കേരള കമ്പനിയായ ടോളിന്‍സിന്റെ ഉള്‍പ്പെടെ 12 ഐ.പി.ഒകള്‍, അടുത്ത ആഴ്ച പ്രാഥമിക വിപണിയില്‍ ഒഴുകും ₹8,600 കോടി
കഴിഞ്ഞ 14 വര്‍ഷത്തിനിടയില്‍ ഏറ്റവും തിരക്കേറിയ മാസമാണ് പ്രാഥമിക വിപണിയെ സംബന്ധിച്ച് സെപ്റ്റംബര്‍. 15 ഓളം കമ്പനികളാണ് ഈ മാസം പ്രാരംഭ ഓഹരി വില്‍പ്പനയ്ക്ക് (initial public offerings /IPOs) എത്തുന്നത്. ബാസാര്‍ സ്റ്റൈല്‍ റീറ്റെയ്ല്‍, ഗാലാ പ്രിസിഷന്‍ എന്‍ജിനീയറിംഗ്, തിരുപ്പതി ബാലാജി എന്നിവയുടെ ഐ.പി.ഒ ഇതിനകം തന്നെ നടന്നു.
അടുത്ത ആഴ്ച മാത്രം 12 ഐ.പി.ഒകള്‍ക്കാണ് ഓഹരി വിപണി സാക്ഷ്യം വഹിക്കുന്നത്. നാല് വലിയ കമ്പനികളും എട്ട് എസ്.എം.ഇ കമ്പനികളും ചേര്‍ന്ന് വിപണിയില്‍ നിന്ന് 8,600 കോടി രൂപയാണ് വരുന്ന സെപ്റ്റംബർ 9 ന് ആരംഭിക്കുന്ന ആഴ്ചയിൽ സമാഹരിക്കുക.
ഓഗസ്റ്റില്‍ നടന്ന മിക്ക പ്രധാന ഐ.പി.ഒകളും 75 മടങ്ങ് വരെ സബ്‌സ്‌ക്രിപ്ഷന്‍ നേടിയ സാഹചര്യത്തിലാണ് കൂടുതല്‍ കമ്പനികള്‍ ഈ മാസം ഓഹരി വിപണിയിലേക്ക് എത്തുന്നത്. 2024ല്‍ ഇതു വരെ നടന്ന ഐ.പി.ഒകള്‍ക്ക് ലഭിച്ചത് ശരാശരി 66 ശതമാനം സബ്‌സ്‌ക്രിപ്ഷനാണ്.
ബജാജ് ഫിനാന്‍സ്, പി.എന്‍ ഗാഡ്ഗില്‍ ജുവലേഴ്‌സ്, ക്രോസ് ലിമിറ്റഡ്, ടോളിന്‍സ് ടയേഴ്‌സ് എന്നിവയാണ് ഐ.പി.ഒയുമായി മെയിൻ ബോർഡിൽ എത്തുന്നത്. എന്‍.എസ്.ഇ.യിലും ബി.എസ്.ഇയിലും ലിസ്റ്റ് ചെയ്യുന്ന ഓഹരികളാണിത്.
ടോളിന്‍സ്
കേരളം ആസ്ഥാനമായുള്ള ടോളിന്‍സ് ടയേഴ്സ് ലിമിറ്റഡിന്റെ 230 കോടി രൂപയുടെ ഐ.പി.ഒ സെപ്തംബര്‍ 9 മുതല്‍ 11 വരെ നടക്കും. 200 കോടി രൂപയുടെ പുതിയ ഇക്വിറ്റി ഓഹരികളും പ്രമോട്ടര്‍മാരുടെയും നിലവിലുള്ള നിക്ഷേപകരുടെയും 30 കോടി രൂപയുടെ ഇക്വിറ്റി ഓഹരികളുടെ ഓഫര്‍ ഫോര്‍ സെയിലുമാണ് (OFS) ഐ.പി.ഒയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
5 രൂപ മുഖവിലയുള്ള ഓഹരി ഒന്നിന് 215 രൂപ മുതല്‍ 226 രൂപ വരെയാണ് പ്രൈസ് ബാന്‍ഡ് നിശ്ചയിച്ചിരിക്കുന്നത്. കുറഞ്ഞത് 66 ഇക്വിറ്റി ഓഹരികള്‍ക്കും തുടര്‍ന്ന് 66 ന്റെ ഗുണിതങ്ങള്‍ക്കും അപേക്ഷിക്കാം.
ബജാജ് ഹൗസിംഗ് ഫിനാന്‍സ്
ബജാജ് ഹൗസിംഗ് ഫിനാന്‍സ് ലിമിറ്റഡിന്റെ പ്രാഥമിക ഓഹരി വില്‍പനയും സെപ്റ്റംബര്‍ 9 മുതല്‍ 11 വരെയാണ്. 6,560 കോടി രൂപയുടെ ഐ.പി.ഒയില്‍ 3,560 കോടി രൂപയുടെ പുതിയ ഇക്വിറ്റി ഓഹരികളും 3,000 കോടി രൂപയുടെ ഇക്വിറ്റി ഓഹരികളുടെ ഓഫര്‍ ഫോര്‍ സെയിലുമാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.
10 രൂപ മുഖവിലയുള്ള ഓഹരി ഒന്നിന് 66 രൂപ മുതല്‍ 70 രൂപ വരെയാണ് പ്രൈസ് ബാന്‍ഡ് നിശ്ചയിച്ചിരിക്കുന്നത്. കുറഞ്ഞത് 214 ഇക്വിറ്റി ഓഹരികള്‍ക്കും തുടര്‍ന്ന് 214ന്റെ ഗുണിതങ്ങള്‍ക്കും അപേക്ഷിക്കാം.
