കൊറോണക്കാലത്തെ 'വര്‍ക് ഫ്രം ഹോം' ഉല്‍പ്പാദനക്ഷമത കൂട്ടാനുള്ള മാര്‍ഗങ്ങള്‍
കോവിഡ് 19 പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ ലോകത്തെമ്പാടുമുള്ള നിരവധി കമ്പനികള്‍ വീട്ടിലിരുന്ന് ജോലി ചെയ്യാനുള്ള സൗകര്യം ജീവനക്കാര്‍ക്ക് നല്‍കുകയാണ്. കേരളത്തിലും ഈ ട്രെന്‍ഡ് ഇപ്പോള്‍ വ്യാപകമായിക്കഴിഞ്ഞു. കേള്‍ക്കുമ്പോള്‍ രസകരമായി തോന്നാമെങ്കിലും ശ്രദ്ധിച്ചില്ലെങ്കില്‍ വീട്ടിലിരുന്ന് ജോലി ചെയ്യാന്‍ കുളമാകാന്‍ സാധ്യതകളേറെ.
വീട്ടിലിരുന്നുള്ള ജോലി
ചെയ്യല്‍ ചിലപ്പോള്‍ വെല്ലുവിളിയാകാറുണ്ട്. പ്രത്യേകിച്ച്
കുട്ടികളുള്ളവര്‍ക്ക്. ഇപ്പോള്‍ സ്‌കൂളുകള്‍ക്കും അവധിയാണല്ലോ. നിലവിലത്തെ
സാഹചര്യത്തില്‍ വെക്കേഷന്‍ ക്യാമ്പുകള്‍ പോലും പ്രവര്‍ത്തിക്കുന്നുമില്ല.
അടുത്തുനിന്ന് മാറാത്ത കുട്ടികള്‍, വീട്ടുജോലി, ജോലിസമയം കണക്കാതെ എത്തുന്ന
അതിഥികള്‍ തുടങ്ങി ഓഫീസ് വീട്ടിലേക്ക് മാറ്റുമ്പോള്‍ നിങ്ങളുടെ ശ്രദ്ധ
മാറ്റുന്ന നിരവധി ഘടകങ്ങളുണ്ടായേക്കാം.
സാധാരണ
ഓഫീസില്‍ പോയി ഏകാഗ്രമായി ജോലി ചെയ്ത് ശീലമുള്ളവര്‍ക്ക് ഇതൊക്കെ
പ്രശ്‌നമുണ്ടാക്കിയേക്കാം. അത് മാറ്റി ഉല്‍പ്പാദനക്ഷമത കൂട്ടാന്‍
സഹായിക്കുന്ന ചില മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പറയാം.
$
വീട്ടിലിരുന്ന് ജോലി ചെയ്യുന്നതിനായി സജ്ജമാക്കിയ ഒരു വര്‍ക് സ്‌റ്റേഷന്‍
ഉണ്ടായിരിക്കണമെന്നതാണ് പ്രഥമമായ കാര്യം. ഒരു മുറി അതിനായി മാറ്റിവെക്കാം.
അല്ലാതെ തീന്‍മേശയില്‍ എല്ലാ ബഹളത്തിന്റെയും നടുവിലിരുന്നല്ല ജോലി
ചെയ്യേണ്ടത്.
$ സമയത്തിന്റെ കാര്യത്തില്‍
കണിശത പുലര്‍ത്തുക. ഓഫീസില്‍ പഞ്ചിംഗ് ഉണ്ടാകുമല്ലോ. അതുപോലെ തന്നെ
കൃത്യസമയത്തുതന്നെ ഓഫീസിലെത്തുന്നതുപോലെ നിങ്ങളുടെ മുറിയില്‍ പ്രവേശിക്കുക.
ശ്രദ്ധ മാറ്റുന്നതൊന്നും വരാതിരിക്കാന്‍ മുറിയുടെ വാതിലടയ്ക്കുക.
$
ചെയ്യേണ്ട കാര്യങ്ങളുടെ ലിസ്റ്റ് നേരത്തെ തന്നെ ഉണ്ടാക്കിവെക്കുക.
മുന്‍ഗണനാക്രമത്തില്‍ വേണം എഴുതാന്‍. അവ കൃത്യമായി ചെയ്തുതീര്‍ക്കുക.
