Top

വിദ്യാഭ്യാസ രംഗത്ത് എന്ത് സംഭവിക്കും? ബൈജു രവീന്ദ്രന്‍

എഡ്-ടെക് രംഗം നേരത്തെ തന്നെ ഇന്ത്യയില്‍ ശക്തമായ സാന്നിധ്യമായിരുന്നെങ്കിലും കൊറോണകാലത്താണ് ജനങ്ങളെല്ലാം ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിന്റെയും ഡിജിറ്റല്‍ എഡ്യൂക്കേഷന്‍ ആപ്പുകളുടെയുമെല്ലാം പ്രാധാന്യം കൂടുതല്‍ മനസ്സിലാക്കുന്നതും അവയുമായി സുപരിചിതമാകുന്നതും. ഇന്ത്യയില്‍ ഇതോടെ പുതിയൊരു ബിസിനസ് ഉണര്‍വ് തന്നെയാണ് എഡ്-ടെക് രംഗം കൈവരിച്ചതും.

ബെംഗളുരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബൈജൂസിന്റെ മൂല്യവും ഈ കൊറോണകാലത്താണ് ഇത്രയേറെ ഉയര്‍ന്നതും. വിദേശ നിക്ഷേപകരായ മേരിമീക്കേഴ്‌സ്, യൂറീ മില്‍നര്‍ തുടങ്ങിയവര്‍ പോലും നിക്ഷേപം നടത്തിയ കമ്പനിയില്‍ ഏറ്റവും പുതുതായി സില്‍വര്‍ലേക്കും നിക്ഷേപം നടത്തുകയാണ്.500 മില്യണ്‍ ഡോളറാണ് ബൈജൂസില്‍ സില്‍വര്‍ലേക്ക് നിക്ഷേപിക്കാനൊരുങ്ങുന്നത്. ഇതോടെ ഓണ്‍ലൈന്‍ എഡ്യുക്കേഷന്‍ പ്ലാറ്റ്ഫോമായ ബൈജൂസ് ആപ്പിന്റെ മൂല്യം 10.8 ബില്യണ്‍ ഡോളറായി ഉയരും.

നിലവില്‍ ടൈഗര്‍ ഗ്ലോബല്‍, ജനറല്‍ അറ്റ്ലാന്റിക്, ഔള്‍ വെഞ്ച്വേഴ്സ്, ഫേസ് ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സക്കര്‍ബര്‍ഗിന്റെ നേതൃത്വത്തിലുള്ള ചാന്‍ സുക്കര്‍ബര്‍ഗ് ഇനീഷ്യേറ്റീവ്സ് തുടങ്ങിയവരും ബൈജൂസ് ആപ്പില്‍ നിക്ഷേപം നടത്തിയിട്ടുണ്ട്. എന്താണ് എഡ്യൂടെക് രംഗം ഇത്രവേഗം വളര്‍ച്ചയുടെ പാതയിലൂടെ മുന്നേറുന്നത്? ഇന്ത്യയിലെ വിദ്യാഭ്യാസ രംഗത്ത് എന്ത് മാറ്റമാണ് വരാനൊരുങ്ങുന്നത്. ബിസിനസ് സ്റ്റാന്‍ഡേര്‍ഡിന് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ ബൈജു രവീന്ദ്രന്‍ പങ്കുവച്ച വിവരങ്ങളില്‍ നിന്ന്;

'ലേണ്‍ അറ്റ് ഹോം' ആശയത്തില്‍ നിന്ന് 'ആഫ്റ്റര്‍ സ്‌കൂള്‍' സെഗ്മെന്റ് വരെ

എഡ്യുടെക് രംഗത്ത് ഇന്ന് ലഭ്യമായിട്ടുള്ള എല്ലാ സെഗ്മെന്റിലും നമ്മള്‍ എത്തിക്കഴിഞ്ഞിരിക്കുന്നു. സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി ആരംഭിച്ച ബൈജൂസ് ആപ്പ് തന്നെ കോഡിംഗ് പഠന രംഗത്തെ പ്രമുഖരായ വൈറ്റ് ഹാറ്റ് ജൂനിയറുമായി ചേര്‍ന്ന് ആ സെഗ്മെന്റിലേക്കും കടന്നു കഴിഞ്ഞിട്ടുണ്ട്. എല്ലാ പ്രായക്കാരുടെയും പഠനാവശ്യങ്ങള്‍ ഓണ്‍ലൈനിലൂടെ സാധ്യമാക്കുക എന്നത് തന്നെയാണ് ഞങ്ങള്‍ ലക്ഷ്യമിട്ടിരിക്കുന്നത്. ടെസ്റ്റ് പ്രിപ്പറേഷന്‍ മുമ്പ് ഓഫ് ലൈനായി നടന്നിരുന്നെങ്കില്‍ ഇന്നതെല്ലാം ഓണ്‍ലൈനായി സാധ്യമാക്കുന്ന തലത്തിലേക്ക് ബൈജൂസ് എത്തിയിട്ടുണ്ട്. പ്രീ കെജി മുതല്‍ 12 ാം വയസ്സു വരെയും നാല് മുതല്‍ 17 വയസ്സുവരെയുള്ളവര്‍ക്കും പ്രത്യേക ഫോര്‍മാറ്റുകളും ലഭ്യമാക്കിയിട്ടുണ്ട്.

ടെസ്റ്റ് പ്രിപ്പറേഷന്‍ സെഗ്മെന്റിലെ സാധ്യത എന്താണ്?

