Begin typing your search above and press return to search.
ക്രിപ്‌റ്റോ ബില്‍ അണിയറയില്‍ ഒരുങ്ങുമ്പോള്‍ ഒരു ക്രിപ്‌റ്റോ എക്‌സ്‌ചേഞ്ച് കൂടി ഇന്ത്യയിലേക്ക്
സിംഗപ്പൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രമുഖ ക്രിപ്‌റ്റോ എക്‌സ്‌ചേഞ്ച് കോയിന്‍സ്‌റ്റോര്‍ ഇന്ത്യയില്‍ പ്രവര്‍ത്തനം ആരംഭിച്ചു. കോയിന്‍സ്‌റ്റോറിന്റെ വെബ്‌സൈറ്റും മൊബൈല്‍ ആപ്ലിക്കേഷനുമാണ് രാജ്യത്ത് അവതരിപ്പിച്ചത്. പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി ബംഗളൂരു, മുംബൈ, ന്യൂഡല്‍ഹി എന്നിവിടങ്ങളില്‍ കോയിന്‍സ്‌റ്റോര്‍ ഓഫീസ് തുറക്കും.
തങ്ങളുടെ നാലില്‍ ഒന്ന് ഉപഭോക്താക്കളും ഇന്ത്യയില്‍ നിന്നാണെന്നും അതിനാലാണ് പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നതെന്നും കോയിന്‍സ്‌റ്റോര്‍ മാര്‍ക്കറ്റിംഗ് തലവന്‍ ചാള്‍സ് ടാന്‍ അറിയിച്ചു. രാജ്യത്ത് വരാന്‍ പോകുന്ന ക്രിപ്‌റ്റോ നിയന്ത്രണങ്ങളില്‍ ആശങ്ക ഇല്ല. ആരോഗ്യകരമായ നിയന്ത്രണങ്ങള്‍ സര്‍ക്കാര്‍ കൊണ്ടുവരുമെന്നാണ് പ്രതീക്ഷയെന്നും ചാള്‍സ് ടാന്‍ പറഞ്ഞു. കോയിന്‍സ്‌റ്റോര്‍ ഉള്‍പ്പടെ പതിനാറില്‍ അധികം ക്രിപ്‌റ്റോ എക്‌സ്‌ചേഞ്ചുകള്‍ നിലവില്‍ ഇന്ത്യയില്‍ നിന്ന് ഉപയോഗിക്കാം.
ഇന്ന് ആരംഭിക്കുന്ന പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തില്‍ കേന്ദ്രം ക്രിപ്‌റ്റോ ബില്‍ അവതരിപ്പിക്കും. സ്വകാര്യ ക്രിപ്‌റ്റോ കറന്‍സികളെ രാജ്യത്ത് നിരോധിച്ചേക്കും എന്നാണ് വിവരം. ക്രിപ്‌റ്റോ കറന്‍സികളെ ആസ്ഥികളായി അംഗീകരിച്ച് നികുതി ഏര്‍പ്പെടുത്താനുള്ള നീക്കത്തിലാണ് കേന്ദ്രം. ക്രിപ്‌റ്റോ ഇടപാടുകള്‍ നിരീക്ഷിക്കാനും നിയന്ത്രിക്കാനുമുള്ള നിയമങ്ങളും ബില്ലില്‍ ഉണ്ടാകും. ആര്‍ബിഐ അവതരിപ്പിക്കുന്ന ഡിജിറ്റല്‍ കറന്‍സിയെക്കുറിച്ചും ബില്‍ അവതരിപ്പിക്കുന്നതോടെ വ്യക്തത വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Next Story
Videos