$
കുട്ടികളോട് കാര്യങ്ങള്‍ പറഞ്ഞുമനസിലാക്കുക. അമ്മയുടെ അല്ലെങ്കില്‍
അച്ഛന്റെ ഓഫീസ് തല്‍ക്കാലത്തേക്ക് വീട്ടിലേക്ക് മാറ്റിയിരിക്കുകയാണെന്ന്
അവര്‍ക്ക് മനസിലാകുന്നതുപോലെ പറയുക. ഓഫീസ് സമയത്ത് ഒരു കാരണവശാലും
ശല്യപ്പെടുത്തരുതെന്ന് പറഞ്ഞുമനസിലാക്കുക. എന്നാല്‍ കുട്ടികള്‍
പറഞ്ഞതുകൊണ്ട് മാത്രം കേള്‍ക്കില്ല. കാരണം അടച്ചിട്ട വീട്ടില്‍ അവര്‍ക്ക്
വല്ലാത്ത വിരസതയുണ്ടാകും. അത് മാറ്റാന്‍ അവര്‍ക്ക് അക്റ്റിവിറ്റികള്‍
നല്‍കുക. പടം വരയ്ക്കുക, കളര്‍ ചെയ്യുക, പസിലുകള്‍, ക്ലേ ഉപയോഗിച്ച്
രൂപങ്ങള്‍ ഉണ്ടാക്കല്‍...തുടങ്ങിയ ആക്റ്റിവിറ്റികള്‍ നല്‍കാം. ഇടയ്ക്ക്
അവര്‍ക്കിഷ്ടപ്പെട്ട ടെലിവിഷന്‍ പരിപാടികളും കാണാന്‍ അനുവദിക്കാം. അവര്‍
നിങ്ങളെ ശല്യപ്പെടുത്താതിരുന്നാല്‍ അതിന് പ്രതിഫലമായി ചെറിയ സമ്മാനങ്ങള്‍
നല്‍കി അവരെ പ്രോല്‍സാഹിപ്പിക്കാം.
$
വീട്ടിലിരുന്നുകൊണ്ട് ജോലി ചെയ്യുന്നതുകൊണ്ട് സമയം ഒരുപാടുണ്ടല്ലോ എന്ന
ചിന്ത വരാനിടയുണ്ട്. എന്നാല്‍ ഓഫീസിലായിരിക്കുമ്പോള്‍ സമയത്തുതന്നെ ജോലി
തീര്‍ത്ത് ഇറങ്ങണമല്ലോയെന്നോര്‍ത്ത് വേഗത്തില്‍ ജോലി ചെയ്യും. ഇതേ മനോഭാവം
തന്നെ വര്‍ക് ഫ്രം ഹോമിലും സ്വീകരിക്കണം. എപ്പോഴെങ്കിലും ജോലി തീര്‍ത്താല്‍
മതിയല്ലോ എന്ന മനോഭാവം പാടില്ല.
$
ഒറ്റയടിക്ക് തുടര്‍ച്ചയായി ജോലി ചെയ്യാതെ 5-10 മിനിറ്റ് ബ്രേക്കുകള്‍
എടുത്ത് മുറ്റത്തിറങ്ങി ഒന്ന് നടക്കാം. ഫ്രെഷ് ആകാന്‍ മുഖം കഴുകാം. ആ
സമയത്ത് വീട്ടിലെ കാര്യങ്ങള്‍ അന്വേഷിക്കാം.
$
നിങ്ങള്‍ വീട്ടിലിരിക്കുന്നതുകൊണ്ട് അവധിയിലാണെന്ന ചിന്ത അയല്‍ക്കാര്‍ക്കോ
ബന്ധുക്കള്‍ക്കോ സുഹൃത്തുക്കള്‍ക്കോ ഉണ്ടാകരുത്. സാഹചര്യം അറിയാതെ
കാണാനെത്തുന്ന അതിഥികളെ കാര്യങ്ങള്‍ പറഞ്ഞുമനസിലാക്കുക.
''ഞാന്‍ സ്വീകരിക്കുന്ന മാര്‍ഗങ്ങള്‍''
വര്‍ക്
ഫ്രം ഹോം വളരെ ഫലപ്രദമായും കാര്യക്ഷമമായും ആനന്ദകരമായും ചെയ്യാന്‍ താന്‍
സ്വീകരിക്കുന്ന മാര്‍ഗങ്ങളെക്കുറിച്ച് ഗ്രീന്‍പെപ്പറിന്റെ ചീഫ്
എക്‌സിക്യൂട്ടിവ് ഓഫീസര്‍ കൃഷ്ണകുമാര്‍ പറയുന്ന നിര്‍ദ്ദേശങ്ങള്‍:
1.