200 കോടി രൂപയുടെ ഓഹരികള്‍ അര്‍ഹരായ ജീവനക്കാര്‍ക്കും 500 കോടി രൂപയുടെ ഓഹരികള്‍ ബജാജ് ഫിനാന്‍സ് ലിമിറ്റഡ്, ബജാജ് ഫിന്‍സേര്‍വ് ലിമിറ്റഡ് ഓഹരി ഉടമകള്‍ക്കും മാറ്റിവെച്ചിട്ടുണ്ട്.
ക്രോസ്
ക്രോസ് ലിമിറ്റഡിന്റെ ഐ.പി.ഒയും സെപ്തംബര്‍ 09 മുതല്‍ 11 വരെയാണ്. 250 കോടി രൂപയുടെ പുതിയ ഇക്വിറ്റി ഓഹരികളും പ്രമോട്ടര്‍മാരുടെ 250 കോടി രൂപയുടെ ഇക്വിറ്റി ഓഹരികളുടെ ഓഫര്‍ ഫോര്‍ സെയിലുമാണ് ഐ.പി.ഒയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
അഞ്ച് രൂപ മുഖവിലയുള്ള ഓഹരി ഒന്നിന് 228 രൂപ മുതല്‍ 240 രൂപ വരെയാണ് പ്രൈസ് ബാന്‍ഡ് നിശ്ചയിച്ചിരിക്കുന്നത്. കുറഞ്ഞത് 62 ഇക്വിറ്റി ഓഹരികള്‍ക്കും തുടര്‍ന്ന് 62 ന്റെ ഗുണിതങ്ങള്‍ക്കും അപേക്ഷിക്കാം.
പി എന്‍ ഗാഡ്ഗില്‍ ജ്വല്ലേഴ്‌സ്
പി എന്‍ ഗാഡ്ഗില്‍ ജ്വല്ലേഴ്‌സ് ലിമിറ്റഡിന്റെ ഐ.പി.ഒ സെപ്തംബര്‍ 10 മുതല്‍ 12 വരെ നടക്കും. 850 കോടി രൂപയുടെ പുതിയ ഇക്വിറ്റി ഓഹരികളും പ്രമോട്ടര്‍മാരുടെ 250 കോടി രൂപയുടെ ഇക്വിറ്റി ഓഹരികളുടെ ഓഫര്‍ ഫോര്‍ സെയിലുമാണ് ഐ.പി.ഒയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
10 രൂപ മുഖവിലയുള്ള ഓഹരി ഒന്നിന് 456 രൂപ മുതല്‍ 480 രൂപ വരെയാണ് പ്രൈസ് ബാന്‍ഡ് നിശ്ചയിച്ചിരിക്കുന്നത്. കുറഞ്ഞത് 31 ഇക്വിറ്റി ഓഹരികള്‍ക്കും തുര്‍ന്ന് 31ന്റെ ഗുണിതങ്ങള്‍ക്കും അപേക്ഷിക്കാം.
പിന്നാലെ ഇവരും
നിവ ബുപ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് (3,000 കോടി രൂപ), നോര്‍ത്ത് ആര്‍ക്ക് (500 കോടി രൂപ), വെസ്‌റ്റേണ്‍ കാരിയേഴ്‌സ് (500 കോടി രൂപ), അഫ്‌കോണ്‍ ഇന്‍ഫ്ര (7,000 കോടി രൂപ), ആര്‍ക്കേഡ് ഡെവലപ്പേഴ്‌സ് (430 കോടി രൂപ), ഡിഫ്യൂഷന്‍ എന്‍ജിനീയേഴ്‌സ് (150 കോടി രൂപ), ഗരുഡ കണ്‍സ്ട്രക്ഷന്‍സ്, മാന്‍ബ ഫിനാന്‍സ് എന്നിവയും ഐ.പി.ഒയ്ക്ക് തയാറെടുക്കുന്നുണ്ട്.
എസ്.എം.ഇ ഐ.പി.ഒകള്‍
എസ്.എം.ഇ വിഭാഗത്തില്‍ ഗജാനന്ദ് ഇന്റര്‍നാഷണല്‍, ഷെയര്‍ സമാധാന്‍, ശുഭശ്രീ ബയോഫ്യുവല്‍സ് എനര്‍ജി, ആദിത്യ അള്‍ട്രാ സ്റ്റീല്‍ എന്നിവയുടെ ഐ.പി.ഒ സെപ്റ്റംബര്‍ 9 മുതല്‍ 11 വരെയാണ്.
ഇതുകൂടാതെ ട്രാഫിക്‌സോള്‍ ഐ.ടി ടെക്‌നോളജീസ്, എസ്.പി.പി പോളിമര്‍ എന്നിവയുടെ ഐപി.ഒ സെപ്റ്റംബര്‍ 10 മുതല്‍ 13 വരെയും ഇന്നോമേറ്റ് അഡ്വാന്‍സ്ഡ് മെറ്റീരിയല്‍സ്, എക്‌സലന്റ് വയേഴ്‌സ് ആന്‍ഡ് പാക്കേജിംഗ് എന്നിവയുടേത് 11 മുതല്‍ 13 വരെയും നടക്കും. 12 കോടി മുതല്‍ 45 കോടി രൂപ വരെയാണ് എസ്.എം.ഇ വിഭാഗത്തിലുള്ള കമ്പനികള്‍ സമാഹരിക്കാന്‍ ലക്ഷ്യമിടുന്നത്.