മികച്ച നേട്ടമുണ്ടാക്കിയ ഇക്വിറ്റി മ്യൂച്വല്‍ ഫണ്ടുകള്‍

ഓഹരിയില്‍ നിക്ഷേപിച്ച് നേട്ടമുണ്ടാക്കുന്ന മ്യൂച്വല്‍ ഫണ്ടുകളാണ് ഇക്വിറ്റി മ്യൂച്വല്‍ഫണ്ടുകള്‍. അതുകൊണ്ടു തന്നെ ഓഹരി വിപണിയില്‍ ഉണ്ടാകുന്ന ഉയര്‍ച്ച താഴ്ചകള്‍ മ്യൂച്വല്‍ഫണ്ടുകളേയും ബാധിക്കും. എന്നാല്‍ വിവിധ മേഖലകളിലുള്ള വ്യത്യസ്തങ്ങളായ കമ്പനികളുടെ ഓഹരികളെ മ്യൂച്വല്‍ഫണ്ടുകള്‍ നിക്ഷേപത്തില്‍ ഉള്‍പ്പെടുത്തുന്നതിനാല്‍ നേരിട്ട് വിപണിയില്‍ നിക്ഷേപിക്കുന്നതിന്റെ അത്രയും നഷ്ട സാധ്യത ഇല്ല. വിപണിയില്‍ നിക്ഷേിക്കാനാഗ്രഹിക്കുന്നവര്‍ക്ക് തുടങ്ങാനാകുന്ന ഒരു നിക്ഷേപ മാര്‍ഗമാണ്. ലാര്‍ജ്, മിഡ്, സ്‌മോള്‍ ക്യാപ് വിഭാഗങ്ങളില്‍ കഴിഞ്ഞ ഒരു വര്‍ഷക്കാലത്തും അഞ്ച് വര്‍ഷക്കാലത്തും നേട്ടമുണ്ടാക്കിയ ഫണ്ടുകള്‍ ഏതൊക്കെയാണെന്ന് നോക്കാം.

ലാര്‍ജ് ക്യാപ് ഫണ്ടുകള്‍

ഇക്വിറ്റിയില്‍ തന്നെ വിവിധ വിഭാഗങ്ങളില്‍ നിക്ഷേപിക്കുന്ന ഫണ്ടുകളുണ്ടെങ്കിലും താരതമ്യേന റിസ്‌ക് കുറഞ്ഞ വിഭാഗമാണ് ലാര്‍ജ് ക്യാപ് ഫണ്ടുകള്‍. കഴിഞ്ഞ ഒരു വര്‍ഷക്കാലത്തില്‍ ഏറ്റവും കൂടുതല്‍ നേട്ടം നല്‍കിയ ലാര്‍ജ് ക്യാപ് ഇക്വിറ്റി ഫണ്ടാണ് നിപ്പോണ്‍ ഇന്ത്യ ലാര്‍ജ് ക്യാപ്. 10.50 ശതമാനമാണ് ഫണ്ട് നല്‍കിയ നേട്ടം. 7.68 ശതമാനം നേട്ടം നല്‍കിയ എച്ച്.ഡി.എഫ്.സി ടോപ് 100 ഫണ്ടാണ് നേട്ടത്തില്‍ തൊട്ടു പിന്നില്‍. ഡി.എസ്.പി. ടോപ് 100 ഇക്വിറ്റി, എസ്.ബി.ഐ ബ്ലൂചിപ് ഫണ്ട്, എഡില്‍വെയ്‌സ് ലാര്‍ജ് ക്യാപ് ഫണ്ട് എന്നിവ യഥാക്രമം 6.88 ശതമാനം, 6.40 ശതമാനം, 5.76 ശതമാനം നേട്ടം നല്‍കി.


അഞ്ച് വര്‍ഷക്കാലത്ത് ഏറ്റവും കൂടുതല്‍ വാര്‍ഷിക നേട്ടമുണ്ടാക്കിയത് കാനറ റൊബേകോ ബ്ലൂചിപ്പ് ഇക്വിറ്റി ഫണ്ടാണ്. 12.36 ശതമാനമാണ് നേട്ടം. നിപ്പോണ്‍ ഇന്ത്യ ലാര്‍ജ് ക്യാപ് ഫണ്ട് 11.28 ശതമാനം നേട്ടം നല്‍കിയപ്പോള്‍ ഐസി.ഐസി.ഐ പ്രൂഡന്‍ഷ്യല്‍ ബ്ലൂചിപ് ഫണ്ട് 11.14 ശതാനം നേട്ടമുണ്ടാക്കി. 11.06 ശതമാനം നേട്ടമുണ്ടാക്കിയ എച്ച്.ഡി.എഫ് ടോപ് 100 ഫണ്ട്, 11.03 ശതമാനം നേട്ടമുണ്ടാക്കിയ ബറോഡ ബി.എന്‍.പി പരിബാ ലാര്‍ജ് ക്യാപ് എന്നിവയാണ് അഞ്ചുവര്‍ഷ കാലയളവില്‍ വാര്‍ഷിക നേട്ടമുണ്ടാക്കിയ മറ്റ് ലാര്‍ജ് ക്യാപ് ഇക്വിറ്റി ഫണ്ടുകള്‍.


