ഇക്വിറ്റി മ്യൂച്വല്‍ ഫണ്ട് നിക്ഷേപങ്ങളില്‍ 25% വര്‍ധന, ഓഹരികള്‍ മികച്ച നിക്ഷേപമോ?
ഇന്ത്യന്‍ ഓഹരി വിപണിയുടെ പ്രധാനപെട്ട സൂചികകളായ നിഫ്റ്റിയും ബി.എസ്.ഇ സെന്‍സെക്സും മുന്നേറിയപ്പോള്‍ ഇക്വിറ്റി മ്യൂച്ചല്‍ ഫണ്ടുകളിലേക്കും ഒഴുക്ക് വര്‍ധിച്ചു. കഴിഞ്ഞ ഒരു വര്‍ഷത്തില്‍ നിഫ്റ്റി 25.33 ശതമാനം വര്‍ധിച്ച് 22,427.45 വരെ ഉയര്‍ന്നപ്പോള്‍, ബി.എസ്.ഇ ഓഹരി സൂചിക 21.8 ശതമാനം വര്‍ധിച്ച് 74,244.99 വരെ ഉയര്‍ന്നു. ഇക്വിറ്റി മ്യൂച്വല്‍ ഫണ്ട് നിക്ഷേപങ്ങള്‍ 25 ശതമാനം വര്‍ധിച്ച് 1.86 ലക്ഷം കോടി രൂപയായി.
ഹൈബ്രിഡ് സ്‌കീമുകളിലേക്കുള്ള നിക്ഷേപം 1.47 ലക്ഷം കോടി രൂപയായി വര്‍ധിച്ചു, ഡെറ്റ് ഫണ്ടുകളിലേക്ക് 21,073 കോടി രൂപയുടെ പണമൊഴുക്കാണ് ഉണ്ടായത് (net outflow). 2022-23ല്‍ 16,790 കോടി രൂപയായിരുന്നു ഇതിലേക്ക് എത്തിയത്.
♦ ഏറ്റവും പുതിയ ധനംഓണ്‍ലൈന്‍ വാര്‍ത്തകളും അപ്‌ഡേറ്റുകളും ലഭിക്കാൻ അംഗമാകൂ: വാട്‌സാപ്പ്, ടെലഗ്രാം
മൊത്തം ഇക്വിറ്റി ഫണ്ട് നിക്ഷേപങ്ങളില്‍ 34 ശതമാനം (62,805 കോടി രൂപ) സ്‌മോള്‍ക്യാപ്, മിഡ്ക്യാപ് ഫണ്ടുകളിലേക്കാണ് പോയത്. എന്നാല്‍ സെബി സ്‌മോള്‍ക്യാപ്, മിഡ്ക്യാപ് നിക്ഷേപങ്ങളില്‍ നിയന്ത്രണങ്ങൾ ഏര്‍പ്പെടുത്തണമെന്ന് നിര്‍ദേശിച്ചതോടെ നിലവില്‍ ഈ വിഭാഗത്തില്‍ നിക്ഷേപങ്ങള്‍ കുറഞ്ഞിട്ടുണ്ട്.
എസ്.ഐ.പി
മാസം തോറും നിശ്ചിത തുക മ്യൂച്വല്‍ ഫണ്ടുകളില്‍ നിക്ഷേപിക്കുന്നത് നീണ്ട കാലയളവില്‍ മെച്ചപ്പെട്ട ആദായം ലഭിക്കാന്‍ സഹായിച്ചേക്കും. കഴിഞ്ഞ അഞ്ചു വര്‍ഷങ്ങളില്‍ ചില ഫോക്കസ്ഡ് ഇക്വിറ്റി ഫണ്ടുകള്‍ക്ക് 17 ശതമാനത്തില്‍ അധികം നേട്ടം നല്‍കാന്‍ സാധിച്ചിട്ടുണ്ട്. ക്വന്‍ഡ് ഫോക്കസ്ഡ് ഫണ്ട് (22.06%), 360 വണ്‍ ഫോക്കസ്ഡ് ഇക്വിറ്റി ഫണ്ട് (21.66%), ഐ.സി.ഐ.സി.ഐ പ്രുഡന്‍ഷ്യല്‍ ഫോക്കസ്ഡ് ഇക്വിറ്റി ഫണ്ട് (19.59%), എച്ച്.ഡി.എഫ്.സി ഫോക്കസ്ഡ് 30 ഫണ്ട് (19.14%), ഫ്രാങ്ക്ളിന്‍ ഇന്ത്യ ഫോക്കസ്ഡ് ഇക്വിറ്റി ഫണ്ട് (18.36%), സുന്ദരം ഫോക്കസ്ഡ് ഫണ്ട് (17.89%) എന്നിവയാണ് മികച്ച ആദായം നല്‍കിയ ചില ഫണ്ടുകള്‍.
റിസ്‌ക് തിരഞ്ഞെടുക്കാം
അമിതമായ റിസ്‌ക് ഒഴിവാക്കാന്‍ 66 ശതമാനം വരെ ഓഹരികളിലും ബാക്കി കടപ്പത്രങ്ങളിലും സുരക്ഷിത നിക്ഷേപങ്ങളിലും പണം വിനിയോഗിക്കുന്ന ഫണ്ടുകള്‍ തിരഞ്ഞെടുക്കാം. ഓഹരി നിക്ഷേപങ്ങള്‍ കൂടുതല്‍ സ്മാള്‍ക്യാപ്, മിഡ്ക്യാപ് ഓഹരികളില്‍ അല്ലെന്ന് ഉറപ്പാക്കണം. ഫണ്ട് മാനേജരുടെ മികവും മുന്‍ വര്‍ഷങ്ങളിലെ പ്രവര്‍ത്തന ഫലവും വിലയിരുത്താം. എന്നാല്‍ എല്ലാ ഉയര്‍ന്ന റിസ്‌കുള്ള നിക്ഷേപങ്ങളും പോലെ മ്യൂച്വല്‍ ഫണ്ടുകളുടെ മുന്‍കാല പ്രകടനം ഭാവിയില്‍ ലഭിക്കാവുന്ന നേട്ടത്തിന്റെ സൂചകമല്ല.
(ഓഹരി നിക്ഷേപം വിപണിയിലെ റിസ്‌കുകള്‍ക്ക് വിധേയമാണ്. നിക്ഷേപ തീരുമാനങ്ങള്‍ എടുക്കുന്നതിന് മുമ്പ് സ്വയം പഠനങ്ങള്‍ നടത്തുകയോ ഒരു വിദഗ്ധന്റെ സേവനം തേടുകയോ ചെയ്യുക)