Begin typing your search above and press return to search.
സൊമാറ്റോ വഴിയുള്ള ഭക്ഷണം ഇനി കൈപൊള്ളിക്കും; വീണ്ടും പ്ലാറ്റ്‌ഫോം ചാര്‍ജ് ഉയര്‍ത്തി
ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി സ്ഥാപനമായ സൊമാറ്റോ വീണ്ടും പ്ലാറ്റ്‌ഫോം ചാര്‍ജ് 25 ശതമാനം വര്‍ധിപ്പിച്ചു. ഇതോടെ ഓര്‍ഡറിന് 5 രൂപ അധികമായി നല്‍കണം. നേരത്തെ ഒരു ഓര്‍ഡറിന് നാല് രൂപയായിരുന്നു. ഇക്കഴിഞ്ഞ ജനുവരിയിലാണ് പ്ലാറ്റ്‌ഫോം ഫീസ് ഓര്‍ഡറിന് മൂന്ന് രൂപയില്‍ നിന്ന് നാലാക്കി ഉയര്‍ത്തിയത്. മറ്റൊരു ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി സ്ഥാപനമായ സ്വിഗ്ഗിയും 5 രൂപയാണ് ഒരു ഓര്‍ഡറിന് പ്ലാറ്റ്‌ഫോം ചാര്‍ജ് ഈടാക്കുന്നത്.
മാറ്റം ബാധിക്കുന്നതാരെ?
ഡെലിവറി ചാര്‍ജ് കൂടാതെയാണ് സൊമാറ്റോ പ്ലാറ്റ്‌ഫോം ഫീസ് ഉയര്‍ത്തിയിരിക്കുന്നത്. അതേസമയം സൊമാറ്റോയുടെ ഗോൾഡ് റോയല്‍റ്റി പ്രോഗ്രാം തിരഞ്ഞെടുക്കുന്നവര്‍ക്ക് ഡെലവിറി ചാര്‍ജ് നല്‍കേണ്ടതില്ല. എന്നാല്‍ പ്ലാറ്റ്‌ഫോം ഫീസ് ഈടാക്കും.
കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിലാണ് സൊമാറ്റോ ഓര്‍ഡറിന് രണ്ട് രൂപ വീതം പ്ലാറ്റ്‌ഫോം ചാര്‍ജ് ഈടാക്കാന്‍ തുടങ്ങിയത്. ഒക്ടോബറില്‍ ഇത് മൂന്നു രൂപയും പിന്നീട് നാല് രൂപയുമാക്കുകയായിരുന്നു. പ്രതിദിനം 20 മുതല്‍ 22 ലക്ഷം വരെ ഓര്‍ഡറുകളാണ് സൊമാറ്റോയ്ക്ക് ലഭിക്കുന്നത്.
സൊമാറ്റോയുടെ അതിവേഗ കൊമേഴ്‌സ് പ്ലാറ്റ്‌ഫോമായ ബ്ലിങ്കിറ്റും ഓരോ ഓര്‍ഡറിനും രണ്ടു രൂപ വീതം ഹാന്‍ഡ്‌ലിംഗ് ചാര്‍ജ് ഈടാക്കുന്നുണ്ട്. നിയമപ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി സൊമാറ്റോയുടെ ഇന്റര്‍സിറ്റി ഡെലിവറി സേവനങ്ങള്‍ നിറുത്തിവച്ചിരിക്കുകയാണ്. 2022ലാണ് സൊമാറ്റോ 'ലെജന്‍ഡ്‌സ്' സേവനമാരംഭിച്ചത്. തെരഞ്ഞെടുത്ത നഗരങ്ങളിലെ പ്രമുഖ റസ്റ്ററുകളിൽ നിന്നുള്ള ഭക്ഷണം മറ്റ് തെരഞ്ഞെടുത്ത നഗരങ്ങളിലെത്തിക്കുന്ന പദ്ധതിയായിരുന്നു ഇത്.
Next Story
Videos