സൊമാറ്റോയില്‍ ഭക്ഷണം ഓര്‍ഡര്‍ ചെയ്യുന്നവരുടെ ശ്രദ്ധയ്ക്ക്, വില ഇനിയും കൂടും

ഓണ്‍ലൈന്‍ ഭക്ഷണ വിതരണ സ്ഥാപനമായ സൊമാറ്റോ വീണ്ടും പ്ലാറ്റ്‌ഫോം ഫീസ് ഉയര്‍ത്തി. ഏഴ് രൂപയില്‍ നിന്ന് 10 രൂപയായാണ് ഇത്തവണ വര്‍ധിച്ചത്. തിരക്കേറുന്ന ഉത്സവാഘോഷ നാളുകളില്‍ മികച്ച സര്‍വീസ് ഉറപ്പാക്കാന്‍ വേണ്ടിയാണ് പ്ലാറ്റ്‌ഫോം ഫീസ് വര്‍ധിപ്പിച്ചതെന്നാണ് സൊമാറ്റോ അറിയിച്ചത്.

2023 ഓഗസ്റ്റിലാണ് സൊമാറ്റോ ആദ്യമായി പ്ലാറ്റ്‌ഫോം ഫീസ് അവതരിപ്പിച്ചത്. മാര്‍ജിന്‍ ഉയര്‍ത്താനായി രണ്ട് രൂപയാണ് അന്ന് ഈടാക്കിയത്. പിന്നീട് കാലാകാലങ്ങളില്‍ ഇത് ഉയര്‍ത്തി വരികയാണ്. ഇതിനിടെ കഴിഞ്ഞ ഡിസംബര്‍ 31ന് താത്കാലികമായി പ്ലാറ്റ്‌ഫോം ഫീസ് 9 രൂപയാക്കുകയും ചെയ്തു. പ്ലാറ്റ്‌ഫോം ഫീസ് ഒരു രൂപ വര്‍ധിപ്പിക്കുമ്പോള്‍ 65 കോടിയുടെ അധിക വരുമാനമാണ് വര്‍ഷം സൊമാറ്റോയ്ക്ക് ലഭിക്കുന്നത്. 2023 സാമ്പത്തിക വര്‍ഷത്തെ കണക്കനുസരിച്ച് 64.7 കോടിയാണ് സൊമാറ്റോയുടെ വാര്‍ഷിക ഓര്‍ഡര്‍.

ഓരോ തവണയും ഭക്ഷണം ഓര്‍ഡര്‍ ചെയ്യുമ്പോള്‍ അധികമായി ഈടാക്കുന്ന തുകയാണ് പ്ലാറ്റ്‌ഫോം ഫീസ്. ചരക്കു സേവന നികുതി, റസ്റ്ററന്റു ചാര്‍ജുകള്‍, ഡെലിവറി ഫീ എന്നിവയ്ക്ക് പുറമെയാണ് ഇത് ഈടാക്കുന്നത്.

സൊമാറ്റോയുടെ മുഖ്യ എതിരാളിയായ സ്വിഗ്ഗിയും ഓര്‍ഡറുകള്‍ക്ക് പ്ലാറ്റ്‌ഫോം ഫീസ് ഈടാക്കുന്നുണ്ട്. സൊമാറ്റോ ഗോള്‍ഡ് അംഗങ്ങള്‍ ഡെലിവറി ചാര്‍ജ് നല്‍കേണ്ടതില്ല. എന്നാല്‍ പ്ലാറ്റ്‌ഫോം ഫീസ് നല്‍കണം.

പ്ലാറ്റ്‌ഫോം ഫീസിനും 18 ശതമാനം ജി.എസ്.ടി ബാധകമാണ്. 10 ശതമാനം നികുതിയില്‍ ഇത് ഉള്‍പ്പെടുന്നില്ല. അതനുസരിച്ച് സൊമാറ്റോ ഉപയോക്താവ് ഓരോ ഓര്‍ഡറിനും നികുതി കൂടാതെ അധികമായി 11.80 രൂപ നല്‍കണം.

ലാഭവും ഓഹരി വിലയും

കഴിഞ്ഞ സെപ്റ്റംബര്‍ പാദത്തില്‍ ലാഭം 176 കോടി രൂപയാണ് സൊമാറ്റോയുടെ ലാഭം. മുന്‍ വര്‍ഷം 36 കോടി രൂപയായിരുന്നു. 389 ശതമാനമാണ് വര്‍ധന. ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമായ ബ്ലിങ്കിറ്റ് ക്വിക്കിനായി ഡിസ്ട്രിബ്യൂഷന്‍ സ്‌റ്റോറുകള്‍ സജീകരിക്കേണ്ടി വന്നതാണ് ലാഭത്തെ ബാധിച്ചത്. ക്യു.ഐബി (ക്വാളിഫൈഡ് ഇൻസ്റ്റിറ്റ്യൂട യൂഷണല്‍ പ്ലേസ്‌മെന്റ് വഴി 8,500 കോടി രൂപയുടെ ഫണ്ട് സമാഹരിക്കാന്‍ കമ്പനി അനുമിതി നല്‍കിയിട്ടുണ്ട്. പേയ്ടിഎമ്മിന്റെ ടിക്കറ്റിംഗ് ബിസിനസ് ഏറ്റെടുത്തതിനു ശേഷമുള്ള കാഷ് ബാലന്‍സ് മെച്ചപ്പെടുത്താന്‍ ഇത് സഹായിക്കും.

അതേ സമയം ജൂലൈ-സെപ്റ്റംബര്‍ പാദത്തിലെ പ്രവര്‍ത്തന ഫല പ്രഖ്യാപനത്തിനു പിന്നാലെ സൊമാറ്റോ ഓഹരി വില ഇന്ന് അഞ്ച് ശതമാനം ഇടിഞ്ഞു. പിന്നീട് കയറി. നിലവില്‍ നാല് ശതമാനത്തോളം ഉയര്‍ന്ന് 266.15 രൂപയിലാണ് വ്യാപാരം.

Related Articles
Next Story
Videos
Share it