ഇന്ത്യന്‍ കുടുംബങ്ങളുടെ സമ്പാദ്യം 50 വര്‍ഷത്തെ ഏറ്റവും കുറഞ്ഞ നിലയിലെന്ന് റിസര്‍വ് ബാങ്ക്

രാജ്യത്ത് കുടുംബങ്ങളുടെ സമ്പാദ്യം 5 പതിറ്റാണ്ടിനിടയിലെ ഏറ്റവും കുറഞ്ഞ നിലയിലെത്തിയെന്ന് റിസര്‍വ് ബാങ്കിന്റെ റിപ്പോര്‍ട്ട്. കൊവിഡാനന്തരമുള്ള വരുമാനക്കുറവാണ് മിക്ക കുടുംബങ്ങള്‍ക്കും തിരിച്ചടിയായത്.

2021-22ല്‍ ജി.ഡി.പിയുടെ 7.2 ശതമാനമായിരുന്ന കുടുംബാധിഷ്ഠിത സമ്പാദ്യം (household savings) 2022-23ല്‍ 5.1 ശതമാനമായാണ് കുറഞ്ഞതെന്ന് റിസര്‍വ് ബാങ്ക് വ്യക്തമാക്കി. കുടുംബങ്ങളുടെ സാമ്പത്തിക ബാദ്ധ്യതകള്‍ 2021-22ലെ 3.8 ശതമാനത്തില്‍ നിന്ന് 5.8 ശതമാനമായി വര്‍ദ്ധിച്ചുവെന്ന ആശങ്കയുടെ കണക്കും റിപ്പോര്‍ട്ടിലുണ്ട്. സ്വതന്ത്ര ഇന്ത്യയിലെ കുടുംബങ്ങള്‍ 2006-07ലെ 6.7 ശതമാനത്തിന് ശേഷം കുറിക്കുന്ന ഏറ്റവും ഉയര്‍ന്ന ബാദ്ധ്യതാ അനുപാതവുമാണിത്.
പാതിയോളം ഇടിവ്
2020-21ല്‍ ഇന്ത്യന്‍ കുടുംബങ്ങളുടെ ആസ്തി 22.8 ലക്ഷം കോടി രൂപയായിരുന്നു. ഇത് 2021-22ല്‍ 16.96 ലക്ഷം കോടി രൂപയിലേക്ക് കുറഞ്ഞു. 2022-23 ആയപ്പോഴേക്കും ഇടിഞ്ഞത് 13.76 ലക്ഷം കോടി രൂപയിലേക്കാണെന്നും റിസര്‍വ് ബാങ്ക് ചൂണ്ടിക്കാട്ടുന്നു.
കുടുംബങ്ങളുടെ സാമ്പത്തിക ബാദ്ധ്യതയില്‍ കടത്തിന്റെ (debt) മാത്രം അനുപാതം 2021-22ലെ 36.9 ശതമാനത്തില്‍ നിന്ന് 37.6 ശതമാനമായി 2022-23ല്‍ ഉയര്‍ന്നു. കുറഞ്ഞ വരുമാനം, ഉയര്‍ന്ന വായ്പാ ബാദ്ധ്യതകള്‍ എന്നിവയാണ് കുടുംബങ്ങള്‍ക്ക് തിരിച്ചടിയായത്.
ഇന്ത്യയുടെ ജി.ഡി.പി വളര്‍ച്ചാ പ്രതീക്ഷകള്‍ക്ക് വിലങ്ങ് തടിയാകുന്നതാണ് റിസര്‍വ് ബാങ്ക് പുറത്തുവിട്ട കണക്കുകളെന്ന് നിരീക്ഷകര്‍ വിലയിരുത്തുന്നു. കാര്‍ഷികോത്പാദനത്തിലെ കുറവ്, ക്രൂഡോയില്‍ വില വര്‍ദ്ധനയും ഇന്ധനവിലക്കുതിപ്പും മൂലമുണ്ടാകുന്ന ബാദ്ധ്യതകളും തിരിച്ചടിയാകുമെന്നും വിലയിരുത്തപ്പെടുന്നു.
Related Articles
Next Story
Videos
Share it