വീട്ടിലിരുന്നാണ് ജോലി ചെയ്യുന്നതെങ്കിലും ഓഫീസിലേക്ക് പോകുന്നതുപോലെ
വസ്ത്രം ധരിക്കുക. ജോലി ചെയ്യാന്‍ റെഡിയാണെന്ന് തോന്നല്‍ ലഭിക്കാന്‍
നിങ്ങള്‍ക്ക് ഇഷ്ടപ്പെട്ട പെര്‍ഫ്യൂമും അടിക്കണം. അത് ഗൗരവത്തോടെ ജോലി
ചെയ്യാന്‍ നിങ്ങളുടെ മനസിനെ പാകപ്പെടുത്തും.
2.
നിങ്ങളുടെ വര്‍ക് ടേബിള്‍ ഭംഗിയായി ക്രമീകരിക്കുക. നോട്ട്പാഡും പേനയും
കൈയ്യെത്തുന്ന വിധത്തിലുണ്ടാകണം. നിങ്ങള്‍ ചെയ്യുന്ന ജോലിക്ക് ഫോണ്‍
ഇടയ്ക്കിടയ്ക്ക് ഉപയോഗിക്കേണ്ട ആവശ്യമില്ലെങ്കില്‍, ഫോണ്‍ നിങ്ങളുടെ ശ്രദ്ധ
മാറ്റാതിരിക്കാന്‍ അത് ലാപ്‌ടോപ്പിനടിയിലോ മറ്റോ ഒളിപ്പിക്കുക. ആവശ്യം
വരുമ്പോള്‍ അത് എടുക്കാമല്ലോ. ഇത്തരത്തില്‍ മറയ്ക്കുന്നതുവഴി വെറുതെ
സൈ്വപ്പ് ചെയ്തുകൊണ്ടിരിക്കുന്നത് ഒഴിവാക്കാനാകും.
3.
വെള്ളം കൂടെ കരുതുക. ജോലി ചെയ്ത് ക്ഷീണിക്കുമ്പോള്‍ അടുക്കളയില്‍
നിന്നുള്ള ചില 'സര്‍പ്രൈസ് സ്‌നാക്കുകള്‍' നിങ്ങള്‍ക്ക് ഊര്‍ജ്ജം തരും.
4.
ജോലിയെ 90 മിനിറ്റ് വരുന്ന ടൈം സ്ലോട്ടുകളായി വിഭജിക്കുക. ഓരോ 90 മിനിറ്റ്
കഴിയുമ്പോഴും നിങ്ങള്‍ നിങ്ങള്‍ക്കുതന്നെ ചെറിയ പ്രതിഫലങ്ങള്‍ നല്‍കാം.
അത് ഒരുപക്ഷെ 10 മിനിറ്റ് ഇഷ്ടപ്പെട്ട സംഗീതമാകാം. ഇതുവഴി ജോലിയില്‍
നിങ്ങള്‍ക്ക് ഉത്തരം കിട്ടാതിരിക്കുന്ന പ്രശ്‌നങ്ങള്‍ക്കുപോലും പരിഹാരം
കണ്ടെത്തുന്നതിനുള്ള ആശയം ലഭിച്ചേക്കാം.
5.
ഇടയ്ക്ക് കൈകളും കണ്ണും കഴുകുന്നത് നിങ്ങള്‍ക്ക് ഊര്‍ജ്ജം പകരും. ഏറെ
മണിക്കൂറുകള്‍ ഒരേ സമയത്തിരിക്കുന്നതിന്റെ വിരസത മാറ്റാനും സഹായകരമാകും.
6. ലാപ്‌ടോപ്പിന് പുറമേ നിങ്ങളുടെ കണ്ണ് പോകുന്നിടത്ത് നിങ്ങളെ ആകര്‍ഷിക്കുന്ന പോസ്റ്ററുകളോ ചിത്രങ്ങളോ ഉണ്ടാകണം.
7.
വളരെ ഫലപ്രദമായ രീതിയില്‍ ജോലി ചെയ്തതിനും to-do ലിസ്റ്റിലെ ഏറ്റവും
പ്രയാസകരമായ ജോലി തീര്‍ക്കാനായതിനും ദിവസത്തിന്റെ അവസാനം എന്തെങ്കിലും നല്ല
പ്രതിഫലം സ്വയം വാഗ്ദാനം ചെയ്യുക.
ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline