Begin typing your search above and press return to search.
സി.എസ്.ബി ബാങ്കിന്റെ വായ്പകളിലും നിക്ഷേപങ്ങളിലും ഉയര്‍ച്ച, 'കാസ' സമ്മര്‍ദ്ദം ഓഹരികളെ ഉലച്ചു
തൃശൂര്‍ ആസ്ഥാനമായ സ്വകാര്യ ബാങ്കായ സി.എസ്.ബി ബാങ്ക് നടപ്പു വര്‍ഷം ഒക്ടോബര്‍-ഡിസംബര്‍ പാദത്തിലെ പ്രാഥമിക പ്രവര്‍ത്തന റിപ്പോര്‍ട്ട് പുറത്തുവിട്ടു. ബാങ്കിന്റെ മൊത്തം നിക്ഷേപം മുന്‍ വര്‍ഷത്തെ സമാനപാദത്തിലെ 22,664.02 കോടി രൂപയില്‍ നിന്ന് 20.65 ശതമാനം മുന്നേറി 27,344.83 കോടി രൂപയായെന്ന് സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകള്‍ക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ട് വ്യക്തമാക്കി.
മൊത്തം വായ്പകള്‍ ഇക്കാലയളവില്‍ 18,650.65 കോടി രൂപയില്‍ നിന്ന് 22,863.73 കോടി രൂപയായും ഉയര്‍ന്നു. 22.59 ശതമാനമാണ് ഉയര്‍ച്ച.
ടേം ഡെപ്പോസിറ്റുകള്‍ 27.65 ശതമാനം വളര്‍ച്ചയോടെ 19,835.13 കോടി രൂപയിലെത്തി. കറന്റ് സേവിംഗ്‌സ് നിക്ഷേപങ്ങളിലും വര്‍ധന രേഖപ്പെടുത്തി. 7,125.74 കോടി രൂപയില്‍ നിന്ന് 7,509.70 കോടി രൂപയായാണ് ഉയര്‍ന്നത്. വളര്‍ച്ച 5.39 ശതമാനം.
സ്വര്‍ണ വായ്പകള്‍ മുന്‍വര്‍ഷത്തെ സമാനകാലയളവിലെ 8,772.48 കോടി രൂപയില്‍ നിന്ന് 23.53 ശതമാനം വളര്‍ച്ചയോടെ 10,836.42 കോടി രൂപയായി.
കാസയില്‍ കാലിടറി
ബാങ്കിന്റെ വളര്‍ച്ച സൂചിപ്പിക്കുന്ന കാസാ നിക്ഷേപ അനുപാതം 33.83 ശതമാനത്തില്‍ നിന്ന് 31.79 ശതമാനത്തിലേക്ക് ഇടിഞ്ഞു. ഉപയോക്താക്കള്‍ കാസ നിക്ഷേപങ്ങളില്‍ നിന്ന് ടേം ഡെപ്പോസിറ്റുകളിലേക്ക് ഫണ്ട് മാറ്റിയതാണ് ഇതിന് കാരണം.
ഓഹരിയില്‍ ഇടിവ്
നിക്ഷേപവും വായ്പകളും മികച്ച വളര്‍ച്ച നേടിയെങ്കിലും കാസാ നിക്ഷേപങ്ങളിലെ സമ്മര്‍ദ്ദം ഓഹരിയെ ഇന്ന് ഇടിവിലാക്കി. ഇന്നലെ വ്യാപാരം അവസാനിച്ചതിനുശേഷമാണ് ബാങ്ക് പ്രാഥമിക പ്രവര്‍ത്തനഫലം പുറത്തുവിട്ടത്. ഇന്ന് ഒരുവേള മൂന്ന് ശതമാനം വരെ ഇടിഞ്ഞ ഓഹരി ഉച്ചയ്ക്ക് ശേഷമുള്ള സെഷനില്‍ 2 ശതമാനത്തിലധികം താഴ്ന്ന് 408.30 രൂപയിലാണ് വ്യാപാരം നടത്തുന്നത്.
Next Story
Videos