
എഫ്.എസ്.എസ്.എ.ഐ രജിസ്ട്രേഷന്‍ മാത്രം മതി.
എന്നാല്‍ വാര്‍ഷിക വിറ്റുവരവ് 12 ലക്ഷം രൂപയില്‍ കൂടുതല്‍ ഉള്ളവര്‍, പ്രതിദിനം 100 കിലോഗ്രാമിനു മുകളില്‍ ഖരഭക്ഷ്യം ഉത്പാദിപ്പിക്കുന്നവര്‍, പ്രതിദിനം 100 ലിറ്ററിനു മുകളില്‍ ദ്രാവകഭക്ഷ്യം ഉത്പാദിപ്പിക്കുന്നവര്‍, 250 വരെ വലിയ മൃഗങ്ങള്‍, 10-150 വരെ ചെറിയ മൃഗങ്ങള്‍, പ്രതിദിനം 500 കിലോഗ്രാമം വരെ മാംസം സംസ്‌കരിക്കുന്നവര്‍, പ്രതിദിനം രണ്ട് ടണ്‍ വരെ ഏതു തരത്തിലുള്ള ഭക്ഷ്യവും ഉല്‍പ്പാദിപ്പിക്കുന്നവര്‍, ഭക്ഷ്യഎണ്ണ ശുദ്ധീകരിക്കുന്നവര്‍, റീ ലേബലിംഗ് നടത്തുന്നവര്‍, റീപായ്ക്ക് ചെയ്യുന്നവര്‍. 50-1000 വരെ പക്ഷികള്‍ എന്നിങ്ങനെ കൈകാര്യം ചെയ്യുന്ന അറവ് കേന്ദ്രങ്ങള്‍ എന്നിവര്‍ ലൈസന്‍സ് എടുത്തിരിക്കണം.
ഫോം 'ബി' യില്‍ അപേക്ഷ സമര്‍പ്പിക്കണം. ജില്ലാ ഫുഡ് സേഫ്റ്റി ഓഫീസറാണ് അനുമതി നല്‍കുന്നത്. നിര്‍മാണ സ്ഥാപനങ്ങള്‍ 3,000 രൂപയും മറ്റുള്ളവര്‍ 2,000 രൂപയും വാര്‍ഷിക ഫീസ് നല്‍കണം.
പായ്ക്കര്‍ ലൈസന്‍സ്
നേരത്തെ പായ്ക്ക് ചെയ്ത് വച്ചിരിക്കുന്ന ഭക്ഷ്യപദാര്‍ത്ഥങ്ങള്‍ (അച്ചാര്‍, പൊടികള്‍ പോലുള്ളവ) വില്‍ക്കുന്നവര്‍ പായ്ക്കര്‍ ലൈസന്‍സ് എടുത്തിരിക്കണം എന്നത് നിര്‍ബന്ധമാണ്. ലീഗല്‍ മെട്രോളജി വകുപ്പാണ് ഈ ലൈസന്‍സ് നല്‍കുന്നത്. ഓണ്‍ലൈന്‍ ആയി അപേക്ഷിക്കണം. ഇതിനായി ചെറുകിടക്കാര്‍ 2,000 രൂപ അടച്ചാല്‍ മതി. എന്നാല്‍ ഒരു ടണ്‍ വരെ പ്രതിദിനം കൈകാര്യം ചെയ്യുന്നവര്‍ 3,000 രൂപയും അതിനു മുകളില്‍ 5,000 രൂപയുമാണ് വാര്‍ഷിക ഫീസ് അടയ്‌ക്കേണ്ടതുണ്ട്.
ജി.എസ്.ടി.
40 ലക്ഷം രൂപയില്‍ താഴെ വിറ്റുവരവ് പ്രതീക്ഷിക്കുന്ന സ്ഥാപനങ്ങള്‍ ചരക്ക്-സേവന നികുതി രജിസ്ട്രേഷന്‍ എടുക്കണമെന്നില്ല എന്നാണ് നിയമം. എന്നാല്‍ അന്ത സ്സംസ്ഥാന വ്യാപാരം നടത്തുന്നവര്‍, പ്രത്യേക സാമ്പത്തിക മേഖലയില്‍ വില്‍ക്കുന്നവര്‍ (SEZ) ജി.എസ്.ടി. നിര്‍ബന്ധമായും എടുക്കണം.
Next Story
Videos