കോവിഡ് ചികിത്സയ്ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കാന്‍ നിങ്ങള്‍ എന്ത് ചെയ്യണം?

നിങ്ങള്‍ ഇന്‍ഷുറന്‍സ് പോളിസി ഉണ്ടെങ്കില്‍ കോവിഡ് ചികിത്സയ്ക്ക് അത് മതിയോ ?
നിലവില്‍ രാജ്യത്തുള്ള എല്ലാ ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസികള്‍ക്കും കോവിഡ് പരിരക്ഷ കൂടെ ലഭ്യമാക്കിയിട്ടുണ്ട്. എന്നാല്‍ കോവിഡ് ആര്‍ക്കും അതിരൂക്ഷമാകാം എന്നിരിക്കെ കോവിഡ് പോളിസി കൂടെ എടുക്കുന്നതാണ് എപ്പോഴും നല്ലത്. പ്രത്യേകിച്ച് കുറഞ്ഞ തുകയ്ക്കുള്ള പരിരക്ഷയാണ് നിങ്ങളുടെ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് നല്‍കുന്നതെങ്കില്‍ ടോപ് അപ് പോളിസിയോ കോവിഡ് പോളിസിയോ പ്രത്യേകം എടുക്കുന്നത് ഈ സമയത്ത് നല്ലതാണ്.
കോവിഡ് പോളിസികള്‍ വേണോ?
രണ്ട് തരത്തിലുള്ള കോവിഡ് പോളിസികള്‍ ആണ് ഇതിലുള്ളത്. ഇന്റംനിറ്റി പ്ലാനുകളും ബെനഫിറ്റ് പ്ലാനുകളും. ആശുപത്രിയില്‍ പ്രവേശിച്ച് മൂന്നു ദിവസം(72 മണിക്കൂര്‍) പൂര്‍ണമായും ആശുപത്രിയില്‍ ചികിത്സ തേടിയാല്‍ ഇന്‍ഷുര്‍ ചെയ്ത തുക മുഴുവനായും ലഭക്ഷിക്കുന്നതും ദിവസേനയുള്ള ബത്ത ലഭിക്കുന്നതുമാണ് ബെനഫിറ്റ് പ്ലാനുകള്‍. അതേ സമയം സാധാരണ ഹെല്‍ത്ത് പോളിസികള്‍ പോലെ ഇന്‍ഷുര്‍ ചെയിതിരിക്കുന്ന പരമാവധി തുകയില്‍ നിന്നുകൊണ്ട് ബില്‍ തുക മാത്രം ലഭിക്കുന്നതാണ് ഇന്റംനിറ്റി പ്ലാനുകള്‍.
കോവിഡ് പോളിസികള്‍ക്ക് എത്ര രൂപ പ്രീമിയം വരും?
പലതിനും പല പ്രീമിയം തുകകളാണ്. കൊറോണ കവചിന് ഏഴായിരം രൂപയില്‍ താഴെയാണ് പ്രീമിയം നിരക്കുകള്‍. 50000 രൂപ മുതല്‍ അഞ്ച് ലക്ഷം രൂപ വരെ പരിരക്ഷ ലഭിക്കുന്ന വിവിധ പ്ലാനുകള്‍ ലഭ്യമാണ്. 594 രൂപ മുതലാണ് പ്രീമിയം നിരക്കുകള്‍. അഞ്ച് ലക്ഷം രൂപ പരിരക്ഷ ലഭിക്കുന്ന വ്യക്തിഗത കോവിഡ് പ്ലാനിന് 65 വയസ്സുവരെയുള്ളവര്‍ക്ക് 5770 രൂപയോളം നിരക്കാണ് വരുന്നത്. ഇത് തന്നെ 25 വയസ്സുവരെയുള്ളവര്‍ക്ക് വെറും 2448 രൂപ മുടക്കിയാല്‍ ലഭിക്കും. രണ്ട് മുതിര്‍ന്നവര്‍ക്കും രണ്ട് കുട്ടികള്‍ക്കുമായി രണ്ട് ലക്ഷം രൂപയുടെ പരിരക്ഷ ലഭിക്കുന്ന പൊതുമേഖലാ കമ്പനിയുടെ ഒരു കോവിഡ് പോളിസി എടുക്കാന്‍ 6224 ഓളം രൂപ വരും. ഇത് തന്നെ സ്വകാര്യ ഇന്‍ഷുറന്‍സ് കമ്പനികള്‍ 6496 രൂപയ്ക്ക് ലഭ്യമാക്കിയിട്ടുണ്ട്. 35 വയസ്സു വരെ മാത്രം പ്രായമുള്ളവര്‍ക്ക് അഞ്ച് ലക്ഷം രൂപ വരെയുള്ള വ്യക്തിഗത പരിരക്ഷ 3000 രൂപയില്‍ താഴെ ലഭ്യമാകും എന്നതിനാല്‍ ഏറെ പേര്‍ക്ക് ഉപയോഗപ്രദമാണ്.
എത്ര കാലാവധി വരെ പരിരക്ഷ ലഭിക്കുന്നതാണ് ഈ പോളിസികള്‍?
ഒരു മാസം മുതല്‍ ഒമ്പത് മാസം വരെ പരിരക്ഷ ലഭിക്കുന്ന പോളിസികള്‍ ലഭ്യമാണ്.
കാത്തിരിപ്പ് കാലാവധി ഉണ്ടോ?
15 ദിവസമാണ് മിക്ക പോളിസികളുടെയും കാത്തിരിപ്പ് കാലാവധി. നിലവിലെ ഇന്‍ഷുറന്‍സ് തുക ഉയര്‍ന്ന തുകയിലേക്ക് ടോപ് അപ് ചെയ്താല്‍ ഒരു മാസം വരെ കാത്തിരിപ്പ് കാലാവധി ഉണ്ട്. ഇത് നോക്കി പലരും നിലവിലെ പോളിസിക്കൊപ്പം കോവിഡ് പോളിസിയാണ് എടുക്കുന്നത്. ടോപ് അപ് പോളിസി എടുത്താല്‍ മറ്റ് അസുഖങ്ങള്‍ക്കും പരിരക്ഷ ലഭിക്കും എന്നതാണ് ഗുണം.
എല്ലാ ആശുപത്രികളിലും കൊറോണ പോളിസികള്‍ക്ക് കവറേജ് ലഭിക്കുമോ ?
കോവിഡ് ചികിത്സ ലഭ്യമാക്കുന്ന ചികിത്സാ കേന്ദ്രങ്ങളില്‍ കോവിഡ് ചികിത്സ ലഭിക്കും.
വിവരങ്ങള്‍ക്ക് കടപ്പാട്: വിശ്വനാഥന്‍ ഓടാട്ട്, എം ഡി, എയിംസ് ഇന്‍ഷുറന്‍സ് പ്രൈവറ്റ് ലിമിറ്റഡ്, തൃശൂര്‍


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it