മിഡ് ക്യാപ് ഫണ്ടുകള്‍

മിഡ് ക്യാപ് ഫണ്ടുകളില്‍ എച്ച്.ഡി.എഫ്.സി മിഡ്-ക്യാപ് ഓപ്പര്‍ച്യൂണിറ്റീസ് ഫണ്ടാണ് ഏറ്റവും നേട്ടമുണ്ടാക്കിയത്. ഒരു വര്‍ഷക്കാലയളവില്‍ 10.83 ശതമാനം റിട്ടേണ്‍ ഫണ്ട് നല്‍കി. 9.26 ശതമാനം നേട്ടത്തോടെ മോട്ടിലാല്‍ ഒസ്വാള്‍ മിഡ് ക്യാപ് 30 രണ്ടാം സ്ഥാനത്താണ്. നിപ്പോണ്‍ ഇന്ത്യ ഗ്രോത്ത്(5.35%), എസ്.ബി.ഐ മാഗ്നം മിഡ്ക്യാപ്(4.94%), ഐ.ടി.ഐ മിഡ് ക്യാപ് ഫണ്ട്(4.92) എന്നിവയാണ് ഒരു വര്‍ഷക്കാലയളവില്‍ നേട്ടമുണ്ടാക്കിയ മറ്റ് മിഡ് ക്യാപ് ഫണ്ടുകള്‍.


അഞ്ചു വര്‍ഷത്തെ വാര്‍ഷിക നേട്ടം നോക്കുകയാണെങ്കില്‍ ക്വാണ്ട് മിഡ് ക്യാപ് ഫണ്ടാണ് ഏറ്റവും മികച്ച പ്രകടനം കാഴ്ചവച്ചത്. 17.85 ശതമാനമാണ് ഫണ്ടിന്റെ നേട്ടം. 15.38 ശതമാനം നേട്ടമുണ്ടാക്കിയ പി.ജി.ഐ.എം ഇന്ത്യ മിഡ് ക്യാപ് ഓപ്പര്‍ച്യൂണിറ്റീസ് ഫണ്ടും 13.99 ശതമാനം നേട്ടമുണ്ടാക്കിയ മോട്ടിലാല്‍ ഒസ്വാള്‍ മിഡ് ക്യാപ് 30 ഫണ്ടുമാണ് തൊട്ടു പിന്നില്‍. നിപ്പോണ്‍ ഇന്ത്യ ഗ്രോത്ത് ഫണ്ട്, ആക്‌സിക് മിഡ് ക്യാപ് എന്നിവ യഥാക്രമം 13.32 ശതമാനം, 13.24 ശതമാനം എന്നിങ്ങനെ നേട്ടമുണ്ടാക്കി.


സ്‌മോള്‍ ക്യാപ് ഫണ്ടുകള്‍

സ്‌മോള്‍ ക്യാപ്പ് മ്യൂച്വല്‍ഫണ്ടുകളിലെ നിക്ഷേപം കൂടുതല്‍ നേട്ടമുണ്ടാക്കുമെങ്കിലും താരതമ്യേന നഷ്ടസാധ്യതയും കൂടുതലാണ്.
ഒരു വര്‍ഷ കാലയളവില്‍ ഏറ്റവും കൂടുതല്‍ നേട്ടമുണ്ടാക്കിയത് ടാറ്റ സ്‌മോള്‍ ക്യാപ് ഫണ്ടാണ്. നേട്ടം 12.27 ശതമാനം. 10.74 ശതമാനം നേട്ടം നല്‍കിയ എച്ച്.ഡി.എഫ്.സി സ്‌മോള്‍ ക്യാപ് ഫണ്ടാണ് രണ്ടാമത്. ഫ്രാങ്കളിന്‍ ഇന്ത്യ സ്‌മോളര്‍ കമ്പനീസ് ഫണ്ട്, നിപ്പോണ്‍ ഇന്ത്യ സ്‌മോള്‍ ക്യാപ് ഫണ്ട്, എച്ച്.എസ്.ബി.സി സ്‌മോള്‍ ക്യാപ് ഫണ്ട് എന്നിവ യഥാക്രമം 9.58 ശതമാനം, 7.32 ശതമാനം, 6.71 ശതമാനം എന്നിങ്ങനെ നേട്ടമുണ്ടാക്കി.

ഈ വിഭാഗത്തില്‍ കഴിഞ്ഞ അഞ്ചു വര്‍ഷക്കാലയളവില്‍ കൂടുതല്‍ നേട്ടമുണ്ടാക്കിയത് ക്വാണ്ട് സ്മാള്‍ ക്യാപ് ഫണ്ടാണ്. 23.13 ശതമാനമാണ് നേട്ടം. 17.42 ശതമാനവുമായി ആക്‌സിസ് സമോള്‍ ക്യാപ് ഫണ്ടും 15.07 ശതമാനം നേട്ടവുമായി നിപ്പോണ്‍ ഇന്ത്യ സ്‌മോള്‍ ക്യാപ് ഫണ്ടുമാണ് തൊട്ടു പിന്നില്‍. ഇക്കാലയളവില്‍ കോട്ടക് സ്‌മോള്‍ ക്യാപ് ഫണ്ട് 14.83 ശതമാനവും എസ്.ബി.ഐ സ്‌മോള്‍ ക്യാപ് ഫണ്ട് 13.63 ശതമാനവും നേട്ടം നല്‍കി.

Source : Morningstar India
Related Articles
Next Story
Videos
Share it