മുകേഷ് അംബാനി ലണ്ടനിലേക്ക് താമസം മാറ്റുമോ? വ്യക്തതയുമായി റിലയന്‍സ്

മുകേഷ് അംബാനിയും കുടുംബവും ലണ്ടനിലേക്ക് താമസം മാറ്റുന്നുവെന്ന വാര്‍ത്തകള്‍ വന്നതിന് പിന്നാലെ വിശദീകരണവുമായി റിലയന്‍സ്. വാര്‍ത്തകള്‍ അനാവശ്യവും അടിസ്ഥാനരഹിതവുമായ ഊഹാപോഹങ്ങളുമാണെന്നാണ് റിലയന്‍സിന്റെ വിശദീകരണം. ലണ്ടനിലെ ബക്കിംഗ്ഹാംഷെയറിലെ 300 ഏക്കര്‍ സ്റ്റോക്ക് പാര്‍ക്ക് കണ്‍ട്രി ക്ലബ് രണ്ടാമത്തെ ഭവനമാക്കാന്‍ അംബാനി കുടുംബം ഒരുങ്ങുന്നതായും താമസം ഇന്ത്യയിലും ലണ്ടനിലുമായി തുടരുമെന്നുമായിരുന്നു കഴിഞ്ഞ ദിവസം മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇത് സമൂഹമമാധ്യമങ്ങളില്‍ അടക്കം ചര്‍ച്ചയാവുകയും ചെയ്തു. പിന്നാലെയാണ് ഇക്കാര്യത്തില്‍ വിശദീകരണവുമായി റിലയന്‍സ് ഗ്രൂപ്പ് രംഗത്തെത്തിയത്.

'ചെയര്‍മാനോ കുടുംബമോ ലണ്ടനിലേക്കോ മറ്റെവിടെയെങ്കിലോ താമസം മാറ്റാന്‍ പദ്ധതിയില്ലെന്ന് വ്യക്തമാക്കാന്‍ റിലയന്‍സ് ആഗ്രഹിക്കുന്നു' റിലയന്‍സ് ഗ്രൂപ്പ് വിശദീകരണ കുറിപ്പില്‍ പറഞ്ഞു.
ഈ വര്‍ഷം ഏപ്രിലിലാണ് 57 മില്യണ്‍ പൗണ്ടിന് സ്റ്റോക്ക് പാര്‍ക്ക് റിലയന്‍സ് സ്വന്തമാക്കിയത്. അതിവേഗം വളരുന്ന ഉപഭോക്തൃ ബിസിനസിനായുള്ള തങ്ങളുടെ തന്ത്രത്തിന്റെ ഭാഗമാണ് ഏറ്റെടുക്കലെന്ന് റിലയന്‍സ് പറഞ്ഞിരുന്നു. ലക്ഷ്വറി സ്പാ, ഹോട്ടല്‍, ഗോള്‍ഫ് കോഴ്സ് തുടങ്ങിയ ആഡംബര സൗകര്യങ്ങളാണ് ഇവിടെയുള്ളത്. സിനിമാ ഷൂട്ടിങ്ങിനുള്ള ഒരു ജനപ്രിയ ലൊക്കേഷന്‍ കൂടിയാണിത്.



Related Articles
Next Story
Videos
Share it