ബൈജൂസ് ക്ലാസസ് എന്ന പേരില്‍ അടുത്തിടെയാണ് ട്യൂഷന്‍ ക്ലാസ്സുകള്‍ക്ക് വേണ്ടി മാത്രമായി ഒരു സെഗ്മെന്റ് ബൈജൂസ് ആപ്പ് അവതരിപ്പിച്ചത്. ഷെഡ്യൂള്‍ പോര്‍മാറ്റില്‍ പ്രത്യേകം പ്രത്യേകം വിഷയങ്ങള്‍ പഠിപ്പിക്കുന്ന സൗകര്യമാകും ഇതില്‍ ലഭ്യമാകുക. ടെസ്റ്റ് പ്രിപ്പറേഷന് വേണ്ടി മാത്രമായി ഒരു സെഗ്മെന്റ് ടെസ്റ്റ്-പ്രെപ് എന്ന പേരിലും ബൈജൂസില്‍ തുടങ്ങിയിട്ടുണ്ട്. ആഫ്റ്റര്‍ സ്‌കൂള്‍ ട്യൂഷനുകളില്‍ സംഭംവിച്ചേക്കാവുന്ന ഒരു ഡിസ്‌റപ്ഷന്‍ തന്നെയാകും ബൈജൂസിന്റെ ഈ ട്യൂഷന്‍ ക്ലാസ്സുകള്‍. ഓരോ ലൊക്കാലിറ്റിയിലുമുള്ള ട്യൂഷന്‍ സെന്ററുകള്‍ കണ്ടെത്താനുള്ള ബുദ്ധിമുട്ട് മാറ്റുന്നതാകും ഇത്.

വൈറ്റ് ഹാറ്റ് ജൂനിയറും കോഡിംഗും?

കോഡിംഗ് നാളെയുടെ അവസരമാണ് എന്നത് കൂടി മുന്നില്‍ കണ്ടുകൊണ്ടുള്ള ഏറ്റെടുക്കലാണിത്. പുതിയ എഡ്യൂക്കേഷന്‍ പോളിസി പ്രാവര്‍ത്തികമാക്കുമ്പോഴുള്ള കരിക്കുലത്തിലും ഇതുള്‍പ്പെടുമെന്നതുറപ്പാണ്. എല്ലാം ഇന്‍ഹൗസ് ആയി സാധ്യമല്ല എന്നതിനാല്‍ തന്നെ മേഖലയിലെ എക്‌സ്‌പേര്‍ട്‌സ് ആയ വൈറ്റ് ഹാറ്റ് ജൂനിയറുമായി ചേര്‍ന്നത്. ലൈവ് ആും വണ്‍ ടു വണ്ണായും കോഡിംഗ് പഠനം സാധ്യമാക്കുന്ന ഫോര്‍മാറ്റ് ആണ് വൈറ്റ് ഹാറ്റിനെ വ്യത്യസ്തരാക്കുന്നത്. ഇത്തരത്തിലുള്ള പ്രവണതകള്‍ക്കായിരിക്കും ഇനി ഇവിടെ അവസരങ്ങളും.

കൊറോണകാലത്ത് എഡ്- ടെക് രംഗം വളര്‍ച്ച പ്രാപിച്ചതിനെക്കുറിച്ച്?

2015 ല്‍ സ്ഥാപിതമായ ബൈജൂസ് 100 ശതമാനം വളര്‍ച്ചയാണ് ഓരോ വര്‍ഷവും സ്വന്തമാക്കുന്നത്. കൊറോണ പ്രതിസന്ധി ഈ വളര്‍ച്ച ദ്രുതഗതിയിലാക്കി എന്നുവേണം പറയാന്‍. ഹ്രസ്വകാല വളര്‍ച്ച മാത്രമല്ല, ദീര്‍ഘ കാല വളര്‍ച്ചയും സാധ്യമാക്കിയിട്ടുണ്ട്. ഒരു ഇന്‍ഫ്‌ളെക്ഷന്‍ പോയ്ന്റ് തന്നെയാണ് വ്യവസായ രംഗത്ത് ഈ പ്രതിസന്ധി സൃഷ്ടിച്ചതെങ്കിലും ഞങ്ങള്‍ അടങ്ങുന്ന എഡ്‌ടെക് സംരംഭകര്‍ക്ക് വളരാനുള്ള അവസരങ്ങളും അത് സൃഷ്ടിച്ചു.

സ്‌കൂള്‍ പഠനം പുനരാരംഭിച്ചാല്‍ ഈ രംഗം എന്താകും?

സ്‌കൂള്‍ പഠനം വെറും പഠനം മാത്രമല്ലല്ലോ, കൊറിഡോര്‍ അഥവാ പ്ലേ ഗ്രൗണ്ട് ടൈം കൂടെയാണ് വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കൂളുകള്‍. സോഷ്യല്‍ സ്‌കില്‍ വളര്‍ത്തലും ഗ്രൂപ്പുകളായി ചേര്‍ന്നുള്ള സോഫ്റ്റ് സ്‌കില്‍ സമാഹരിക്കലുമെല്ലാം അത്തരത്തില്‍ തന്നെ വിദ്യാര്‍ത്ഥികള്‍ നേടേണ്ടതാണ്. അതിനാല്‍ തന്നെ ഓണ്‍ലൈന്‍, ഓഫ് ലൈന്‍ ക്ലാസ്സുകളുടെ ഒരു സംയോജിത രൂപമായിരിക്കും ഇനിയുള്ള പഠനമെന്നത് ഉറപ്പാണ്.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline
Dhanam YouTube Channel – youtube.com/dhanammagazine

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it