കോവിഡ്: മെഡിക്ലെയ്മുകളില്‍ വന്‍വര്‍ധന

ആറ് ആഴ്ചക്കിടെ ഫയല്‍ ചെയ്തത് 2020-21 സാമ്പത്തിക വര്‍ഷത്തിലെ മെഡിക്ലെയ്മുകളുടെ പകുതി
കോവിഡ്: മെഡിക്ലെയ്മുകളില്‍ വന്‍വര്‍ധന
Published on

രാജ്യത്ത് കോവിഡ് രൂക്ഷമായതോടെ കോവിഡ്‌ മെഡിക്ലെയ്മുകളിലും വന്‍ വര്‍ധന. ആറ് ആഴ്ചക്കിടെ ഫയല്‍ ചെയ്തത് 2020-21 സാമ്പത്തിക വര്‍ഷത്തിലെ മെഡിക്ലെയ്മുകളുടെ പകുതിയോളമാണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. 2021 ഏപ്രില്‍ ഒന്നു മുതല്‍ റിപ്പോര്‍ട്ട് ചെയ്ത കോവിഡ് മൂലമുള്ള ആരോഗ്യ ഇന്‍ഷുറന്‍സ് ക്ലെയിമുകള്‍ 2021 സാമ്പത്തിക വര്‍ഷത്തെ ആകെ ക്ലെയ്മുകളുടെ 57 ശതമാനമാണ്.

മാര്‍ച്ച് 31 വരെ ലൈഫ് ഇതര കമ്പനികളടക്കമുള്ള ആരോഗ്യ ഇന്‍ഷുറന്‍സേഴ്‌സിന് 14,560 കോടി രൂപയുടെ 9.8 ലക്ഷം മെഡിക്ലെയ്മുകളാണ് ലഭിച്ചത്. ഇവയില്‍ 8.5 ലക്ഷം കേസുകള്‍ തീര്‍പ്പാക്കുകയും ചെയ്തു. 1.37 ലക്ഷം ക്ലെയിമുകളാണ് ഇനി പരിഹരിക്കാനുള്ളത്. അതേസമയം പുതിയ സാമ്പത്തിക വര്‍ഷത്തില്‍ മെയ് 14 വരെ അഞ്ച് ലക്ഷത്തിലധികം പുതിയ മെഡിക്ലെയ്മുകള്‍ ഫയല്‍ ചെയ്തതായും കണക്കുകള്‍ സൂചിപ്പിക്കുന്നു. 8,385 കോടി രൂപ വാല്യു വരുന്ന മെഡിക്ലെയ്മുകളാണ് ഈ സാമ്പത്തിക വര്‍ഷം ഫയല്‍ ചെയതത്. ഇത് കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിന്റെ 57 ശതമാനമാണ്.

ന്യൂ ഇന്ത്യ അഷ്വറന്‍സ് 2,200 കോടി രൂപയുടെ മെഡിക്ലെയ്മുകള്‍ നല്‍കിയതായി ചെയര്‍മാന്‍ അതുല്‍ സഹായ് പറഞ്ഞു. കഴിഞ്ഞ വര്‍ഷം ഞങ്ങള്‍ക്ക് ക്ലെയിമുകള്‍ ഉണ്ടായിരുന്നിട്ടും, ബാലന്‍സ് ഷീറ്റിനെ സ്വാധീനിക്കുമെന്ന് ആശങ്കപ്പെട്ടിരുന്നില്ല. വര്‍ധിച്ചുവരുന്ന കേസുകള്‍ കൊറോണ കവാച്ച് പോളിസികള്‍ക്ക് നഷ്ടമുണ്ടാക്കുന്നുണ്ടെങ്കിലും പൊതുമേഖലാ ഇന്‍ഷുറന്‍സ് കമ്പനികള്‍ വില പരിഷ്‌കരണത്തിലേക്ക് നോക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

'പ്രീമിയം നിരക്കില്‍ മാറ്റം വരുത്തിയതിന്റെ ഗുണം കഴിഞ്ഞ വര്‍ഷം ആരോഗ്യ ഇന്‍ഷുറന്‍സ് കമ്പനികള്‍ക്ക് ഉണ്ടായിരുന്നു. ആരോഗ്യ ക്ലെയിമുകള്‍ കുറവായതും മിക്ക ചികിത്സകളും സര്‍ക്കാര്‍ സൗകര്യങ്ങളില്‍ നടത്തിയതിനാലും ആദ്യ പകുതിയില്‍ ക്ലെയിമുകള്‍ കുറവായിരുന്നു' ജനറല്‍ ഇന്‍ഷുറന്‍സ് കൗണ്‍സില്‍ സെക്രട്ടറി ജനറല്‍ എം എന്‍ ശര്‍മ്മ പറഞ്ഞു.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com