വമ്പന്‍ കമ്പനികളില്‍ രാജി തുടരുന്നു: ഇത്തവണ സൊമാറ്റോ സഹസ്ഥാപകന്‍ മോഹിത് ഗുപ്ത

സൊമാറ്റോ സഹസ്ഥാപകന്‍ മോഹിത് ഗുപ്ത രാജിവച്ചു. സൊമാറ്റോയില്‍ നിന്ന് പുറത്തുകടക്കുന്ന മൂന്നാമത്തെ സഹസ്ഥാപകനാണ് മോഹിത് ഗുപ്ത. പുതിയ സംരംഭങ്ങളുടെ തലവനായ രാഹുല്‍ ഗഞ്ചൂ ഈ ആഴ്ച ആദ്യം രാജിവച്ചിരുന്നു. കൂടാതെ ഈ മാസം ആദ്യം കമ്പനി വൈസ് പ്രസിഡന്റ്, ഇന്റര്‍സിറ്റി ലെജന്റ്‌സ് സര്‍വീസ് മേധാവി എന്നീ സ്ഥാനങ്ങളില്‍ നിന്ന് സിദ്ധാര്‍ത്ഥ് ജാവറും രാജിവച്ചിരുന്നു.

2021 ജൂലൈയില്‍ പ്രാരംഭ ഓഹരി വില്‍പ്പനക്ക് (ഐപിഒ) രണ്ട് മാസത്തിന് ശേഷം സഹസ്ഥാപകന്‍ ഗൗരവ് ഗുപ്ത സൊമാറ്റോയില്‍ നിന്നും പുറത്തുപോയിരുന്നു. 2018 ല്‍ സൊമാറ്റോയുടെ പ്രാരംഭ സഹസ്ഥാപകന്‍ പങ്കജ് ഛദ്ദ കമ്പനി വിട്ടു. ഇതിന് ശേഷം ഗൗരവ് ഗുപ്തയും മോഹിത് ഗുപ്തയും 2019ലും 2020ലുമായി സഹസ്ഥാപകരായി ഉയര്‍ന്നു വന്നു.

സൊമാറ്റോയുടെ ഫുഡ് ഡെലിവറി യൂണിറ്റിന്റെ ചീഫ് എക്സിക്യൂട്ടീവും പുതിയ സംരംഭങ്ങളുടെ തലവനും ഉള്‍പ്പെടെ വിവിധ സ്ഥാനങ്ങള്‍ മോഹിത് ഗുപ്ത വഹിച്ചിട്ടുണ്ട്. 2018ല്‍ സൊമാറ്റോയില്‍ ചേരുന്നതിന് മുമ്പ് ട്രാവല്‍ ബുക്കിംഗ് പ്ലാറ്റ്ഫോമായ മേയ്ക്ക് മൈ ട്രിപ്പില്‍ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറായിരുന്നു മോഹിത് ഗുപ്ത. നേരത്തെ, പെപ്സികോ ഇന്ത്യയില്‍ മാര്‍ക്കറ്റിംഗ് വൈസ് പ്രസിഡന്റായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്.

ഫേസ്ബുക്ക് മാതൃസ്ഥാപനമായ മെറ്റയുടെ ഇന്ത്യന്‍ വിഭാഗത്തിന്റെ മേധാവി സ്ഥാനത്തു നിന്നും അജിത് മോഹന്‍ രാജിവച്ചതും ഈ അടുത്തകാലത്താണ്. അജിത് മോഹന് പിന്നാലെ വാട്സ്ആപ്പ് ഇന്ത്യ മേധാവി അഭിജിത് ബോസ്, മെറ്റാ ഇന്ത്യയുടെ പബ്ലിക് പോളിസി ഡയറക്ടര്‍ രാജീവ് അഗര്‍വാള്‍ എന്നിവരും കമ്പനി വിട്ടിരുന്നു. ട്വിറ്ററിലും നിരവധി പേരാണ് കൊഴിഞ്ഞുപോകുന്നത്. ഇത്തത്തില്‍ പ്രമുഖ കമ്പനികളില്‍ നിന്നും ജീവനക്കരുടെ കൊഴിഞ്ഞുപോക്ക് തുടരുകയാണ്.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it