മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്ക് യുക്രെയ്ന്‍ എന്തുകൊണ്ട് പ്രിയങ്കരമാവുന്നു?

യുക്രെയ്ന്‍-റഷ്യ സംഘര്‍ഷത്തില്‍ ലോകം മുഴുവന്‍ ആശങ്കയിലാണെങ്കിലും ഇന്ത്യക്കാരെ ഏറെ ഭീതിപ്പെടുത്തുന്നത് അവിടെ ഉപരിപഠനത്തിന് പോയ വിദ്യാര്‍ത്ഥികളുടെ മടങ്ങിവരവാണ്. ബങ്കറുകളിലും മെട്രോകളിലും കഴിയുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ ദുരവസ്ഥകള്‍ മാധ്യമങ്ങള്‍ പുറത്തുവിട്ടതോടെ അവരെ എങ്ങനെ സുരക്ഷിതമായി ഇന്ത്യയില്‍ തിരിച്ചെത്തിക്കാമെന്ന ആശങ്കകളാണ് ഏവരും പങ്കുവയ്ക്കുന്നത്. ഇതിനുള്ള ശ്രമങ്ങള്‍ കേന്ദ്രസര്‍ക്കാരും നടത്തിവരുന്നുണ്ട്.

2020ലെ കേന്ദ്ര സര്‍ക്കാരിന്റെ കണക്കുകള്‍ പ്രകാരം 8,000 ഇന്ത്യന്‍ വിദ്യാര്‍ത്ഥികളാണ് യുക്രെയ്‌നില്‍ ഉന്നതപഠനത്തിനായി പോയത്. ഇതില്‍ ഭൂരിഭാഗം പേരും മെഡിക്കല്‍ വിദ്യാര്‍ത്ഥികളാണ്. 2019ല്‍ രാജ്യത്ത് 80,000 അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളുണ്ടെന്ന് യുക്രെയ്ന്‍ സര്‍ക്കാരും വ്യക്തമാക്കിയിട്ടുണ്ട്. അതായത്, വിദേശ വിദ്യാര്‍ത്ഥികളില്‍ 22.9 ശതമാനം പേരും ഇന്ത്യക്കാര്‍. മൊറോക്കോ, അസര്‍ബൈജാന്‍, തുര്‍ക്ക്‌മെനിസ്ഥാന്‍ എന്നിവിടങ്ങളില്‍നിന്നുള്ള വിദ്യാര്‍ത്ഥികളാണ് ഇന്ത്യക്ക് പിന്നിലായുള്ളത്.

158 രാജ്യങ്ങളില്‍ നിന്നുള്ള അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ രാജ്യത്തെ അഞ്ച് വിദ്യാഭ്യാസ സ്ഥാപനങ്ങളിലായാണ് പഠനം നടത്തുന്നതെന്ന് യുക്രെയ്ന്‍ ഡാറ്റ വ്യക്തമാക്കുന്നു. ഖാര്‍കിവ് നാഷണല്‍ മെഡിക്കല്‍ യൂണിവേഴ്‌സിറ്റിയും വിഎന്‍ കരാസിന്‍ ഖാര്‍കിവ് നാഷണല്‍ യൂണിവേഴ്‌സിറ്റിയുമാണ് അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ പ്രചാരമുള്ള രണ്ട് യൂണിവേഴ്‌സിറ്റികള്‍.

എന്തുകൊണ്ട് യുക്രെയന്‍?

പ്രധാനമായും ചെലവ് കുറഞ്ഞരീതിയില്‍ മെഡിക്കല്‍ ബിരുദമെടുക്കാമെന്നത് തന്നെയാണ് ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ യുക്രെയ്‌നിലേക്ക് ആകര്‍ഷിക്കാന്‍ കാരണം. ഇന്ത്യയില്‍ സ്വാകാര്യ മെഡിക്കല്‍ കോളേജുകളില്‍നിന്ന് മെഡിക്കല്‍ ബിരുദം പഠിക്കാന്‍ കോടികള്‍ ഫീസായി വരുമ്പോള്‍ യുക്രെയ്‌നില്‍ 20-30 ലക്ഷം മാത്രമാണ് വേണ്ടിവരുന്നത്. ലോകാരോഗ്യ സംഘടനയായ ഡബ്ല്യുഎച്ച്ഒ, യൂറോപ്യന്‍ കൗണ്‍സില്‍, മറ്റ് ആഗോള സ്ഥാപനങ്ങള്‍ എന്നിവയുടെ അംഗീകാരവുമുള്ളതിനാല്‍ ഇവിടെ നിന്ന് പഠിക്കുന്നവര്‍ക്ക് എവിടെയും ജോലി ചെയ്യാവുന്നതാണ്.

കൂടാതെ, യുക്രെയ്നില്‍ പഠനം പൂര്‍ത്തിയാക്കിയ ശേഷം യൂറോപ്യന്‍ രാജ്യങ്ങളില്‍ തന്നെ ജോലി ചെയ്ത് സ്ഥിരതാമസമാക്കാമെന്നതും വിദ്യാര്‍ത്ഥികളെ യുക്രെയ്‌നില്‍ ഉന്നതപഠനം നേടാന്‍ പ്രേരിപ്പിക്കുന്നു.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it